- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയിലും ബലിയാടാക്കിയത് ഉദ്യോഗസ്ഥരെ
തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സബ്മിഷൻ പരിഗണിക്കുമ്പോൾ മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് വേണ്ടി എംബി രാജേഷ് മറുപടി പറഞ്ഞു. പ്രക്ഷുബ്ദമായ രംഗങ്ങൾക്കും സഭ സാക്ഷ്യം വഹിച്ചു. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നാല് പേർക്ക് ശിക്ഷായിളവ് നൽകാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിപ്പട്ടികയിലുള്ള മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി മനോജിന്റെ ശിക്ഷാ ഇളവിനും ശുപാർശ നടന്നുവെന്നാണ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചത്. വിവാദത്തിന് ശേഷവും ഇളവിനുള്ള പൊലീസ് നീക്കും ഉണ്ടായെന്നും മനോജിന് ശിക്ഷാഇളവ് നൽകുന്നതിന്റെ ഭാഗമായി പൊലീസ് ഇന്നലെ കെ കെ രമയുടെ അഭിപ്രായം തേടിയെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധരണയുണ്ടാക്കുന്നുവെന്ന് എം ബി രാജേഷ് പറഞ്ഞു.
ടിപി കേസിലെ പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് നൽകില്ലെന്ന് സർക്കാരിന്റെ ഉറപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം വരെ പ്രതികൾക്ക് ശിക്ഷാഇളവിന് സർക്കാർ ശ്രമിച്ചെന്ന് വി ഡി സതീശൻ ആരോപിച്ചു. കൊളവല്ലൂർ പൊലീസ് ഇന്നലെ വൈകീട്ട് പൊലീസ് കെ കെ രമയുടെ മൊഴിയെടുക്കാൻ വിളിച്ചു. മനോജിന് ശിക്ഷാഇളവ് നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു കെ കെ രമയുടെ അഭിപ്രായം തേടിയത്. സർക്കാരിന് നാണമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചോദിച്ചു.
അതേസമയം, പുതുക്കിയ ശിക്ഷാ ഇളവ് പട്ടിക സർക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി എംബി രാജേഷ് മറുപടി പറഞ്ഞു. പട്ടിക ലഭ്യമാക്കിയത് ജയിൽ മേധാവിക്കാണ്. അനർഹർ പട്ടികയിൽ ഉൾപ്പെട്ടതിനാൽ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സർക്കാർ ഇടപെട്ടുവെന്നും എം ബി രാജേഷ് പറഞ്ഞു. സബ്മിഷൻ നോട്ടീസിൽ പറയാത്ത കാര്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെന്നും സബ്മിഷനെ അടിയന്തര പ്രമേയമാക്കിയെന്നും മന്ത്രി വിമർശിച്ചു.
പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി എം ബി രാജേഷിന്റെ മറുപടി
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ ഇളവ് / അകാല വിടുതൽ നൽകുന്നത് സംബന്ധിച്ച് 25.11.2022ലെ സർക്കാർ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിൽ ലഭ്യമാക്കിയിരുന്നു.
പട്ടികയിൽ അനർഹർ ഉൾപ്പെട്ടതായി കണ്ടതിനാൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമർപ്പിക്കുവാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി 03.06.2024ന് ജയിൽ വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ബഹു. കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അർഹതയില്ല. ടിപി കേസിലെ ശിക്ഷാതടവുകാർക്ക് 20 വർഷം തടവ് പൂർത്തിയാക്കും മുമ്പ് ഇളവ് അനുവദിക്കരുതെന്ന ബഹു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
ഈ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, പൊലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ സൂപ്രണ്ടിന്റെ വിശദീകരണം ജയിൽ മേധാവി തേടുകയും ചെയ്തിരുന്നു. പ്രസ്തുത കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സർക്കാരിൽ നൽകുമെന്ന് വ്യക്തമാക്കി 22.06.2024 ന് ജയിൽ മേധാവി പത്രക്കുറിപ്പും നൽകിയിരുന്നു.
ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങൾ ആരാഞ്ഞ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ കത്തും ഇക്കാര്യത്തിൽ ജയിൽ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണവും മാധ്യമങ്ങൾക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിശോധിക്കുന്നതാണ്.
തെറ്റായ പട്ടിക തയ്യാറാക്കി പൊലീസ് റിപ്പോർട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ശ്രീ. ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശ്രീ. ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ശിക്ഷാ ഇളവ് നൽകുന്നതിന് 2022 ലെ മാനദണ്ഡങ്ങൾ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സർക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തിൽ കേസിലെ ശിക്ഷാതടവുകാർക്ക് ശിക്ഷാ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ഇത് സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.