മോദി സർക്കാരിന്റെ അതേ നിലപാട്, സഭാ നടപടികളുമായി സഹകരിക്കാനാകില്ലെന്ന് വി ഡി സതീശൻ; നിയമസഭയിൽ പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പരിഞ്ഞു; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കില്ല; 30-ാം തീയതി വരെ തുടരാൻ കാര്യോപദേശക സമിതിയിൽ തീരുമാനം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡും ബാനറുമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് പൊലീസിനെ അയച്ച മോദി സർക്കാരിന്റെ അതേ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. വനിതാ എംഎൽഎമാർ ഉൾപ്പടെയുള്ളവർക്കെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. ഒരു ചർച്ചയും നടന്നിട്ടില്ല. സഭയുമായി സഹകരിച്ചു പോകാനാകില്ല. സർക്കാർ പ്രതിപക്ഷത്തെ മനപ്പൂർവ്വം പ്രകോപിപ്പിക്കുകയാണ്. സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നു. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സഭയിൽ ചോദ്യോത്തര വേള തുടരുന്നത്.
നിയമസഭയിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം. ലോ- കോളേജ് സംഘർഷം ഉന്നയിക്കുക, മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയം ഉന്നയിച്ച് നോട്ടീസ് നൽകുന്നത് തുടർച്ചയായി ഇത് അഞ്ചാം തവണയാണ്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
അതസമയം സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഈ മാസം 30 വരെയുള്ള നടപടികൾ ഷെഡ്യൂൾ ചെയ്തു. നടപടിക്രമങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് തുടർച്ചയായി നിയമസഭ സ്തംഭിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കർ കാര്യോപദേശക സമിതി യോഗം വിളിച്ചത്.
പ്രതിപക്ഷ നിസഹകരണം ഉണ്ടാകുകയും സഭ പ്രക്ഷുബ്ധമാകുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്. എന്നാൽ സഭ നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി നടപടികൾ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതിൽ സ്പീക്കർക്ക് വിയോജിപ്പായിരുന്നു. ഷെഡ്യൂൾ ചെയ്ത നാല് ബില്ലുകൾ ഇനിയും പാസാക്കാനുണ്ട്.
മറുനാടന് ഡെസ്ക്