സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു വരുത്തി; എന്തിനാണ് ഭയക്കുന്നത്? വാട്സ് ആപ് ചാറ്റ് പുറത്തു വരുമ്പോൾ അത് പറയരുത് എന്ന് പറയുന്നത് എങ്ങിനെ ശരിയാകും; റിമാൻഡ് റിപോർട്ടിനെ കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ശരിയാണോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച വാദങ്ങളെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിരോധം തീർത്തത്. കോൺഗ്രസ് കേന്ദ്ര ഏജൻസികളുടെ നാവാകുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് സതീശൻ പ്രതിരോധം തീർത്തത്.
സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശൻ 'എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്' എന്നും പരിഹസിച്ചു. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സിബിഐ വരാതിരിക്കാൻ ആണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൂടി പങ്കളിത്തം ഉള്ള ലോക്കറിൽ നിന്നാണ് 63 ലക്ഷം കണ്ടെടുത്തത്. 9.25 കോടി ആണ് ഈ കോഴ. ലൈഫ് മിഷനിൽ കോഴ നടന്നു എന്ന് മുൻപ് തോമസ് ഐസക്കും എ കെ ബാലനും പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ കോഴ ഇന്ത്യയിൽ വേറെ വന്നിട്ടില്ല. എന്തിന് ബിഹാറിൽ പോലും നടന്നിട്ടില്ല. ലൈഫ് മിഷൻ കോഴയിൽ സർക്കാരിന് പങ്കില്ല എങ്കിൽ എന്തുകൊണ്ട് സിബിഐയെ എതിർക്കുന്നുവെന്നും സതീശൻ ചോദിച്ചു.
പഴയ വീഞ്ഞ് തന്നെയാണ് വീണ്ടും ഇറക്കുന്നത്. പഴയ ശിവശങ്കർ വീണ്ടും അറസ്റ്റിലാകുന്നു. തങ്ങൾക്ക് ഈ കേസിലെ മദനകാമ രാജൻ കഥകളോട് താൽപര്യം ഇല്ല. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞ കഥകൾ ഓർക്കണം. കേരളത്തിൽ കെട്ടിടം നിർമ്മിക്കാൻ യുഎഇ കോൺസുലേറ്റ് ക്വട്ടേഷൻ വിളിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ലൈഫ് മിഷൻ ചെയർമാൻ ആണ് മുഖ്യമന്ത്രി. വാട്സ് ആപ് ചാറ്റ് പുറത്തു വരുമ്പോൾ അത് പറയരുത് എന്ന് പറയുന്നത് എങ്ങിനെ ശരിയാകും. റിമാൻഡ് റിപോർട്ടിനെ കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ശരിയാണോ? എന്നും സതീശൻ ചോദിച്ചു.
ഇഡി മൂന്നു കൊല്ലം എവിടെ പോയിരുന്നുവെന്നും സതീശൻ പരിഹസിച്ചു. എന്നിട്ട് ഇപ്പോൾ ഇപ്പൊൾ പാൽക്കുപ്പിയുമയി വന്നിരിക്കുന്നു. മന്ത്രി കൗശലം കാണിച്ചുവെന്നും വിഷയത്തിലേക്ക് കടന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം ഉണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയ കാലത്ത് ചെയ്ത തെറ്റിനാണ് ശിവശങ്കർ അറസ്റ്റിലായത്. സ്വപ്ന പറയുന്ന എല്ലാ കാര്യങ്ങളും തങ്ങൾ ഏറ്റുപാടിയിട്ടില്ലെന്നും സതീശൻ സഭയിൽ പറഞ്ഞു.
നേരത്തെ യുഎഇ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ ചോദിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിചിരുന്നു. 'പച്ചക്കള്ളമാണ്. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റിന്റെ മറവിൽ കോടികളുടെ ക്രമക്കേട് നടന്നതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതും സംബന്ധിച്ചായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയം. ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോൺസുലേറ്റിന് റെഡ് ക്രസന്റുമായി കരാറിൽ ഏർപ്പെടാൻ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റിൽ പറയുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
'പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കർ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കിൽ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. സർക്കാർ പല ആവർത്തി നിഷേധിച്ച കാര്യങ്ങൾ പുറത്തുവരികയാണ്. 2019 ജൂലൈയിലെ ഇഡി റിമാൻഡ് റിപ്പോർട്ടിൽ കോൺസുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയെന്ന് പറയുന്നുണ്ട്' മാത്യു കുഴൽനാടൻ പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ പറയുന്നതെന്നും താൻ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നൽകി.
റിമാൻഡ് റിപ്പോർട്ടിനെതിരെ കോടതിയിൽ പോകാൻ തയാറുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ' ആരോപണം നിഷേധിക്കുന്നുണ്ടോ എന്നു ചോദിച്ചു. അതിനാണ് മറുപടി പറഞ്ഞത്. ഏജൻസിയുടെ വക്കാലത്തുമായാണ് വന്നതെങ്കിൽ അങ്ങനെ കാണണം. സഭയിൽ പറയാൻ ആർജവമുണ്ട്. അതിനു കോടതിയിൽ പോകേണ്ടതില്ല.' മുഖ്യമന്ത്രി തിരിച്ചടിച്ചു. താൻ എഴുതിയ തിരക്കഥയല്ലെന്നും അന്വേഷണ ഏജൻസി കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിൽ കോടതിയിലെ സമീപിക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 'ഇപ്പോൾ സർക്കാർ സംവിധാനം ഉണ്ട്. മാത്യു കുഴൽനാടന്റെ ഉപദേശം ഇപ്പോൾ വേണ്ട.' മുഖ്യമന്ത്രി മറുപടി നൽകി.
മറുനാടന് ഡെസ്ക്