ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി; സംസ്ഥാനത്ത് നികുതി അരാജകത്വം; അധികാരത്തിന്റെ ഹുങ്കിലാണ് ഭരണപക്ഷം; നിയമസഭയിലെ എംഎൽഎമാരുടെ സത്യഗ്രഹ സമരം തുടരും; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതോടെ, ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹ സമരം തുടരും. 13,14 തീയതികളിലെ രാപ്പകൽ സമരം അടുത്തഘട്ടമായി നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു
നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് സർക്കാരിനെതിരെ ബാനറുകളുമായി പ്രതിഷേധിച്ചു. ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാരിന് പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഒരു നികുതിയും പിൻവലിക്കില്ല എന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്ക്. പ്രതിപക്ഷ സമരത്തിന്റേയും ജനരോേഷത്തിന്റെയും പശ്ചാത്തലത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയതിനാലാണിത്.വിനാശകരമായ ബജറ്റ് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് ധനമന്ത്രി കെഎൻ ബാലഗോപാലിനെടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.അധികാരത്തിന്റെ ഹുങ്കിൽ ആണ് ഭരണ പക്ഷം.ജനങ്ങളിൽ നിന്ന് അകന്നതുകൊണ്ടാണ് ജനവികാരം മനസിലാവാത്തത്.ജനങ്ങളുടെ അഭിപ്രായസർവേസർക്കാർ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നികുതി അരാജകത്വമാണു നടക്കുന്നത്. പുതിയ നികുതി നിർദ്ദേശം കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർക്കുന്ന, രൂക്ഷ വിലക്കയറ്റം സൃഷ്ടിക്കുന്ന, ജനജീവിതം പൂർണമായി ദുരിതത്തിലേക്കു പോകുന്ന ഘട്ടത്തിലേക്കു തള്ളിയിടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നികുതിപിരിക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയമാണ് ഇപ്പോൾ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത്. സ്വർണത്തിന്റെ നികുതി പിരിച്ചെടുക്കുന്നതിൽ കോടിക്കണക്കിന് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുകൾ വരുമ്പോൾ ലഭിക്കേണ്ട ഐജിഎസ്ടി ഒരു വർഷം 5,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അഞ്ചുവർഷം കൊണ്ട് 25,000 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷം സമരപരിപാടുകളുമായി മുന്നോട്ടുപോകുമെന്നും വി ഡി സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ