മുഖ്യമന്ത്രിയുടെ വകുപ്പിൽ പിൻവാതിൽ വഴി നിയമിച്ചത് മൂന്നൂറോളം പേരെ; വ്യവസായ മന്ത്രി 1155 ഉം ധനമന്ത്രി 54ഉം നിയമനങ്ങൾ നടത്തി; പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന സമാന്തര റിക്രൂട്ട്മെന്റ് സംഘങ്ങളെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തി; അന്വേഷണം നടക്കവേ മേയറുടെ കത്ത് വ്യാജമെന്ന മന്ത്രിയുടെ കണ്ടെത്തൽ അധികാര ദുർവിനിയോഗം; സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസംഗം. സഭയുടെ ആദ്യ ദിവസം തന്നെ വാക്കൗട്ട് നടത്തിയ പ്രതിപക്ഷ സർക്കാറിന്റെ പിൻവാതിൽ നിയമനങ്ങളെ കുറിച്ച് എണ്ണിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പിൽ പിൻവാതിൽ വഴി മൂന്നൂറോളം പേരെയാണ് നിയമിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. ധനമന്ത്രിയുടെ കീഴിലുള്ള സ്പാർക്കിൽ 54 പേർക്ക് ജോലി നൽകി. പ്രഫഷണൽ എക്സേഞ്ചിനെ നോക്കുകുത്തിയാക്കി വ്യവസായ മന്ത്രി 1155 പേരെ നിയമിച്ചുവെന്നും വാക്കൗട്ട് പ്രസംഗത്തിൽ സതീശൻ പറഞ്ഞു.
പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന സമാന്തര റിക്രൂട്ട്മെന്റ് സംഘങ്ങളെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തിയിരിക്കുകയാണ്. ചെറുപ്പക്കാരെ നിരാശരാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. എല്ലായിടത്തും ഇത്രയധികം മർക്സിസ്റ്റ് വത്ക്കരണം നടന്ന കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല.ഒഴിവുകൾ എപ്ലോയ്മെന്റ് എക്സേഞ്ചുകളിലേക്ക് വിടാതെ പാർട്ടിയുടെ താഴേത്തട്ട് മുതൽ സംസ്ഥാന കമ്മിറ്റി വരെ സിപിഎം സമാന്തര റിക്രൂട്ട്മെന്റ് നടത്തുകയാണ്.
അവരുടെ കത്തിടപാടുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിന് പകരമായി എംഎൽഎമാർ ശിപാർശക്കത്ത് അയച്ചതിനെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരം നഗരസഭയിലെ 295 ഒഴിവുകളിലേക്ക് ആളുകളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. സംവരണമെന്ന ഭരണഘടനാതത്വം കാറ്റിൽപ്പറത്തിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. ആർ.സി.സിയിൽ ഒരു നേതാവിന്റെ അനുജനെ നിയമിച്ചു. തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറി എന്നു മുതലാണ് എപ്ലോയ്മെന്റ് എക്സേഞ്ച് ഡയറക്ടറും കുടുംബശ്രീ ഡയറക്ടറുമായത്? വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പാർട്ടി ജില്ലാ സെക്രട്ടറിയുടെ പേര് കൂടി പറയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
വി ഡി സതീശന്റെ വാക്കൗട്ട് പ്രസംഗത്തിന്റെ പൂർണരൂപം:
നീതിബോധമില്ലാതെയും രാജ്യത്തെ നിയമങ്ങളെയും ചട്ടങ്ങളെയും വെല്ലുവിളിച്ചും അധികാരത്തെ ക്രൂരമായി വിനിയോഗിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ സർക്കാരിന്റെ നടപടികളെ കുറിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പിൻവാതിൽ നിയമനങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ പി.എസ്.സി നടത്തിയ നിയമനങ്ങളുടെ പട്ടികയാണ് മന്ത്രി വായിച്ചത്. എന്നാൽ 2011 മുതൽ 2016 വരെയുള്ള നിയമനങ്ങളെ സംബന്ധിച്ച് മന്ത്രി പറഞ്ഞ കണക്കുകളും വസ്തുതാപരമായി തെറ്റാണ്. ഒരു ലക്ഷത്തി അൻപത്തിയെണ്ണായിരത്തി അറുനൂറ്റി എൺപത് പേരെയാണ് നിയമിച്ചത്. നിയമന ശുപാർശ അയച്ചവരുടെ എണ്ണം കൂടി ചേർത്താണ് ഇപ്പോഴത്തെ നിയമനം സംബന്ധിച്ച് മന്ത്രി പറഞ്ഞത്.
പിൻവാതിലിലൂടെ നിയമിച്ചവരെ സംരക്ഷിക്കാൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ ജോലി സാധ്യത ഈ സർക്കാർ ഇല്ലാതാക്കുകയാണ്. ഇതുകൂടാതെ മനഃപൂർവമായി സ്പെഷൽ റൂൾസ് തയാറാക്കാതെ യു.ഡി.എഫ് - എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് പി.എസ്.സിക്ക് വിട്ട പല തസ്തികകളിലേക്കും ഈ സർക്കാർ പിൻവാതിൽ നിയമനം നടത്തുകയാണ്. ഒരു കാലഘട്ടത്തിലും ഇല്ലാത്ത തരത്തിൽ രണ്ടര മുതൽ മൂന്നു ലക്ഷം പേരെയാണ് പിൻവാതിലിലൂടെ നിയമിച്ചിരിക്കുന്നത്. മുപ്പത് ലക്ഷത്തിലധികം പേർ എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് ഇത്രയും പിൻവാതിൽ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. ഇത് 1959-ലെ എപ്ലോയ്മെന്റ് എക്സേഞ്ച് കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ടിന്റെ മൂന്നും നാലും വകുപ്പുകളുടെയും ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനവുമാണ്. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീംകോടതി ഉത്തരവും കാറ്റിൽപ്പറത്തിയാണ് പിൻവാതിൽ നിയമനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. താൽക്കാലിക വേതനക്കാരുടെ ഒഴിവുകൾ എപ്ലോയ്മെന്റ് എക്സേഞ്ചുകളിലൂടെ നികത്താൻ തയാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ഒഴിവുകൾ എപ്ലോയ്മെന്റ് എക്സേഞ്ചുകളിലേക്ക് വിടാതെ പാർട്ടിയുടെ താഴേത്തട്ട് മുതൽ സംസ്ഥാന കമ്മിറ്റി വരെ സിപിഎം സമാന്തര റിക്രൂട്ട്മെന്റ് നടത്തുകയാണ്. അവരുടെ കത്തിടപാടുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിന് പകരമായി എംഎൽഎമാർ ശിപാർശക്കത്ത് അയച്ചതിനെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരം നഗരസഭയിലെ 295 ഒഴിവുകളിലേക്ക് ആളുകളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. കത്ത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല കത്ത് പുറത്തു വിട്ടത്. സിപിഎമ്മിലെ വീതംവയ്പ്പിനെ കുറിച്ചുള്ള അധികരത്തർക്കത്തെ തുടർന്ന് പാർട്ടി വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ് കത്ത് പുറത്തായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഫോണിൽ വിളിച്ചാണ് ആരോപണവിധേയനായ പാർട്ടി ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇങ്ങനെയാണോ നീതി നടപ്പാക്കുന്നത്? ക്രൈംബ്രാഞ്ചോ മേയറോ കത്ത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കത്ത് വ്യാജമെന്ന് മന്ത്രി പറഞ്ഞത്? കത്ത് വ്യാജമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞാൽ പിന്നെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത്? പദവി ദുർവിനിയോഗം ചെയ്തുകൊണ്ടാണ് കത്ത് വ്യാജമാണെന്ന കണ്ടെത്തൽ മന്ത്രി നിയമസഭയിൽ നടത്തിയത്.
സംവരണമെന്ന ഭരണഘടനാതത്വം കാറ്റിൽപ്പറത്തിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും പിൻവാതിൽ നിയമനങ്ങൾ വ്യാപകമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി നേതാക്കന്മാരുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും നിയമനം നൽകിയത് ജനങ്ങൾക്കറിയം. നിയമനം നേടിയ ആളുകളുടെ പേരുകളൊന്നും പ്രതിപക്ഷം വായിക്കുന്നില്ല. ആർ.സി.സിയിൽ ഒരു നേതാവിന്റെ അനുജനെ നിയമിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന പരാതിയെ തുടർന്ന് അയാളെ മാറ്റിയെങ്കിലും വീണ്ടും അവിടെത്തന്നെ നിയമിച്ചു. തിരുവനന്തപുരത്തെ പാർട്ടി ജില്ലാ സെക്രട്ടറി എന്നു മുതലാണ് എപ്ലോയ്മെന്റ് എക്സേഞ്ച് ഡയറക്ടറും കുടുംബശ്രീ ഡയറക്ടറുമായത്? പാർട്ടിയെ പൊലീസ് സ്റ്റേഷനും കോടതിയും ആക്കിയതിനു പിന്നാലെ എപ്ലോയ്മെന്റ് എക്സേഞ്ചിനെയും പി.എസ്.സിയെയും പാർട്ടിയാക്കി മാറ്റിയിരിക്കുകയാണ്.
വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പാർട്ടി ജില്ലാ സെക്രട്ടറിയുടെ പേര് കൂടി പറയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പിൽ മൂന്നൂറോളം പേരെയാണ് നിയമിച്ചത്. ധനമന്ത്രിയുടെ കീഴിലുള്ള സ്പാർക്കിൽ 54 പേർക്ക് ജോലി നൽകി. പ്രൊഫഷണൽ എക്സേഞ്ചിനെ നോക്കുകുത്തിയാക്കി വ്യവസായ മന്ത്രി 1155 പേരെ നിയമിച്ചു. പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന സമാന്തര റിക്രൂട്ട്മെന്റ് സംഘങ്ങളെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തിയിരിക്കുകയാണ്. ചെറുപ്പക്കാരെ നിരാശരാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. എല്ലായിടത്തും ഇത്രയധികം മർക്സിസ്റ്റ് വത്ക്കരണം നടന്ന കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ