തിരുവനന്തപുരം: സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്ത ധനവകുപ്പിന്റെ നിലപാടിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. വിഷയത്തിൽ സർക്കാറിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.

13 നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോട് കൂടി വിതരണം ചെയ്ത് പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്തുകയെന്നതാണ് സപ്ലൈകോയുടെ പ്രാഥമിക ചുമതല. ഇക്കാര്യത്തിൽ സപ്ലൈകോ ദയനീയമായി പരാജയപ്പെട്ടുവെന്ന് സതീശൻ കുറ്റപ്പെടുത്തി. ക്രിസ്മസ് ഫെയറുകളിൽ പോലും അവശ്യ സാധനങ്ങളുണ്ടായിരുന്നില്ല. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമായിരിക്കുമെന്നും സതീശൻ പരിഹസിച്ചു.

ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. കഴിഞ്ഞ ഏഴര വർഷമായി മാത്രം പ്രവർത്തിക്കുന്ന സ്ഥാപനമല്ല സപ്ലൈകോ. അതിന് മുൻപ് മാറിമാറി വന്ന സർക്കാരുകൾ പ്രത്യേകമായ പരിഗണന നൽകി നന്നായി നടത്തിയിരുന്ന സ്ഥാപനമായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മാവേലി സ്റ്റോറുകൾ വാമന സ്റ്റോറുകളാക്കി മാറ്റിയെന്നാണ് മന്ത്രി പറഞ്ഞത്. ഒരൊറ്റ മാവേലി സ്റ്റോറുകൾ പോലും യു.ഡി.എഫ് കാലത്ത് പൂട്ടിയിട്ടില്ല. പുതിയ മാവേലി സ്റ്റോറുകളും സൂപ്പർ മാർക്കറ്റുകളും നന്മ സ്റ്റോറുകളും ഉൾപ്പെടെ എത്ര സ്ഥാപനങ്ങളാണ് അന്നത്തെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തത്.

അഞ്ച് വർഷം യു.ഡി.എഫ് ഭരിച്ചപ്പോൾ ഏതെങ്കിലും ഒരു നിത്യോപയോഗ സാധനം മാവേലി സ്റ്റോറിൽ ഇല്ലാത്ത സാഹചര്യമുണ്ടായിട്ടില്ല. ഇപ്പോൾ മന്ത്രി പറയുന്നത് സപ്ലൈകോയെ കുറിച്ച് പറഞ്ഞാൽ കുത്തക കമ്പനികൾ വരുമെന്നാണ്. കുത്തക കമ്പനികൾക്ക് വഴിയൊരുക്കാൻ സപ്ലൈകോയ്ക്ക് സർക്കാർ ദയാവധമൊരുക്കുകയാണ്. നിങ്ങളാണ് കുത്തക കമ്പനികൾക്ക് വഴിയൊരുക്കുന്നത്.

2500 മുതൽ 3000 കോടി രൂപ വരെയാണ് സപ്ലൈകോയുടെ ബാധ്യത. ഇത്രയും വലിയ ബാധ്യത ഏതെങ്കിലും ഒരു സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ടോ? 792 കോടി രൂപ കുടിശികയുള്ളതിനാൽ വിതരണക്കാർ ടെൻഡറിൽ പങ്കെടുക്കുന്നില്ല. 3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് വിപണി ഇടപെടൽ നടത്താൻ ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് വെറും 205 കോടി മാത്രമാണ്. 2021-22 ൽ ബജറ്റിൽ 150 നീക്കി വച്ചിട്ട് നൽകിയത് 75 കോടി. 2021-22 ൽ ഒരു രൂപ പോലും നൽകിയില്ല. മന്ത്രിയുടെയും വകുപ്പിന്റെയും കൈകൾ കെട്ടപ്പെട്ടിരിക്കുകയാണ്. സപ്ലൈകോയ്ക്ക് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന യാഥാർത്ഥ്യം മനസിലാക്കാതെയാണ് ഒരു കുഴപ്പവുമില്ലെന്ന് മന്ത്രി പറയുന്നത്. കിറ്റ് നൽകിയതിന്റെ കുടിശിക സപ്ലൈകോയ്ക്ക് നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നെല്ല് സംഭരണത്തിൽ ഇത്രത്തോളം കുടിശിക വന്ന കാലഘട്ടമുണ്ടായിട്ടില്ല. നെല്ലിന്റെ സംഭരണ വില 28.20 രൂപ. കേന്ദ്ര 1.43 രൂപ കൂട്ടിയപ്പോൾ അത് സംസ്ഥാനം കുറച്ചു. കേന്ദ്ര കൂട്ടിയതിന്റെ അനുപാതം സംസ്ഥാന സർക്കാർ കർഷകർക്ക് നൽകുന്നില്ല. പാഡി റെസീപ്റ്റ് ഷീറ്റിൽ കർഷകർക്ക് തൃപ്തിയില്ലെന്ന് മന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. പി.ആർ.എസ് നൽകിയാൽ ബാങ്കുകൾ കർഷകന് ലേൺ കൊടുക്കുന്നതു പോലെയാണ് നെല്ലിനുള്ള പണം നൽകുന്നത്. സർക്കാർ ബാങ്കിന് പണം നൽകിയില്ലെങ്കിൽ കർഷകന് മേൽ ആ കടബാധ്യത വരും. കടക്കെണിയിൽപ്പെട്ട് എത്ര കർഷകരാണ് ആത്മഹത്യ ചെയ്തത്?

വിലക്കയറ്റത്തിലും നികുതി വർധനവിലും ജനങ്ങൾ പ്രയാസത്തിലാണ്. ഇടത്തരം കുടുംബത്തിന്റെ ചെലവിൽ 10000 രൂപയുടെ വർധനവുണ്ടായി. ഏറ്റവും കൂടുതൽ ജപ്തി നടന്ന വർഷമാണ് കടന്നു പോയത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ട സപ്ലൈകോ കെ.എസ്.ആർ.ടി.സിയും വൈദ്യുതി ബോർഡും പോലെ തകർച്ചയിലേക്ക് പോകുകയാണ്. സപ്ലൈകോയിലെ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് നിങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ്. എന്നിട്ടാണ് വില കൂട്ടാനുള്ള സമിതിയെ നിയോഗിച്ചിരിക്കുന്നത്. സപ്ലൈകോയെ സർക്കാരാണ് തകർത്തത്. കരാറുകാർ ടെൻഡറിൽ പങ്കെടുക്കാത്ത ദയനീയ സ്ഥിതിയിലാണ്. പൊതുവിപണയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്തേണ്ട സ്ഥാപനത്തെ കെടുകാര്യസ്ഥതയും മിസ്മാനേജ്മെന്റും കൊണ്ട് സർക്കാർ തന്നെ തകർത്തു- സതീശൻ കുറ്റപ്പെടുത്തി.