അടിയന്തിര പ്രമേയം പരിഗണിക്കാതിരുന്നത് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാൽ; ഡയോക്സിൻ എന്ന് ആരോഗ്യമന്ത്രി കേട്ടിട്ടില്ലേ? മക്കളും മരുമക്കളും സർക്കാരിന്റെ തുടർ ഭരണത്തിൽ ഇറങ്ങിയിരിക്കുകയാണ്; ഇനിയും പല മക്കളുടെയും കഥകൾ പുറത്ത് വരാനുണ്ട്; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ സഭയിൽ പ്രതിപക്ഷ പ്രതിഷേധമാണ് അരങ്ങേറിയത്. സഭയിൽ നടത്തളത്തിൽ സമാന്തരമായി പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഭരണപക്ഷത്തിന് ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം അവതരിപ്പിച്ചാൽ മതിയെന്ന നിലപാട് എടുത്തതുകൊണ്ടാണ് സഭയുടെ ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷം നടുത്തളത്തിൽ സമാന്തരമായി അടിയന്തിര പ്രമേയം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.
സമാന്തര അടിയന്തര പ്രമേയത്തിൽ കെ കെ രമ, ഉമ തോമസ്, ആലുവ എംഎൽഎ അൻവർ സാദത്ത്, പി കെ ബഷീർ, ടി ജെ വിനോജ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രി സ്വന്തം ആരോഗ്യം നോക്കി കൊച്ചിയിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് എംഎൽഎമാർ പറഞ്ഞു. പൊലീസ് ലാത്തി ചാർജ് ആയതിനാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിലാണ് നോട്ടീസ് അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയതു മുതൽ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രൂര മർദ്ദനമുണ്ടായിട്ടും അത് പരിഗണിക്കാതിരിക്കുന്നത് നിയമസഭ ചരിത്രത്തിൽ ആദ്യമാണ്. കൗൺസിലർമാരുടെ തല പൊട്ടിക്കുകയും കയ്യും കാലും അടിച്ചൊടിക്കുകയും ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ മർദ്ദിക്കുകയും ചെയ്തു. യു.ഡി.എഫ് കൗൺസിലർമാരെ പങ്കെടുപ്പിക്കാതെയാണ് കൗൺസിൽ യോഗം നടന്നത്. മുന്നൂറോളം പൊലീസുകാരുടെ അകമ്പടിയിൽ എത്തിയാണ് മേയർ തേർവാഴ്ച നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രഹ്മപുരം എന്ന് കേൾക്കുമ്പോൾ സർക്കാരിന് പൊള്ളുകയാണ്. ബ്രഹ്മപുരം എന്ന വാക്ക് പറയാൻ പോലും പാടില്ല. ബ്രഹ്മപുരത്ത് സർക്കാരിന്റെ വീഴ്ചയാണെന്ന് ജനങ്ങൾക്കറിയാം. 2020-ൽ ദുരന്തനിവാരണ നിയമ പ്രകാരം ലെഗസി വേസ്റ്റ് നീക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തിട്ടും മൂന്ന് കൊല്ലമായിട്ടും ഒന്നും ചെയ്തില്ല. കൊച്ചി നഗരസഭ നൽകിയ 16 കോടി രൂപയുടെ ടെൻഡർ റദ്ദാക്കിയാണ് 54 കോടിയുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. നടപടിക്രമങ്ങൾ ലംഘിച്ച് സിപിഎം നേതാവിന്റെ മരുമകന്റെ കമ്പനിക്കാണ് കരാർ നൽകിയത്. മാലിന്യം അളന്ന് തിട്ടപ്പെടുത്തേണ്ടത് നഗരസഭയാണെന്ന വ്യവസ്ഥ മാറ്റി കരാറുകാരൻ തീരുമാനിക്കുമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്തു. 4.75 ലക്ഷം ടൺ മാലിന്യം ഉണ്ടെന്നാണ് കരാറുകാർ പറഞ്ഞത്. നേതാവിനെ മകനെ സംരക്ഷിക്കാണ് 16 കോടിക്ക് തീരേണ്ട പദ്ധതി 54 കോടിയാക്കി മാറ്റിയത്. പണം നൽകിയിട്ടും മാലിന്യം നീക്കം ചെയ്യാതെ കരാറുകാരൻ കബളിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് കെല്ലം, കണ്ണൂർ നഗരസഭകൾ ഈ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത്. കരാറുകാരനെ സംരക്ഷിക്കാൻ മന്ത്രിമാർ മത്സരിക്കുകയാണ്.- സതീശൻ പറഞ്ഞു.
എറണാകുളത്ത് ഈ മാസം 5-ന് വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ ആ യോഗത്തിലേക്ക് എംഎൽഎമാരായ ടി.ജെ വിനോദിനെയും ശ്രീനിജനെയും മാത്രമാണ് ക്ഷണിച്ചത്. യോഗം നടക്കുന്നുണ്ടെന്ന് കളക്ടർ അറിയിച്ചതിനെ തുടർന്നാണ് ഉമ തോമസ് യോഗത്തിനെത്തിയത്. 11 എംഎൽഎമാരെയും അറിയിച്ചില്ല. അറിയാത്ത യോഗത്തിന് എങ്ങനെയാണ് പോകുന്നത്. പ്രതിപക്ഷ നേതാവ് യോഗത്തിന് എത്തിയില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറയുന്നില്ല, പക്ഷെ അവാസ്തവമാണ്. വ്യവസായ മന്ത്രിയും തദ്ദേശ മന്ത്രിയും വിളിച്ച യോഗത്തിന് ക്ഷണിച്ചിരുന്നു. അതിൽ ആദ്യാവസാനം പങ്കെടുക്കുയും ചെയ്തു. ഒരു ആരോഗ്യ പ്രശ്നവും കൊച്ചിയിൽ ഇല്ലെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ചോദിച്ചാൽ അധിക്ഷേപം ആകുന്നത് എങ്ങനെയാണ്? മന്ത്രി എം.ബി രാജേഷ് കരാറുകാരന്റെ വക്താവായണ് നിയമസഭയിൽ പത്ത് മിനിട്ടോളം സംസാരിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജനങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കരാറുകാരനെയാണ് ന്യായീകരിച്ചത്. അത് കേട്ടുകൊണ്ടിരിക്കാൻ പ്രതിപക്ഷത്തിന് സാധിക്കില്ല.
2019- ൽ തീപിടിച്ചപ്പോൾ ഡയോക്സിൻ ബോംബാണെന്ന റിപ്പോർട്ടാണ് മലിനീകരണ വകുപ്പ് നൽകിയത്. ഡയോക്സിൻ എന്ന് ആരോഗ്യമന്ത്രി കേട്ടിട്ടില്ലേ? രക്തത്തിൽ കലർന്നാൽ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന വിഷമാണത്. വിഷപ്പുക ശ്വസിച്ച് ഒരാൾ മരിച്ചു. എന്നിട്ടാണ് ഒരു ആരോഗ്യ പ്രശ്നവും ഇല്ലെന്ന് മന്ത്രി പറഞ്ഞത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി പൊലീസ് ചവിട്ടി മെതിച്ച വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ പാടില്ലേ? അവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം അവതരിപ്പിച്ചാൽ മതിയെന്ന നിലപാട് എടുത്തതുകൊണ്ടാണ് സഭയുടെ ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷം നടുത്തളത്തിൽ സമാന്തരമായി അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.
നടുത്തളത്തിൽ പ്രതിപക്ഷം ഇറങ്ങുന്നത് ആദ്യമായൊന്നുമല്ല. എൽ.ഡി.എഫ് ചെയ്തത് പോലെ സ്പീക്കറുടെ ഡയസിൽ കയറി കസേരയൊന്നും ഞങ്ങൾ മറിച്ചിട്ടില്ല. പ്രതിഷേധിച്ച ചെറുപ്പക്കാരായ എംഎൽഎമാർ തോറ്റു പോകുമെന്ന് പറയാൻ സ്പീക്കർക്ക് എന്ത് അവകാശമാണുള്ളത്? അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്പീക്കർ നടത്തിയ തെറ്റായ പരാമർശം പിൻവലിക്കണം. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് മറന്നു കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. സ്പീക്കർ ഇത് പറയുമ്പോൾ ശിവൻകുട്ടി ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം നല്ല ബസ്റ്റ് എംഎൽഎ ആയിരുന്നല്ലോ. ഭൂതകാലം മറുന്നുള്ളതാണ് സ്പീക്കറുടെ പ്രസ്താവന.
പൊലീസിനെക്കൊണ്ട് പേടിപ്പിച്ചാൽ സമരം ഇല്ലാതാകില്ല. ഇന്നും കൊച്ചിയിൽ സമരം നടക്കുകയാണ്. കരാറുകാരനെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചാണ് ഇതേ കമ്പനിക്ക് കരാർ നൽകാൻ കണ്ണൂർ നഗരസഭയോട് ആവശ്യപ്പെട്ടത്. മക്കളും മരുമക്കളും സർക്കാരിന്റെ തുടർ ഭരണത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഇനിയും പല മക്കളുടെയും കഥകൾ പുറത്ത് വരാനുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ