തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.കെ രമ എംഎൽഎ. എന്നാൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം സർക്കാർ തലത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.

സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് സ്പീക്കർ അറിയിച്ചു.ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കിയത്.

ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നടന്നിട്ടില്ല എന്ന് സ്പീക്കർ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് നൽകിയ കത്ത് തങ്ങളുടെ കൈയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലെ വാക് തർക്കത്തിന1ടുവിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി..ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ല, മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

തുടർന്ന് പ്രതിപക്ഷ ബഹളം ആരംഭിച്ചു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടത്തുളത്തിലിറങ്ങുകയും സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന വിധത്തിൽ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.