- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്തിലെ പുല്ലുവെട്ടിയതിന്റെ ബില്ല് പോലും പാസ്സാകില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറിയുടേത് ദയനീയ സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറിയിൽ പഞ്ചായത്തിലെ പുല്ലുവെട്ടിയതിന്റെ ബില്ല് പോലും പാസ്സാകില്ല. കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം പോലും കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. പട്ടികജാതിക്കാർക്ക് കൊടുക്കാനുള്ള ആനുകൂല്യം കൊടുക്കാൻ കഴിയുന്നില്ല. അത്രയും പരിതാപകരമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നികുതിവെട്ടിപ്പ് തടയാൻ സർക്കാർ ചെറുവിരലനക്കുന്നില്ലെന്നും നികുതിപിരിവിൽ വൻ വീഴ്ചയാണ് ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അക്ഷരാർഥത്തിൽ ജിഎസ്ടി അഡ്‌മിനിസ്ട്രേഷൻ എന്നൊരു സംഗതി സംസ്ഥാനത്തില്ലെന്നും വൻ പരാജയമാണ് സംസ്ഥാനത്തിന്റെ ധനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണവും കേന്ദ്രമാണെന്നും സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് ഒരു കുഴപ്പവുമില്ലെന്നുമുള്ള ആഖ്യാനമാണ് സർക്കാർ ഇപ്പോൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്നാണ് ഞങ്ങളുടെ നിലപാട്.
കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് യഥാർഥത്തിൽ കിട്ടേണ്ട തുക 3600 കോടിയായിരുന്നു. അതിൽ പിന്നീട് 500 കോടി പെൻഷന്റെ തുക കിട്ടി. സംസ്ഥാന ധനകാര്യ മന്ത്രി, പ്രധാനമന്ത്രിക്കയച്ച കത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. അത് പ്രകാരം കേന്ദ്രം തരേണ്ടതായിട്ടുള്ള പണം 3100 കോടി രൂപ മാത്രമാണ്. മുൻ ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നത് 5132 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ്. എന്നാൽ സഭയിൽ വന്ന് മന്ത്രിമാർ പറയുന്നത് 57000 കോടി, 61000 കോടി എന്നൊക്കെയാണ് പറയുന്നത്. ഇത് ഏത് കണക്കാണെന്ന് പറഞ്ഞാൽ നന്നായിരുന്നു.
ജിഎസ്ടി കോംപൻസേഷൻ അഞ്ച് കൊല്ലം നമ്മൾ വാങ്ങി. 14 ശതമാനം നികുതി വളർച്ച ഇല്ലെങ്കിൽ കിട്ടേണ്ട കോമ്പൻസേഷൻ അഞ്ച് വർഷവും കിട്ടി. ജിഎസ്ടി വളർച്ചാനിരക്ക് ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാനം പറയുന്നു. അങ്ങനെയെങ്കിൽ എങ്ങനെ ജിഎസ്ടി കോംപൻസേഷൻ കിട്ടാനാണ്? സാധാരണ പീരീഡിൽ 14 ശതമാനം വർധന കിട്ടേണ്ടതാണ്. അതിനു പകരം കോവിഡ് കാലത്ത് കിട്ടിയിരുന്ന -4 ശമാനത്തിൽനിന്നാണ്, കോവിഡ് കാലത്തിന് ശേഷം 20 ശതമാനം വളർച്ച ഉണ്ടായിരിക്കുന്നത്.
നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ് ഇന്ന് കേരളം. ചരിത്രത്തിലെ ഏറ്റവുംവലിയ നികുതിവെട്ടിപ്പാണ് നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ കടത്തിക്കൊണ്ടുവരുമ്പോൾ ഇവിടത്തെ നികുതിദായകരുടെ സംരംഭങ്ങൾക്ക് ഷട്ടറിടുകയാണ്. സ്വർണത്തിന് നികുതി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. നികുതിവെട്ടിപ്പ് തടയാൻ ചെറുവിരലനക്കിയിട്ടില്ല. സർക്കാരിന്റെ പ്രാഥമിക കർത്തവ്യമായ നികുതിപിരിവിൽ വൻ വീഴ്ചയാണ് ഉണ്ടാകുന്നത്. വൻ പരാജയമാണ് സംസ്ഥാനത്തിന്റെ ധനമന്ത്രി.
ബാറിന്റെ എണ്ണം കൂടുകയും ഉപഭോഗം കൂടുകയും ചെയ്തിട്ടും അതിൽനിന്നുള്ള വരുമാനം താഴോട്ടുപോകുന്നു. ബിവറേജസ് കോർപറേഷനിൽനിന്ന് കുപ്പി ബാറുകളിലേക്ക് കൊണ്ടുപോകുന്നു. എന്നിട്ട് ചില്ലറയായി വിൽക്കുന്നു. ആ പണംപോലും സർക്കാരിന് കിട്ടുന്നില്ല. നികുതിവെട്ടിപ്പ് തടയാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനേക്കൊണ്ട് പണപ്പിരിവ് നടത്തിയിട്ട് അയാൾക്ക് സമ്മാനം കൊടുക്കുകയാണ്. അക്ഷരാർഥത്തിൽ ജിഎസ്ടി അഡ്‌മിനിസ്ട്രേഷൻ എന്നൊരു സംഗതി സംസ്ഥാനത്തില്ല.