ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനം; ശക്തമായി വിയോജിക്കുന്നു; സർക്കാർ-ഗവർണർ പോരിന്റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചതെന്ന് വി ഡി സതീശൻ; നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമില്ല; മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഭയമെന്നും പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
സർക്കാർ-ഗവർണർ പോരിന്റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ ഒന്നുമില്ല. മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഭയമാണ്. സംസ്ഥാന സർക്കാർ ഇരുട്ടിലാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നേരത്തെ ഒരു മിനിറ്റ് മാത്രം നയപ്രഖ്യാപന പ്രസംഗം നടത്തുകകയാണ് ഗവർണർ ചെയ്തത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിച്ചായിരുന്നു ഗവർണറുടെ അസാധാരണ നീക്കം. ആമുഖമായി ഒരു വരിയും അവസാന ഒരു പാരഗ്രാഫും മാത്രമാണ് നയപ്രഖ്യാപനത്തിന്റെ ഭാഗമായി നിയമസഭയിൽ ഗവർണർ വായിച്ചത്. 'രാജ്യത്തെ സഹകരണ ഫെഡറലിസവും മതേതരത്വവും സാമൂഹ്യ നീതിയും നിലനിർത്തി രാജ്യത്തെ വെല്ലുവിളികൾ അതിജീവിച്ച് മുന്നോട്ടു പോകാൻ കഴിയണമെന്ന' ഭാഗമാണ് ഗവർണർ അവസാനമായി വായിച്ചത്.
നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എ.എൻ. ഷംസീറും മുഖ്യമന്ത്രി പിണറായി വിജയൻ, പാർലമെന്റികാര്യ മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് ദേശീയ ഗാനത്തിന് ശേഷം ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ആദ്യം സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും അഭിസംബോധന ചെയ്തു.
കേരള നിയമസഭയിൽ നയപ്രഖ്യാപന നടത്തുക എന്നത് തന്റെ വിശേഷാധികാരമാണെന്ന് ഗവർണർ വ്യക്തമാക്കി. ശേഷം അവസാന പാരഗ്രാഫ് വായിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. അവസാന പാരഗ്രാഫ് വായിച്ച ശേഷം ജയ് ഹിന്ദ് പറഞ്ഞ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചു. പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചതോടെ സ്പീക്കർ ഗവർണറെയും ഭരണ, പ്രതിപക്ഷ ബെഞ്ചുകളെയും ആശ്ചര്യത്തോടെ നോക്കുകയും ചെയ്തു. അവാസാനമായി ദേശീയ ഗാനം മുഴക്കിയതോടെ സ്പീക്കറെയോ മുഖ്യമന്ത്രിയെയോ കാത്തുനിൽക്കാതെ നിയമസഭക്കുള്ളിൽ നിന്ന് ഗവർണർ പുറത്തേക്ക് പോവുകയും ഔദ്യോഗിക വാഹനത്തിൽ രാജ്ഭവനിലേക്ക് തിരിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ