മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചർച്ച ചെയ്യാനല്ല പ്രതിപക്ഷം നിയമസഭയിൽ വരുന്നത്; അവകാശങ്ങൾ വിട്ടുകൊടുത്തുള്ള ഒരു കീഴടങ്ങലിനുമില്ല; പൊലീസിനെ വിട്ട് രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ മോദിയുടെ അതേ പാതയിലാണ് പിണറായിയും; എംഎൽഎമാർക്കെതിരെ കള്ളക്കേസെടുത്തു: വി ഡി സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചർച്ച ചെയ്യാനല്ല പ്രതിപക്ഷം നിയമസഭയിൽ വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവകാശങ്ങൾ വിട്ടുകൊടുത്തുള്ള ഒരു കീഴടങ്ങലിനുമില്ല. പൊലീസിനെ വിട്ട് രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ മോദിയുടെ അതേ പാതയിലാണ് പിണറായിയും എംഎൽഎമാർക്കെതിരെ കള്ളക്കേസെടുതെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയാറൂമിൽ നടത്തിയ വാർത്താസമ്മേളനംത്തിലായിരുന്നു സതീശന്റെ ആരോപണം.
സതീശന്റെ വാക്കുകൾ ഇങ്ങനെ:
പ്രതിപക്ഷവുമായി ചർച്ചയ്ക്ക് പോലും തയാറല്ലെന്ന് സർക്കാർ നിലപാടെടുത്ത സാഹചര്യത്തിൽ നിയമസഭാ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളിൽ ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കാമെന്നാണ് സർക്കാർ വെള്ളിയാഴ്ച അറിയിച്ചിരുന്നത്. ഇന്ന് സ്പീക്കർ റൂളിങ് നൽകിയെങ്കിലും അവ്യക്തത നിലനിൽക്കുകയാണ്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട റൂൾ 50 കഴിഞ്ഞ കാലഘട്ടങ്ങളിൽ എങ്ങനെയായിരുന്നോ അതുപോലെ നിലനിർത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ പഴയതു പോലെ അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന നിലപാടാണ് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. കീഴ് വഴക്കങ്ങളും ചട്ടങ്ങളും അനുസരിച്ച് പഴയത് പോലെ അടിയന്തര പ്രമേയം പുനഃസ്ഥാപിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഒരു കാരണവും ഇല്ലാതെ കൃത്യമായ റൂൾ പോലും ഉദ്ധരിക്കാതെ പ്രധാനപ്പെട്ട നാല് അടിയന്തര പ്രമേയ നോട്ടീസുകളാണ് തള്ളിക്കളഞ്ഞത്. ഒരു പ്രകോപനവുമില്ലാതെ വാച്ച് ആൻഡ് വാർഡും ഭരണകക്ഷി എംഎൽഎമാരും ഉണ്ടാക്കിയ പ്രശ്നത്തിന്റെ പേരിൽ വാദി പ്രതിയാക്കപ്പെട്ട സാഹചര്യവും നിലനിൽക്കുകയാണ്. രണ്ട് വനിതാ എംഎൽഎമാർ ഉൾപ്പെടെ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പത്ത് വർഷത്തെ തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കള്ളക്കേസെടുത്തു. പ്രതി ചേർക്കേണ്ടവർക്കെതിരെ ജാമ്യം കിട്ടുന്ന നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതൊക്കെ ആരെ പേടിപ്പിക്കാനാണ്? സഭാ ടി.വിയിൽ പ്രതിപക്ഷ പ്രതിഷേധം കൂടി കാണിക്കുമെന്ന സ്പീക്കറുടെ റൂളിങിനെ സ്വാഗതം ചെയ്യുന്നു. ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അനുചിതമായിപ്പോയെന്ന് സ്പീക്കർ പറഞ്ഞതിനെയും സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ തയാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനും കള്ളക്കേസ് അംഗീകരിക്കാനും കഴിയാത്തതുകൊണ്ടാണ് സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാട് പ്രതിപക്ഷം നിയമസഭയിൽ സ്വീകരിച്ചത്.
ചേങ്കോട്ടുകോണത്ത് വിദ്യാർത്ഥിനി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ത്രീസുരക്ഷ ചർച്ച ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടീസായി നൽകിയത്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞ് അർധബോധാവസ്ഥയിൽ കിടക്കുന്ന സ്ത്രീയെ ജീവനക്കാരൻ അപമാനിച്ചുവെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. വഞ്ചിയൂരിൽ അമ്മ ആക്രമിക്കപ്പെട്ട വിവരം മകൾ അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല. പിണറായിയുടെ മൂക്കിന് താഴെയുള്ള പൊലീസ് സ്റ്റേഷനിലാണ് ഇത് നടന്നത്. ലോ കോളജിൽ പ്രിൻസിപ്പലിനെയും 16 സ്ത്രീകൾ ഉൾപ്പെടെയുള്ള 21 അദ്ധ്യാപകരെയും പത്ത് മണിക്കൂറോളം മുറിയിൽ ഇരുട്ടത്ത് പൂട്ടിയിട്ട എസ്.എഫ്.ഐ ക്രിമിനലുകൾക്കെതിരെ എന്ത് കേസാണെടുത്തത്?
വാദികളായ എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസെടുത്ത പൊലീസ് അദ്ധ്യാപികയുടെ കൈപിടിച്ച് തിരിക്കുകയും അദ്ധ്യാപകരെ പൂട്ടിയിടുകയും ചെയ്ത ക്രിമിനലുകൾക്കെതിരെ നിസാരമായ കേസ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തികേടും നടക്കുമെന്ന അവസ്ഥയാണ്. സ്ത്രീസുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ് ഈ മൂന്ന് സംഭവങ്ങളും. പക്ഷെ ഇതൊന്നും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് സൗകര്യമില്ല. മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചർച്ച ചെയ്യാനല്ല ഞങ്ങൾ നിയമസഭയിൽ വരുന്നത്. ആ രീതിയുമായി യോജിച്ച് പോകാനാകില്ല. പൊലീസിനെ വിട്ട് രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ നരേന്ദ്ര മോദിയുടെ അതേ പാതയിലൂടെയാണ് പിണറായി വിജയനും പോകുന്നത്. അതുകൊണ്ടാണ് കള്ളക്കേസടുത്ത് എംഎൽഎമാരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്.
കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് സ്പീക്കറുടെ ഓഫീസിൽ നിന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഓഫീസിൽ അറിയിക്കുക മാത്രമാണുണ്ടായത്. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാതെ കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. സ്പീക്കറുടെ റൂളിങിന് വിരുദ്ധമായ നിലപാടാണ് സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. സർക്കാരിന് അപ്രിയമായ വിഷയങ്ങൾ അടിയന്തര പ്രമേയമായി തരില്ലെന്നത് അംഗീകരിക്കാനാകില്ല. സ്പീക്കറോ മുഖ്യമന്ത്രിയോ അനുരഞ്ജന ചർച്ചയ്ക്ക് വിളിച്ചാൽ പോകുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്നം തീർക്കാൻ ഒരു ശ്രമവും ഉണ്ടായില്ല.
ഏഴ് പേർക്കെതിരെ കള്ളക്കേസ് എടുത്ത സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാനാകില്ല. എംഎൽഎമാർക്കെതിരെ കള്ളക്കേസെടുക്കാൻ ഇത് വെള്ളരിക്കാപ്പട്ടണമാണോ? കൺമുന്നിൽ നടന്ന സംഭവത്തിലാണ് കലാപത്തിന് കള്ളക്കേസെടുത്തത്. അങ്ങനെയാണെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും? അദ്ധ്യാപികമാർ ഉൾപ്പെടെയുള്ളവരെ പത്ത് മണിക്കൂർ പൂട്ടിയിട്ടിട്ട് ജാമ്യമുള്ള കേസെടുക്കുന്ന നീതിനിർവഹണമാണ് കേരളത്തിൽ നടക്കുന്നത്.
ഡെപ്യൂട്ടി ചീഫ് മാർഷൽ അഭിനയിച്ച് വീഴുകയായിരുന്നു. അയാളുടെ ദേഹത്ത് ഒരാൾ പോലും കൈവച്ചിട്ടില്ല. വനിതാ വാച്ച് ആൻഡ് വാർഡിനോട് എംഎൽഎമാർ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ദേശാഭിമാനിയിൽ എഴുതിവച്ചില്ലേ? എന്ത് വൃത്തികേടും കൈരളി ടി.വിയിലും ദേശാഭിമാനിയിലും എഴുതി വയ്ക്കും.
മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വിധേയമായല്ല പ്രവർത്തിക്കുന്നതെന്ന് സ്പീക്കർ റൂളിങിൽ പറഞ്ഞെങ്കിലും സർവകക്ഷി യോഗത്തിൽ അടിയന്തര പ്രമേയ വിഷയം പരിശോധിച്ച് വേണമെങ്കിൽ അനുവദിക്കുമെന്ന് പറഞ്ഞത് സ്പീക്കറല്ല മുഖ്യമന്ത്രിയാണ്. വർഷങ്ങളായി തുടരുന്ന രീതി തന്നെ അടിയന്തര പ്രമേയ നോട്ടീസിൽ തുടരുമെന്ന് അറിയിച്ചാൽ പ്രശ്നം അവസാനിക്കും. എന്നാൽ ഭരണ, പ്രതിപക്ഷ പ്രതിനിധികളുടെ യോഗം വിളിക്കാൻ പോലും സ്പീക്കർ ഇതുവരെ തയാറായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ