ബെസ്റ്റ് ആരോഗ്യമന്ത്രി! വിഷപ്പുക നിറഞ്ഞ് പത്താം ദിവസമാണ് മാസ്ക് ധരിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തത്; ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ? വീണ ജോർജ്ജിനെ സഭയിൽ നിർത്തിപ്പൊരിച്ച് വി ഡി സതീശൻ; ബ്രഹ്മപുരം തീപിടിത്തം സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം ഇന്ന് സഭയിൽ ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ രൂക്ഷ വിമർശനമാണ് ഈ വിഷയത്തിൽ ഉന്നയിച്ചത്. നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രി. കാരണം വിഷപ്പുക മുഴുവൻ നിറഞ്ഞ് പത്താംദിവസം കൊച്ചിയിലെ ആളുകളോട്, നിങ്ങൾ മാസ്ക് ധരിക്കണമെന്ന ഉപദേശിച്ച ഒരു ആരോഗ്യമന്ത്രി, എന്നുപറഞ്ഞായിരുന്നു സതീശൻ പ്രസംഗം ആരംഭിച്ചത്.
പ്ലാന്റ് കത്തി മൂന്നാംദിവസംതന്നെ കൊച്ചിയിൽ ഒരാരോഗ്യ പ്രശ്നവുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു കൊച്ചിയെന്നും സതീശൻ സഭയിൽ പറഞ്ഞു. സർക്കാറിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സതീശന്റെ പ്രസംഗം. വിഷപ്പുക വിഷയം അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞതോടെ പ്രതിപക്ഷം സഭവിട്ടിറങ്ങി.
വി ഡി സതീശന്റെ വാക്കൗട്ട് പ്രസംഗത്തിന്റെ പൂർണരൂപം:
ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്ക് തീ പിടിച്ച് 12 ദിവസമായി കത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്. അല്ലാതെ നിക്കരാഗോയിലെയും ഇക്വഡോറിലെയും സൗത്ത് ആഫ്രിക്കയിലെയും നമീബിയയിലെയും കാര്യമില്ല. തീ അണഞ്ഞെന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അയൽജില്ലകളിലും ഡയോക്സിൻ കലർന്ന വിഷപ്പുക പടരുകയാണ്. ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക്കാണ് കത്തുന്നത്. ശരീരത്തിലെ മുഴുവൻ അവയങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്ന രോഗങ്ങൾക്ക് ഈ പുക ഇടയാക്കുമെന്നാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ നൽകിയ മുന്നറിയിപ്പ്. വിയറ്റ്നാം യുദ്ധകാലത്ത് കാട്ടിലൊളിച്ച പട്ടാളക്കാരെയും ജനങ്ങളെയും കണ്ടെത്താൻ ഇല കൊഴിക്കുന്നതിന് വേണ്ടി അമേരിക്ക പ്രയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന രാസപദാർത്ഥത്തിൽ അടങ്ങിയിരിക്കുന്നതും ഡയോക്സിനാണ്. മൂന്ന് തലമുറ കഴിഞ്ഞിട്ടും അതിന്റെ ദുരന്തഫലങ്ങൾ വിയറ്റ്നാമിലെ ജനങ്ങൾ അനുഭവിക്കുകയാണ്.
വിഷപ്പുക നിറഞ്ഞ് പത്താം ദിവസമാണ് മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലും കൊച്ചിയിൽ ഒരു ആരോഗ്യ പ്രശ്നവും ഇല്ലെന്നാണ് മൂന്നാം ദിനത്തിൽ മന്ത്രി പറഞ്ഞത്. എവിടെ നിന്ന് കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്? വിഷയം ലഘൂകരിക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളാണ് പ്രശ്നം വഷളാക്കിയത്. ആദ്യ ദിവസത്തെ അതേ ആക്ഷൻ പ്ലാനാണ് ഇപ്പോഴും തുടരുന്നത്. എന്നിട്ടാണ് ന്യുയോർക്കിലെ ഫയർ ഫോഴ്സ് ഡെപ്യൂട്ടി ചീഫ്, ഇതാണ് ബസ്റ്റ് പ്ലാനെന്ന് ഓൺലൈൻ മീറ്റിംഗിൽ പറഞ്ഞെന്ന് തദ്ദേശ മന്ത്രി പറയുന്നത്. ഇനി അവിടെ കത്തിത്തീരാൻ ഒന്നുമില്ല. എല്ലാ കത്തി തീർന്നാലെ കരാറുകാരനെ സഹായിക്കാൻ പറ്റൂ.
വായുവും വെള്ളവും മലനപ്പെടുന്ന അവസ്ഥയാണ് ബ്രഹ്മപുരത്ത് നിലനിൽക്കുന്നത്. തീ അണയ്ക്കാൻ തളിച്ച വെള്ളം മുഴുവൻ കടമ്പ്രയാറിലേക്കാണ് ഒഴുകിയെത്തുന്നത്. പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിലാണ്. ഇന്നുവരെ ഉണ്ടാകാത്ത തരത്തിൽ വായുവും വെള്ളവും മലിനപ്പെട്ടിട്ടും വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തത്? 12 ദിവസമായിട്ടും വിഷ വാതകം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ഏതെങ്കിലും ഒരു ഏജൻസിയെ സർക്കാരോ ആരോഗ്യ വകുപ്പോ ചുമതലപ്പെടുത്തിയോ? ഗുരുതരമായ രോഗങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് ആരെയും ഭയപ്പെടുത്താനല്ല. ഗുരുതര പ്രശ്നത്തെയാണ് സർക്കാർ നിസാരമായി കൈകാര്യം ചെയ്തത്.
എറണാകുളത്ത് രണ്ട് ഓക്സിജൻ പാർലർ തുടങ്ങിയാൽ സർക്കാരിന്റെ ജോലി തീരില്ല. ആറോ ഏഴോ മെഡിക്കൽ ക്യാമ്പുകൾ മാത്രമാണ് നടത്തിയത്. കോവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്താണ് മറ്റൊരു ദുരന്തം കൂടി കെട്ടിയിറക്കുന്നത്. നാവിക സേന 750 കുപ്പി വെള്ളമാണ് ഒരു സമയത്ത് വിതറിയത്. തീയണയ്ക്കാൻ മറ്റ് എന്തെങ്കിലും സാധ്യതകളെ കുറിച്ച് പരിശോധിച്ചോ? എന്ത് ക്രൈസിസ് മാനേജ്മെന്റാണ് ഉണ്ടായിരുന്നത്? മാലിന്യം കത്തിക്കോട്ടെയെന്ന നിലപാടിലായിരുന്ന സർക്കാർ. മുഴുവൻ കത്തി തീർന്നാലേ കരാറുകാരനെ സഹായിക്കാൻ കഴിയൂ. ഉത്തരവാദിത്തം ഏറ്റെടുക്കാതെ എല്ലാവരും കൈ കഴുകി മാറി നിന്നതോടെ എറണാകുളത്തെ ജനങ്ങൾക്ക് അനാഥത്വം അനുഭവപ്പെട്ടു.
മാലിന്യമല രൂപപ്പെടുത്തിയത് യു.ഡി.എഫ് കാലത്താണെന്നാണ് തദ്ദേശ മന്ത്രി പറഞ്ഞത്. 2013-ൽ ഏറ്റവും നല്ല മാലിന്യ പ്ലാന്റിനുള്ള അവാർഡ് ബ്രഹ്മപുരത്തിന് ലഭിച്ചിട്ടുണ്ട്. ലെഗസി വേസ്റ്റ് നീക്കം ചെയ്യാനുള്ള നടപടിയുമായി കോർപറേഷൻ മുന്നോട്ട് പോയി. എന്നാൽ ലെഗസി വേസ്റ്റ് നീക്കം ചെയ്യാനുള്ള ജോലി ദുരന്തനിവാരണ നിയമ പ്രകാരം തദ്ദേശ സ്ഥാപനത്തിൽ നിന്നും സർക്കാർ ഏറ്റെടുത്തു കൊണ്ട് 2020ൽ ഉത്തരവിറക്കി. തദ്ദേശ വകുപ്പിന്റെ മേൽനോട്ടത്തിൽ മാത്രം ബ്രഹ്മപുരത്തെ ലെഗസി വേസ്റ്റ് നീക്കം ചെയ്താൽ മതിയെന്നും അതുമായി ബന്ധപ്പെട്ടുള്ള കൊച്ചി കോർപറേഷന്റെ എല്ലാ ടെൻഡർ നടപടികളും റദ്ദാക്കുകയും ചെയ്തു. എന്നിട്ട് മൂന്നു കൊല്ലമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.
പത്തുകോടി രൂപയുടെ പ്രവൃത്തിപോലും ചെയ്യാത്ത കമ്പനിക്കാണ് ബയോ മൈനിങ് കരാർ നൽകിയത്. 22 കോടി നൽകിയിട്ടും മാലിന്യം നീക്കിയിട്ടില്ല. പരിശോധന നടത്തുമ്പോൾ മാലിന്യം നീക്കിയിട്ടില്ലെന്ന് വ്യക്തമാകുമെന്ന് വന്നതോടെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. കൊള്ളക്കാരായ ആ കമ്പനിയെയാണ് മന്ത്രി ന്യായീകരിച്ചത്. അഴിമതിക്ക് സർക്കാർ കുടപിടിക്കുകയാണ്. കമ്പനിക്ക് വേണ്ടി കമ്പനി പ്രതിനിധി സംസാരിക്കുന്നതു പോലെയാണ് മന്ത്രി സംസാരിച്ചത്. 12 ദിവസമായിട്ടും തീപിടിത്തത്തെ കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയോ? വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തദ്ദേശ വകുപ്പ് മന്ത്രി നിയമസഭയിൽ വന്ന് തീയിട്ട കരാറുകാരെ ന്യായീകരിക്കുന്നത്.
പ്ലാന്റിലെ തീപിടിത്തത്തിൽ സിബിഐ അന്വേഷണം നടത്തണം. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. സർക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റാതെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പാക്കാൻ കൂട്ട് നിന്ന ആരോഗ്യവകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്ക്കരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ