- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിന്ധു സൂര്യകുമാറിന് ഹാജരാകാൻ സമൻസ്; നോട്ടീസ് അയച്ചത് വാട്സ് ആപ്പ് വഴി; വിഷയം അടിയന്തര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചു പ്രതിപക്ഷം; ലഹരി മാഫിയക്കെതിരായ വാർത്തയിൽ എസ്.എഫ്.ഐ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ് നോട്ടീസ് നൽകി പൊലീസ്. വാട്‌സ്ആപ്പ് വഴിയാണ് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം ഏഷ്യാനെറ്റ് കൊച്ചി റീജിനൽ ഓഫിസിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ഏഷ്യാനെറ്റ് കൊച്ചി ഓഫിസിൽ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥാണ് നേട്ടീസ് നൽകിയത്. ലഹരി മാഫിയക്കെതിരായ വാർത്തയിൽ എസ്.എഫ്.ഐ പ്രവർത്തകർ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ലഹരി മാഫിയക്കെതിരായ വാർത്ത എങ്ങനെ സംസ്ഥാന സർക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെൻസർഷിപ്പ് ചുമതല ആരാണ് നൽകിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചി ഓഫിസിൽ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
ലഹരി മാഫിയക്കെതിരായ വാർത്ത സർക്കാരിനെതിരായ ഗൂഢാലോചന ആകുന്നതെങ്ങനെയാണ്. ഏഷ്യാനെറ്റ് ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.ഇത്ബി .ബി.സി റെയ്ഡിന് സമാനമാണ്'. മോദി ഭരണകൂടവും പിണറായി ഭരണകൂടവും തമ്മിൽ വ്യത്യാസമെന്താണെന്നും അദ്ദേഹം ചോദിച്ചു. ആശുപത്രിയിൽ കഴിയുന്ന സിന്ധു സൂര്യകുമാറിന് നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് വാട്സ് ആപ്പിലാണ് പൊലീസ് നോട്ടീസ് നൽകിയത്. എസ്.എഫ്.ഐ ഭരണ പാർട്ടിക്ക് ഗുണ്ടാ പണി ചെയ്യുന്നു. ഇതേ ഗുണ്ടാപടയല്ലേ രാഹുൽ ഗാന്ധിയുടെ ഓഫീസ് കയറി ആക്രമിച്ചത്? എസ്എഫ്ഐ ഗുണ്ടായിസം കാണിച്ചാൽ ഗുണ്ടായിസം എന്ന് പറയും. ഏഷ്യാനെറ്റ് ന്യൂസിലുള്ള ആക്രമണം ഇവിടുത്തെ മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും' വിഷ്ണുനാഥ് പറഞ്ഞു.
'അതിക്രമം കാണിച്ച ശേഷം ബുദ്ധി ജീവികൾ പുരപ്പുറത്ത് കയറി സപ്താഹ യജ്ഞം നടത്തുന്നു. പിണറായി വിജയൻ ഈ സ്ഥാപനത്തിന്റെ ഐശ്വര്യമെന്ന് മാധ്യമ സ്ഥാപനങ്ങളിൽ ബോർഡ് വെക്കണോ. മാധ്യമ സ്ഥാപനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്'. പിണറായി സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസിൽ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. പി.വി അൻവറിന്റെ പരാതിയിൽ അന്വേഷണം നടക്കുകയാണ്. വെള്ളയിൽ പൊലീസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും രംഗത്തുവന്നു. ബിബിസി റെയ്ഡ് ചെയതപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഇല്ലെന്ന് സർദേശായ് ചോദിച്ചു. അധികാരം ദുരുപയോഗിച്ച് മാധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും സർദേശായ് ട്വീറ്റ് ചെയ്തു.
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയ്ക്ക് പിന്നിൽ ഉന്നതതല രാഷ്ട്രീയ സമ്മർദ്ദവും ശക്തമായിരുന്നു. ആഭ്യന്തരവകുപ്പിലെ ഉന്നതരിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു കോഴിക്കോട് സിറ്റി പൊലീസ് ചട്ടപ്രകാരമുള്ള നടപടികൾ മറികടന്ന് ഏഷ്യാനെറ്റ്ന്യൂസ് ഓഫീസിൽ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെത്തി കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണം എന്നതടക്കമുള്ള നിർദ്ദേശമാണ് കോഴിക്കോട്ടെ പൊലീസിന് ഇക്കാര്യത്തിൽ ലഭിച്ചത്. എന്നാൽ ഉന്നതതല നിർദ്ദേശം അതേപടി അനുസരിക്കാൻ കോഴിക്കോട് സിറ്റി പൊലീസിലെ ഉദ്യോഗസ്ഥർ തയ്യാറാകാതെ ഇരുന്നതോടെയാണ് കമ്പ്യൂട്ടർ പിടിച്ചെടുക്കാനുള്ള നീക്കം ഒഴിവായത്.
കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള ഒരു മിന്നൽ പരിശോധനയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിൽ നടന്നത്. പിവി അൻവർ എംഎൽഎ നൽകിയ പരാതി ഡിജിപിക്ക് കിട്ടുകയും ആ പരാതി കോഴിക്കോട് വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂർ തികയും മുൻപാണ് ഏഷ്യാനെറ്റ് ഓഫീസിൽ പൊലീസ് എത്തുന്നത്. സാധാരണ ഗതിയിൽ ഒരു സ്ഥലത്ത് നിയമലംഘനം നടന്നങ്കിൽ ആർക്കും പരാതി നൽകാം. എന്നാൽ ഇങ്ങനെ ഒരു പരാതിയിൽ എഫ്ഐആർ ഇട്ടാൽ ഇക്കാര്യത്തിൽ പൊലീസ് സ്വീകരിക്കേണ്ട ചില നടപടികളുണ്ട്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക എന്നതാണ് ഇതിൽ ആദ്യപടി. ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത ലഹരി വിരുദ്ധ ക്യാംപെയ്നുമായോ ഇതിൽ പരാമർശിക്കപ്പെട്ട കേസുമായോ നേരിട്ട് ബന്ധമുള്ളയാളല്ല പിവി അൻവർ എംഎൽഎ.
ഇങ്ങനെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തയാൾ നൽകിയ സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തേണ്ടതെങ്കിലും ഇവിടെ അതുണ്ടായിട്ടില്ല. പരാതിക്കാരന്റെ മൊഴിയെടുത്ത് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അടുത്ത നടപടികളിലേക്ക് പൊലീസ് സാധാരണ നീങ്ങുക. എന്നാൽ അൻവറിന്റെ മൊഴി പോലും എടുക്കാതെ രേഖാമൂലം കിട്ടിയ പരാതിയിൽ എഫ്ഐആർ ഇട്ട് സെർച്ച് വാറന്റ് പോലും ഇല്ലാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പൊലീസ് എത്തിയത്.
ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ കോഴിക്കോട് കമ്മീഷണർ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പൊലീസ് ഓഫീസ് പരിശോധിക്കാനെത്തിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പോക്സോ കേസാണ് അൻവർ ആരോപിക്കുന്നതെങ്കിലും കേസിൽ ഇരയായ കുട്ടിക്കോ അവരുടെ കുടുംബത്തിനോ പരാതിയില്ലെന്നും അവർ വാർത്തയോടൊപ്പമാണ് നിൽക്കുന്നത് എന്നും ചർച്ചകളിൽ സിറ്റി പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരനായ പിവി അൻവറിന്റെ മൊഴി എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധന പോലും നടത്തിയിട്ടില്ലെന്നുള്ള കാര്യവും ഉദ്യോഗസ്ഥർ കമ്മീഷണറെ അറിയിച്ചു. പ്രാഥമിക നടപടി പോലും സ്വീകരിക്കാതെ എങ്ങനെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഓഫീസിൽ കയറി പരിശോധിക്കുമെന്നും കോഴിക്കോട്ടെ പൊലീസ് ഉദ്യോഗസ്ഥർ തലപ്പത്തുള്ളവരോട് ചോദിച്ചു.
എന്നാൽ എത്രയും വേഗം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് പരിശോധിക്കണമെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായത്. ഓഫീസിൽ നിന്നും കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണമെന്നും തലപ്പത്ത് നിന്നും ആവശ്യമുയർന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിൽ പരിശോധന നടത്താൻ കമ്മീഷണർ കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതും ഞായറാഴ്ച രാവിലെ പത്തേ മുക്കാലോടെ പൊലീസ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് എത്തുന്നതും. ഓഫീസിലെ മാധ്യമപ്രവർത്തകരിൽ നിന്നും ജീവനക്കാരിൽ നിന്നും പ്രാഥമിക വിവരശേഖരണം നടത്തിയ പൊലീസുകാർ പക്ഷേ കമ്പ്യൂട്ടർ പിടിച്ചെടുക്കണം എന്ന ഉന്നത നിർദ്ദേശം അവഗണിച്ചു. നാല് മണിക്കൂറോളം ഓഫീസിൽ ചെലവിട്ട ശേഷം മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തി മൊഴിയെടുക്കും എന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ