'പണി വരുന്നുണ്ട് അവറാച്ചാ' എന്നു പറഞ്ഞ് പി വി അൻവർ നേരത്തെ പോസ്റ്റിട്ടു; മാർച്ച് മൂന്നിന് വരുന്ന ചോദ്യത്തിന്റെ സ്ക്രീൻ ഷോട്ട് ഫെബ്രുവരി അവസാനം സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നു; പിന്നാലെ പരാതിയും മുഖ്യമന്ത്രിയുടെ മറുപടിയും; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടന്നത് ആസൂത്രിത നീക്കമൈങ്ങളെന്ന് പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ് ഐ നടപടിയിലും കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയിലും പ്രതിഷേധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. നിയമസഭയിൽ നിന്നും വാക്കൗട്ട് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് സതീശൻ വിഷയത്തിൽ നടന്ന ഗൂഢാലോചനകൾ എണ്ണിപ്പറഞ്ഞത്.
മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ലഹരിക്ക് എതിരായ ക്യാംപയിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയത് .കേസുണ്ട് ,ചാർജ് ഷീറ്റുണ്ട്, പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസ് എടുത്തതാണ്. ആരുടേയും ചിത്രം വാർത്തയിൽ വ്യക്തമല്ല. ആർക്കും മനസിലാക്കാൻ പാടില്ലാത്ത ചിത്രം വച്ചാണ് വാർത്ത ചിത്രീകരിച്ചത്. ഈ വീഡിയോ യഥാർത്ഥമല്ല എന്ന് വേണമെങ്കിൽ കൊടുക്കാമായിരുന്നു എന്ന് മാത്രമാണ് ഇതിൽ പറയാവുന്ന തെറ്റെന്നും സതീശൻ പറഞ്ഞു.
അൻവർ നേരത്തെ പോസ്റ്റ് ഇട്ടു. പണി വരുന്നുണ്ട് അവറാച്ചാ എന്നു പറഞ്ഞു. ചോദ്യം വരും മുൻപ് അൻവറിന്റെ ചോദ്യത്തിന്റെ സ്ക്രീൻ ഷോട്ട് വരുന്നു. മാർച്ച് മൂന്നിന് വരുന്ന ക്വസ്റ്റ്യന്റെ സ്ക്രീൻ ഷോട്ട് ഫെബ്രുവരി അവസാനം സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നു. പിന്നാലെ പരാതി. പിന്നെ മുഖ്യമന്ത്രിയുടെ മറുപടി. എസ്എഫ്ഐ അതിക്രമം പിന്നെ അൻവറിന്റെ പരാതി, കേസ് വരുന്നു. ഇന്നലെ പൊലീസ് പരിശോധന നടത്തുന്നു.
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ആസൂത്രിതമായ നീക്കങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്നത്. വ്യാജ വാർത്ത എന്ന പ്രചാരണം ശരിയല്ല. ഒരു പെൺകുട്ടിയുടേയും ചിത്രം വ്യക്തമാക്കാത്ത വീഡിയോയുടെ പേരിലാണ് നടപടി. പ്രക്ഷേപണവുമായി ബന്ധപെട്ട തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. പ്രക്ഷേപണത്തിൽ സാങ്കേതിക പ്രശ്നം ഉണ്ടെങ്കിൽ അത് പറയാമായിരുന്നു. സർക്കാരിനെതിരെ ഗൂഡലോചന നടത്തി എന്നാണ് എഫ് ഐ ആർ. വാർത്ത വ്യാജ വാർത്തയിൽ എങ്ങനെ പോക്സോ ചുമത്തി അന്വേഷണം നടത്തും. പരാതി തന്നെ പരസ്പര വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏകാധിപതികൾക്ക് എല്ലാം ഭയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെയും ചോദ്യങ്ങളെയും പേടിയാണ്. ലഹരിക്കെതിരായ വാർത്താ പരമ്പരയെ എക്സൈസ് മന്ത്രി സ്വാഗതം ചെയ്തതാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് കൊച്ചി റീജിനൽ ഓഫിസിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഏഷ്യാനെറ്റ് ഓഫിസിൽ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് വിഷ്ണുനാഥ് നേട്ടീസ് ചൂണ്ടിക്കാട്ടിയത്.
ലഹരി മാഫിയക്കെതിരായ വാർത്തയിൽ എസ്.എഫ്.ഐ പ്രവർത്തകർ എന്തിനാണ് പ്രകോപിതരാകുന്നത്. ലഹരി മാഫിയക്കെതിരായ വാർത്ത എങ്ങനെ സംസ്ഥാന സർക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെൻസർഷിപ്പ് ചുമതല ആരാണ് നൽകിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് കൊച്ചി ഓഫിസിൽ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് ആരോപിച്ചു.
ബി.സി.സി റെയ്ഡിൽ മുഖ്യമന്ത്രി കാണിച്ച ആശങ്കയാണ് ഏഷ്യാനെറ്റ് റെയ്ഡിൽ പ്രതിപക്ഷം കാണിക്കുന്നതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. മോദി ഭരണകൂടവും പിണറായിയുടെ ഭരണകൂടവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുന്ന ഏഷ്യാനെറ്റ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോട് ഇന്ന് കോഴിക്കോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി വാട്ട്സ്ആപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചതെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ പരാതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. ഇപ്പോൾ ആ ചുമതല എസ്.എഫ്.ഐക്കാർക്കാണ് നൽകിയത്. എസ്.എഫ്.ഐക്ക് സെൻസർഷിപ്പിന്റെ ചുമതല നൽകിയിട്ടുണ്ടോ?. എസ്.എഫ്.ഐ ഗൂണ്ടാപ്പടയല്ലേ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തത്?. എസ്.എഫ്.ഐ ഗുണ്ടായിസം കാണിച്ചാൽ എത്ര ഭീഷണി ഉണ്ടായാലും ഗുണ്ടായിസം കാണിച്ചെന്ന് പറയുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
മാധ്യമ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ ശേഷം പുരപ്പുറത്ത് കയറി ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സർക്കാർ യജ്ഞം നടത്തുന്നു. ഏഷ്യാനെറ്റിന് നേരെയുള്ള അതിക്രമം കേരളത്തിലെ മാധ്യമങ്ങൾക്ക് നേരെയുള്ള മുന്നറിയിപ്പാണ്. സർക്കാറിനെതിരെ വാർത്തകൾ കൊടുക്കരുതെന്നും ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കരുതെന്നുമുള്ള മുന്നറിയിപ്പാണിതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ