തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായിക്ക് മുന്നിൽ വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും മീതെയാണ് പിണറായി. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമാണ്. അടിസ്ഥാന ആവശ്യങ്ങളിൽ ഒരു ഒത്തുതീർപ്പിനുമില്ല. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സഭ നടത്താൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമിച്ച ഭരണപക്ഷ എംഎ‍ൽഎമാർക്കൊപ്പം സഭയിൽ ഇരിക്കാനാവില്ല. റൂൾ 50 മുഖ്യമന്ത്രിയെ അലോസര പ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇന്നും പ്രതിപക്ഷ നേതാവ് വിമർശനം ഉയർത്തി. റിയാസിനെ പോലെ എംഎ‍ൽഎയായ ഉടൻ മന്ത്രിയാകാനുള്ള ഭാഗ്യം എല്ലാവർക്കും ലഭിക്കണമെന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് യു.ഡി.എഫ് എംഎ‍ൽഎമാരെ സിപിഎം എംഎ‍ൽഎമാരും വാച്ച് ആൻഡ് വാർഡും മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും മർദ്ദിച്ചതെന്നം സതീശൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇങ്ങനെ:

കെ.കെ രമയുടെ കൈയൊടിഞ്ഞു. 51 വെട്ട് വെട്ടി കൊന്നിട്ടും ടി.പിയുടെ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ അവരെ കാല് മടക്കി തൊഴിച്ച ഭരണപക്ഷ എംഎ‍ൽഎ സഭയിൽ ഇരിക്കുമ്പോൾ ഞങ്ങൾക്ക് എങ്ങനെയാണ് നിയമസഭയുമായി യോജിച്ച് പോകാനാകുന്നത്? വനിതാ എംഎ‍ൽഎയെ കാല് മടക്കി തൊഴിച്ച അമ്പലപ്പുഴ എംഎ‍ൽഎയ്ക്കും സച്ചിൻദേവ് എംഎ‍ൽഎയ്ക്കും എതിരെ നടപടിയെടുക്കണം. പ്രകോപനമുണ്ടാക്കിയ ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും നടപടി സ്വീകരിക്കണം.

അടിയന്തിര പ്രമേയങ്ങളിലൂടെ വിഷയങ്ങൾ അവതരിപ്പിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. എന്നാൽ കുറെ ദിവസമായി മുഖ്യമന്ത്രിക്ക് ഇത് അലോസരവും അസൗകര്യവും ഉണ്ടാക്കുന്നു. ഇന്നത്തെ സർവകക്ഷിയോഗത്തിലും ഞങ്ങൾക്ക് ഇഷ്ടമുള്ളത് തരുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അങ്ങനെ ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റാനല്ല പ്രതിപക്ഷം പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണ്. അടിയന്തിര പ്രമേയ ചർച്ചകളെ പേടിയാണ്. മുഖ്യമന്ത്രിയും സർക്കാരും പ്രതിക്കൂട്ടിലാകുന്നതിൽ നിന്നും രക്ഷപ്പെടാനാണ് അടിയന്തിര പ്രമേയത്തിന് അനുമതി നൽകില്ലെന്ന നിലപാടെടുത്തിരിക്കുന്നത്.

ഐ.ജി.എസ്.ടി, കെ.എസ്.ആർ.ടി.സി, എറണാകുളത്തെ ലാത്തിച്ചാർജ്, പെൺകുട്ടിക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു കാരണവും ഇല്ലാതെയാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്. സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നു എന്നതാണ് സ്പീക്കറിനെതിരായ പ്രതിപക്ഷത്തിന്റെ പരാതി. ഒരു കാരണവശാലും ചർച്ച ഇല്ലെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി അടിയന്തിര പ്രമേയം വേണമെങ്കിൽ മുഖ്യമന്ത്രി തീരുമാനിക്കും. മുഖ്യമന്ത്രിക്ക് അസൗകര്യമില്ലാത്ത കാര്യങ്ങൾ മാത്രം അനുവദിക്കും. അങ്ങനെയുള്ള ഔദാര്യം കൈപ്പറ്റാൻ വേണ്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളതെന്ന് ഓർമ്മിപ്പിക്കുന്നു. അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശത്തിൽ കൈകടത്തിയുള്ള ഒരു ഒത്തുതീർപ്പും അനുവദിക്കില്ല. പിണറായി വിജയൻ മോദിക്ക് പഠിക്കുന്നുവെന്നാണ് നേരത്തെ എല്ലാവരും പറഞ്ഞിരുന്നത്. എന്നാലിപ്പോൾ മോദിക്കും മേലെ സ്റ്റാലിൻ ആകാനുള്ള ശ്രമമാണ് നടത്തുന്നത്.

സഭാ ടിവിയിൽ പ്രതിപക്ഷ പ്രതിഷേധം കാണിക്കില്ല, അടിയന്തിര പ്രമേയ ചർച്ച അനുവദിക്കില്ല എന്നതൊക്കെയുള്ളത് കേട്ടുകേൾവിയില്ലാത്തതാണ്. ഭരണപക്ഷം പറയുന്ന അനുവദിക്കുന്ന അവസരങ്ങളിൽ മാത്രം പ്രതിപക്ഷം സംസാരിക്കണം എന്ന നിലയിലേക്ക് കേരള നിയമസഭയുടെ നിലവാരം, സഭാനാഥനായ മുഖ്യമന്ത്രി ഇടിച്ച് താഴ്‌ത്തുകയാണ്. അതിനോട് യോജിക്കാനാകില്ല. സഭാ ടിവിയുമായി സഹകരിക്കേണ്ടതില്ലെന്നതാണ് പ്രതിപക്ഷ തീരുമാനം. സഭാ ടി.വിയുടെ ഉന്നതതല സമിതിയിലുള്ള പ്രതിപക്ഷ എംഎ‍ൽഎമാരായ മോൻസ് ജോസഫ്, എം. വിൻസെന്റ്, റോജി എം. ജോൺ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ രാജിവയ്ക്കും.

സ്പീക്കറെ തടയില്ലെന്നും മുറിയിലേക്ക് കയറില്ലെന്നും ഉറപ്പ് നൽകിയാണ് സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അവിടെ ഭരണകക്ഷി എംഎ‍ൽഎമാർക്ക് എന്താണ് കാര്യം? ആദ്യമായല്ല ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത്. ഇപ്പോൾ ആശുപത്രിയിൽ കിടക്കുന്ന ഡെപ്യൂട്ടി ചീഫ് മാർഷലിന് അഭിനയത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നൽകണം. ഡെപ്യൂട്ടി ചീഫ് മാർഷൽ ഷൂ ഇട്ടാണ് എംഎ‍ൽഎയുടെ നെഞ്ചത്ത് ചവിട്ടിയത്. എല്ലാവരെയും ചവിട്ടിമെതിച്ചിട്ടാണ് അയാൾ ആശുപത്രിയിൽ കിടക്കുന്നത്. സിപിഎം ഗുണ്ടയെ പോലെയാണ് അയാൾ പെരുമാറിയത്.


പേപ്പർ ടേബിൾ ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞത് എന്ത് മര്യാദയാണ്? ഇന്നലെ അദ്ദേഹം പറഞ്ഞതിൽ ചില യാഥാർത്ഥ്യങ്ങളുണ്ട്. അത് അംഗീകരിക്കുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാക്കന്മാരായിരുന്നവരുടെ പാരമ്പര്യമൊന്നും ഇല്ലെന്നു പറഞ്ഞത് സത്യമാണ്. പി.ടി ചാക്കോ മുതൽ രമേശ് ചെന്നിത്തല വരെയുള്ളവരുടെ ശ്രേണിയിൽപ്പെട്ട ഒരാളല്ല ഞാൻ. അവരെല്ലാം ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന അഭിമാനമുണ്ട്. അവരൊന്നും പ്രവർത്തിക്കുന്ന രീതിയിലല്ല ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ പക്ഷെ സ്പോൺസേർഡ് സീരിയലിൽ അല്ല പ്രവർത്തിക്കുന്നത്. ബിജെപിയുമായുള്ള അന്തർധാരയെ കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി. ഗോപാലൻകുട്ടിയെയും വത്സൻ തില്ലങ്കേരിയെയും കാണാൻ കാറ് മാറി കയറി പോയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാചകവാതക വിലക്കയറ്റത്തിനെതിരെയും മോദിയുടെ കേരളം പിടിക്കുമെന്ന പ്രസ്താവനയ്ക്കെതിരെയും ഒന്നും പറഞ്ഞില്ലെന്നതാണ് മറ്റൊരു ആരോപണം. മന്ത്രി വല്ലപ്പോഴുമൊക്കെ പത്രം വായിക്കുന്നത് നല്ലതാണ്. ലാവലിൻ കേസിലും സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ കേസുകളിലും ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഇതിനൊക്കെ പകരമായാണ് ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കിയത്. സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവൻ ആക്ഷേപിച്ചിട്ടും ഒരു നോട്ടീസ് പോലും അയ്ക്കാത്ത ആളിന്റെ നട്ടെല്ലാണോ വാഴപ്പിണ്ടിയും വാഴനാരുമെന്നാണ് ആലോചിക്കേണ്ടത്. ഞാൻ ജയിലിൽ കിടന്നില്ലെന്നൊക്കെയാണ് പറയുന്നത്. എംഎ‍ൽഎയായി കാൽ നൂറ്റാണ്ടോളം ആകുകയാണെങ്കിലും അദ്ദേഹത്തിന്റെ അത്രയും ഭാഗ്യം എനിക്കില്ല. ആദ്യം എംഎ‍ൽഎ ആയപ്പോൾ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. പരിണിതപ്രജ്ഞരായ ആളുകൾ നിരവധിയുള്ളപ്പോൾ പെട്ടന്ന് മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയതിന്റെ പരിഭ്രമം കൊണ്ടാകാം അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്.


അടിയന്തിര പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രണ്ടു തവണ മറുപടി പറയാനുള്ള അവസരം ഉണ്ടായിട്ടും എന്തിനാണ് ഭയപ്പെടുന്നത്. പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗത്തിന് ശേഷവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രസംഗിക്കാനുള്ള അവസരമുണ്ടാക്കുന്നതിനെ കുറിച്ചാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. അതിന് വേണ്ടി നിയമം ഭേദഗതി ചെയ്യാനുള്ള ആലോചനകളാണ് നടക്കുന്നത്. സർക്കാർ പ്രതിരോധത്തിലാകുന്ന രീതിയിലേക്ക് അടിയന്തിര പ്രമേയ ചർച്ച പോകുന്നതുകൊണ്ടാണ് അത് വേണ്ടെന്നു വയ്ക്കുന്നത്. എല്ലാ ഏകാധിപതികളും ഇതുതന്നെയാണ് ചെയ്യുന്നത്. ശല്യമായി തുടങ്ങിയതു കൊണ്ടാണ് അടിയന്തിര പ്രമേയം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നത്.


ബ്രഹ്മപുരത്തെ തീ അണഞ്ഞാലും വിഷവാതകം അന്തരീക്ഷത്തിൽ നിൽക്കുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒന്നും ചെയ്തില്ല. മന്ത്രിമാർ നിരുത്തരവാദപരമായ പെരുമാറുമ്പോഴാണ് അവരെ വിമർശിക്കുന്നത്. അത് എങ്ങനെ വ്യക്തിപരമാകും? ആരോഗ്യമന്ത്രിയുടെ കെടുകാര്യസ്ഥതയും അനാസ്ഥയും പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷ എംഎ‍ൽഎയും ചൂണ്ടിക്കാട്ടി. എം.ബി രാജേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കരാറുകാരെ പത്ത് മിനിട്ടോളം ന്യായീകരിച്ചു. അപ്പോൾ പിന്നെ ആ കമ്പനിയുടെ വക്കീലാണോയെന്ന് ചോദിക്കേണ്ടി വരും. ഇതിനും മുൻപും നിയമസഭയിൽ എത്രയോ നേതാക്കളുമായി സംവദിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത അസ്വസ്ഥതയാണ് ഇപ്പോൾ കാട്ടുന്നത്. വിമർശിക്കാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിലയിലേക്ക് മന്ത്രിമാരും മാറിയിരിക്കുകയാണ്. ബ്രഹ്മപുരത്ത് സർക്കാർ കാണിച്ചു കൂട്ടിയ അതിക്രമങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും.

കെ.കെ രമയുടെ കൈയൊടിച്ചിട്ടും സോഷ്യൽ മീഡിയയിലും സിപിഎം പ്രചരണം നടത്തുകയാണ്. അവരുടെ ഒടിവില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ അതിന് മറുപടി പറയേണ്ടത് ആരോഗ്യമന്ത്രിയാണ്. മുഖ്യമന്ത്രി എല്ലാത്തിലും അസ്വസ്തനാണ്. പ്രതിപക്ഷാംഗങ്ങൾ പ്രസംഗിക്കുമ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് ബഹളമുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവിയിരുന്നപ്പോൾ വി എസ് അച്യുതാനന്ദൻ പ്രസംഗിക്കുമ്പോൾ ഒരു തവണ ഒഴികെ ഭരണപക്ഷത്തെ ആരും അദ്ദേഹത്തെ തടസപ്പെടുത്തിയിട്ടില്ല. മന്ത്രിയുടെ കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീത്വത്തോടുള്ള അവഹേളനമാകുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കിൽ അവർക്കെതിരെ ഒന്നും മിണ്ടാൻ പറ്റില്ലല്ലോ. നടപ്പിലും ചിരിയിലും സംസാരത്തിലുമൊക്കെ ആർക്കാണ് കാപട്യമുള്ളതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.