തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് നിർമ്മാണ വിഷയം പ്രതിപക്ഷം ഉന്നയിച്ചപ്പോൾ നിയമസഭയിൽ ബഹളമുണ്ടാക്കിയ സച്ചിൻദേവ് എംഎൽഎയെ കെ എസ് ആർ ടി സി ഡ്രൈവറെ വിരട്ടിയ കാര്യം ഓർമ്മിപ്പിച്ച് വി.ഡി.സതീശൻ. അടിയന്തരപ്രമേയ നോട്ടിസിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെയാണ് സച്ചിൻദേവ് ബഹളമുണ്ടാക്കിയത്.

പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് സച്ചിൻദേവിനെ പ്രകോപിപ്പിച്ചത്. ഇതോടെ, സച്ചിനും തിരുവനന്തപുരം മേയറും ഭാര്യയുമായ ആര്യയും കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞത് പ്രതിപക്ഷ നേതാവ് പരാമർശിക്കുകയായിരുന്നു.

"ഞാൻ ട്രാൻസ്‌പോർട്ട് ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്. ബോംബ് നിർമ്മാണത്തിന്റെ കാര്യമാണ്. സർക്കാർ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സർക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടക്കുന്ന ബോംബ് നിർമ്മാണത്തിൽ നിരപരാധികളാണ് മരിക്കുന്നത്. സിപിഎം ആയുധം താഴെ വയ്ക്കണം. ബോംബ് നിർമ്മാണം അവസാനിപ്പിക്കണം"വി.ഡി.സതീശൻ പറഞ്ഞു.

തലശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷ വിമർശനം. സി പി എമ്മിന് ചിഹ്നം പോയാൽ എ.കെ. ബാലൻ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎ‍ൽഎ പരിഹസിച്ചു.

ദുരൂഹ സാഹര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന നിർദ്ദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ ആളാണ് മരിച്ചത്. എടുത്ത് നോക്കിയതും കൈയിലിരുന്ന് പൊട്ടി. മുഖം പോലും ഉണ്ടായില്ല. പാർട്ടിയിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് ബോംബ് നിർമ്മാണത്തിന് പിന്നിൽ. സ്വന്തം പാർട്ടിക്കാർക്കുവേണ്ടി ഉണ്ടാക്കിയ ബോംബാണ് ഇതെന്നും സതീശൻ ആരോപിച്ചു.

വയോധികൻ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകർക്കാനുള്ള ശ്രമം കർശനമായി തടയും. ബോംബ് നിർമ്മാണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.