ഇടുക്കി ജില്ലയിൽ പട്ടയഭൂമിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കണം; പട്ടയ ഭൂമിയിൽ വീടൊഴികെയുള്ള മറ്റൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതി; ഭൂപതിവ് ചട്ടം ലംഘിച്ചതിന്റെ പേരിലുള്ള പരിശോധനകളും സ്ഥിതി കൂടുതൽ വഷളാക്കുന്നു: പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടുക്കി ജില്ലയിൽ പട്ടയ ഭൂമിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ 2019 ഓഗസ്റ്റ് 22ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് ഗുരുതരമായ പ്രശ്നങ്ങളാണ് ഇടുക്കി ജില്ലയിലുണ്ടായിരിക്കുന്നത്. ഈ ഉത്തരവോടെ പട്ടയ ഭൂമിയിൽ വീടൊഴികെയുള്ള മറ്റൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത് കൂടാതെ ഭൂപതിവ് ചട്ടം ലംഘിച്ചതിന്റെ പേരിലുള്ള പരിശോധനകളും സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്.
2019 ഡിസംബറിൽ ചേർന്ന സർവകക്ഷിയോഗത്തിൽ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഭൂപതിവ് ചട്ടലംഘനത്തിന്റേ പേരിലുള്ള പരിശോധന നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി ഇടുക്കി സന്ദർശനവേളയിൽ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ പത്ത് ദിവസം കഴിഞ്ഞപ്പോൾ പരിശോധനകൾ കർശനമാക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. സർക്കാർ ഭൂമി കൈയേറി നടക്കുന്ന നിർമ്മാണങ്ങളെയും പട്ടയ ഭൂമിയിലെ നിർമ്മാണങ്ങളെയും ഒരേ ഗണത്തിൽപ്പെടുത്തിയാണ് പരിശോധന നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പട്ടയ നടപടികൾ പാതി വഴിയിൽ നിൽക്കേ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന 6 ഭൂ പതിവ് ഓഫീസുകളിൽ 5 എണ്ണം 2023 മാർച്ച് 31 ഓടെ അടച്ചു പൂട്ടാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണം. 43000 അപേക്ഷകർക്ക് ജില്ലയിൽ പട്ടയം നൽകുവാനുണ്ടന്നാണ് കണക്കുകൾ വ്യകതമാക്കുന്നത്. കൂടാതെ വ്യാപാര സ്ഥാപനങ്ങൾ, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, 10 ചെയിൻ, 3 ചെയിൻ, മേഖലകളിലും പട്ടയം നൽകുകൂനുണ്ട്. ജില്ലയിലെ പട്ടയ നടപടികൾ പൂർത്തിയാക്കുന്നത് വരെ ഭൂ പതിവ് ഓഫീസുകളുടെ പ്രവർത്തനം തുടരാൻ സർക്കാർ അനുവദിക്കണം.
മറുനാടന് മലയാളി ബ്യൂറോ