- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ചിരിക്കണോ.. അതോ നിങ്ങളുടെ ഗതികേട് ഓർത്ത് കരയണോ?
തിരുവനന്തപുരം: കെ-റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതരസംസ്ഥാന കോർപറേറ്റ് ഭീമന്മാരിൽനിന്ന് 150 കോടി കൈപ്പറ്റിയെന്ന പി വി അൻവർ എംഎൽഎയുടെ ആരോപണത്തെ പരിഹസിച്ചു തള്ളി വി ഡി സതീശൻ. എല്ലാ രാജകൊട്ടാരങ്ങളിലും വിദൂഷകന്മാർ ഉണ്ടായിട്ടുണ്ട്. അത്തരക്കാരെ തിരിച്ചറിയാനുള്ള കഴിവാണ് ഭരണാധികാരികൾക്ക് വേണ്ടത്. സൂര്യനാണ് ചന്ദ്രനാണ് എന്നൊക്കെ പറഞ്ഞാൽ അത് പാടെ വിശ്വസിക്കുകയാണ് മുഖ്യമന്ത്രിയെന്ന് സതീശൻ പരിഹസിച്ചു.
കെ റെയിൽ വന്നിരുന്നു എങ്കിൽ ഐടി രംഗം കുതിച്ചു ഉയരും. കർണാടക ഐടി തകരും അതുകൊണ്ട് അവിടത്തെ കമ്പനികൾ എന്നെ കൂട്ടു പിടിച്ചു എന്നാണ് പിവി അൻവറിന്റെ ആരോപണം. ഇതിൽ ചിരിക്കണോ കരയണമെന്നോ അറിയില്ല. ആരോപണമുന്നയിച്ച ആളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, മുഖ്യമന്ത്രി സഭാ നേതാവ് അല്ലേ? മുഖ്യമന്ത്രിയോട് സഹതാപം തോന്നുകയാണെന്നും വി ഡി സതീശൻ പരിഹസിച്ചു.
ഇതുപോലൊന്ന് വായിച്ചിട്ട് അവതരിപ്പിക്കാൻ ആരെങ്കിലും അനുമതി നൽകുമോ? ഇങ്ങനെ പരിഹാസ്യ പാത്രമാമാകണോ? എഴുതി തരാത്ത ആരോപണം സഭയ്ക്ക് പുറത്തുള്ളവരെ കുറിച്ചു ഉന്നയിക്കാമോ? എന്തായാലും ആരോപണം രേഖയിൽ നിന്നും പിൻവലിക്കണമെന്ന് പറയുന്നില്ല. വരും കാല തലമുറ ഇതുപോലെ ആരോപണം ഉന്നയിച്ചിരുന്നവർ ഉണ്ടായിരുന്നെന്ന് അവരും മനസ്സിലാക്കട്ടെയെന്നും സതീശൻ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
മാസപ്പടി വിവാദവും ആർഒസി റിപ്പോർട്ടും പ്രതിപക്ഷ നേതാവ് പ്രസംഗത്തിനിടെ പരാമർശിച്ചു.ആദായ നികുതി ഇൻട്രീം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ വീണയെ കേട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസരം കൊടുത്തിട്ടും വീണയുടെ കമ്പനിക്ക് മറുപടി പറയാൻ ആയില്ല എന്നാണ് ആർഒസിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമപരമല്ലാത്ത ഇടപാടുകൾ ആണ് നടന്നതെന്നും വിഡി സതീശൻ പറഞ്ഞു.
കെ റെയിൽ പദ്ധതി നടപ്പായാൽ കേരളത്തിന്റെ ഐ.ടി. മേഖലയിൽ ഉണ്ടാകാൻപോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാൻ ഇതരസംസ്ഥാനങ്ങളിലെ ഐ.ടി. ഭീമന്മാർ കേരളത്തിലെ കോൺഗ്രസിനെ കൂടെനിർത്തി പ്രവർത്തിച്ചതിന്റെ ഫലമാണ് കെ-റെയിലുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളെന്നായിരുന്നു അൻവറിന്റെ ആരോപണം.
അഞ്ചുവർഷം കൊണ്ട് 25 വർഷത്തെ പുരോഗതി കൈവരിക്കാൻ ഉതകുമായിരുന്ന കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ ഇതരസംസ്ഥാനത്തെ കോർപറേറ്റ് ഭീമന്മാരെ പ്രേരിപ്പിച്ചത് കേരളത്തിലെ യുവത ജോലികൾക്കായി പിന്നീടവരെ ആശ്രയിക്കില്ല എന്ന തിരിച്ചറിവുകൊണ്ടാണെന്നും അൻവർ പറഞ്ഞു. ഒന്നാം ഘട്ടത്തിൽ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷം പിന്നീടങ്ങോട്ട് എന്തുസംഭവിച്ചാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന സമീപനം സ്വീകരിച്ചത് പണം കൈപ്പറ്റിയതിനാലാണെന്നും അൻവർ ആരോപിച്ചു.
'ആ കൊടുംചതി ചെയ്യുന്നതിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കോർപറേറ്റ് കമ്പനികൾ ഗൂഢാലോചന നടത്തി, ദൗത്യത്തിന്റെ ഉത്തരവാദിത്വം കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ഏൽപ്പിക്കുകയായിരുന്നു. ദൗത്യം വിജയിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു വി.ഡി. സതീശന് നൽകിയിരുന്ന ഓഫർ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ എത്ര പണം മുടക്കാനും അവർ തയ്യാറായിരുന്നു', അൻവർ പറഞ്ഞു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ-റെയിൽ കേരളത്തെ രണ്ടായി വെട്ടിമുറിക്കാനുള്ള പദ്ധതിയാണെന്ന് കുപ്രചരണം നടത്തി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയത് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലാണെന്നും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നാടിന്റെ എല്ലാ വികസന പദ്ധതികൾക്കും പാരവയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും അൻവർ പറഞ്ഞു.
'2021 ഫെബ്രുവരിയിലും മാർച്ചിലുമായി ഇലക്ഷൻ ഫണ്ട് എന്ന നിലയ്ക്ക് 150 കോടി രൂപയാണ് വി.ഡി. സതീശന്റെ കൈയിലെത്തിയത്. ശീതീകരിച്ച മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്നർ ലോറികളിലൂടെ മൂന്ന് ഘട്ടങ്ങളിലായി 50 കോടി വീതമാണ് പണം തൃശ്ശൂർ ചാവക്കാടിനടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചത്. അവിടെ നിന്ന് ആംബുലൻസുകളിലാണ് പണം വി.ഡി. സതീശന്റെ കൂട്ടാളികളുടെ കൈകളിലെത്തിച്ചത്', അൻവർ ആരോപിച്ചു.
ഈ പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നേതാക്കൾക്ക് നൽകുകയോ കേരളത്തിൽ ചെലവഴിക്കുകയോ അല്ല, പകരം കർണാടകയിലാണ് പ്രതിപക്ഷ നേതാവ് നിക്ഷേപിച്ചതെന്നും ഇതിന്റെ ഭാഗമായാണ് ഒരു മാസത്തിൽ മൂന്നുതവണയെങ്കിലും വി.ഡി. സതീശൻ ബാംഗ്ലൂരിലേക്ക് പോകുന്നതെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.
കെപിസിസിയുടെ ഔദാര്യം ഇല്ലാതെതന്നെ തിരഞ്ഞെടുപ്പ് താൻ നടത്തും എന്ന് വി.ഡി. സതീശൻ പറഞ്ഞത് ഈ പണം കൈയിലുള്ള ധൈര്യത്തിലാണെന്നും അൻവർ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരോടടക്കം കേരളത്തിലെ മുഴുവൻ ജനങ്ങളോടും മാപ്പർഹിക്കാത്ത കൊടും പാപമാണ് സതീശൻ ചെയ്തതെന്നും അൻവർ പറഞ്ഞു.