സംസ്ഥാനത്തെ ഗുരുതര ധനപ്രതിസന്ധിയിൽ മന്ത്രിക്ക് മറുപടിയില്ല; സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാൻ എംപിമാരെ കുറ്റപ്പെടുത്തുന്നു; നികുതി വകുപ്പ് പരാജയം; കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ; ധനവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിയന്തര പ്രമേയ ചർച്ചയിലാണ് സതീശൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നത്. സംസ്ഥാനം കനത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും ആദ്യം ഇക്കാര്യം അംഗികരിക്കാൻ തയാറായില്ലെങ്കിലും, സംസ്ഥാനം മുൻപെങ്ങും അഭിമുഖീകരിക്കാത്ത തരത്തിലുള്ള സാമ്പത്തിക ബുദ്ധിമൂട്ട് അനുഭവിക്കുന്നുണ്ടെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ധനമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ധനപ്രതിസന്ധിയുടെ ഭാഗമായി ക്ഷേമപ്രവർത്തനങ്ങൾ നിർത്തിവച്ചു. ട്രഷറിയിൽ അഞ്ച് ലക്ഷം രൂപയിൽ കൂടുതലുള്ള ചെക്കുകൾ മാറുന്നില്ല. ഓട പോലും പണിയാൻ പറ്റാത്ത സ്ഥിതിയിലേക്ക് സർക്കാർ മാറിയിരിക്കുകയാണ്. പണം ഇല്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരം സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ കണ്ടെത്തുന്നതാണ് ഗുഡ് ഗവേണൻസ്. നികുതി കൃത്യമായി പിരിച്ച വരുമാനത്തിന് അനുസരിച്ച് ചെലവഴിച്ച് ജനക്ഷേമകരമായ പരിപാടികളും വികസനപ്രവർത്തനങ്ങളും നടത്തി മുന്നോട്ട് പോകുന്നതാണ് സദ്ഭരണം. ഞങ്ങൾ ചില വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ മന്ത്രിമാരുടെ മുഖത്തും സന്തോഷമാണ്. അവരുടെ വകുപ്പിലെ ദുരിതം ഞങ്ങളാണ് ഇവിടെ വന്ന് പറയുന്നത്.
കേന്ദ്രത്തിന്റെ ഡിവിസീവ് പൂളിൽ നിന്നും സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതം 1.925 ശതമാനമായി കുറഞ്ഞു. അത് വർധിപ്പിക്കണമെന്നതാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. ഇക്കാര്യം ദേശീയതലത്തിലും പാർലമെന്റിലും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ഒന്നിച്ച് നിന്ന് പോരാടാനും ഞങ്ങൾ തയാറാണ്. പക്ഷെ സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 2021 മുതൽ 2026 വരെ 53000 കോടി രൂപയാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി കിട്ടിയത്. ഏറ്റവും കൂടുതൽ വിഹിതം കിട്ടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അത് കുറഞ്ഞു പോയി എന്ന് പറയുന്നതിൽ കാര്യമില്ല. നികുതി പിരിവിലെ കുറവാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. വാറ്റിൽ നിന്ന് ജി.എസ്.ടിയിലേക്ക് മാറിയിട്ടും ഇവ രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പോലും സംസ്ഥാന നികുതി വകുപ്പിന് മനസിലായിട്ടില്ല.
ജി.എസ്.ടി കൊണ്ടുവന്നപ്പോൾ നികുതി വരുമാനം ഏറ്റവും കൂടുതൽ വർധിക്കേണ്ട സംസ്ഥാനമായിരുന്നു കേരളം. വാറ്റിന് അനുകൂലമായ നികുതി ഭരണ സംവിധാനം ജി.എസ്.ടിക്ക് അനുകൂലമായി പുനഃസംഘടിപ്പിക്കാൻ സംസ്ഥാനം ഇതുവരെ തയാറാകാത്തതാണ് നികുതി വരുമാനം വർധിക്കാത്തതിന് കാരണം. ഇക്കാര്യം നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അതിന് തയാറായില്ല. കോംപൻസേഷൻ കിട്ടുമെന്നാണ് മുൻ ധനകാര്യമന്ത്രി പറഞ്ഞത്. കോംപൻസേഷൻ അഞ്ച് വർഷം കഴിയുമ്പോൾ അവസാനിക്കുമെന്നും വരുമാനം കുറയുമെന്നും അന്ന് മുന്നറിയിപ്പ് നൽകിയതാണ്. ചെക്ക് പോസ്റ്റുകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വൻ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്. 2020 ഡിസംബറിൽ പ്രതിപക്ഷം പുറത്തിറക്കിയ ധവള പത്രത്തിലെ മുന്നറിയിപ്പുകൾ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
എസ്.ജി.എസ്.ടിയുടെ ഒന്നര ശതമാനം ഇരട്ടി കിട്ടേണ്ട ഐ.ജി.എസ്.ടിയും കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്ന് നഷ്ടമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ നഷ്ടം 50000 കോടിക്കും 75000 കോടിക്കും ഇടയിലാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലും എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഈ റിപ്പോർട്ടുകൾ. നികുതി ഭരണ സംവിധാനം പരിതാപകരമായി പരാജയപ്പെട്ടത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി പരിശോധിക്കണം.
80 മുതൽ 100 ശതമാനം വരെയാണ് വിലക്കയറ്റം. എന്നാൽ ഇതിന് ആനുപാതികമായി നികുതി പരിവിൽ വർധനവുണ്ടായില്ല. നികുതി വകുപ്പിലെ എഴുനൂറോളം ജീവനക്കാർ വെറുതെ ഇരിക്കുകയാണ്. വാറ്റ് കുടിശിക പിരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. 13000 ത്തോളം കോടിയാണ് ഇതിലൂടെ നഷ്ടമായത്. സ്വർണം, മദ്യം, സേവന മേഖല, കെട്ടിടനിർമ്മാണ സാമഗ്രികൾ, ടെക്സ്റ്റൈൽസ് എന്നിവയിലും നികുതി വരുമാനം കൂടിയില്ല. സ്വർണത്തിന് വില കൂടിയിട്ടും പത്ത് വർഷം മുൻപുള്ള നികുതി വരുമാനം പോലും ലഭിക്കുന്നില്ല. ഒരു ഗ്രാം സ്വർണത്തിന് 500 രൂപ വിലയുണ്ടായിരുന്നപ്പോൾ കിട്ടിയ നികുതി പോലും വില 5000 രൂപയായി വർധിച്ചിട്ടും സംസ്ഥാനത്തിന് പിരിഞ്ഞ് കിട്ടുന്നില്ല. ആ പണം എവിടെ പോയി. സ്വർണ നികുതി പോലും പിരിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് അധികാരത്തിൽ ഇരിക്കുന്നത്?
നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി വളരുന്നത്. എന്നാൽ വൻനികുതി വെട്ടിപ്പാണ് കെട്ടിടനിർമ്മാണ സാമഗ്രികളുടെ വ്യാപാരത്തിൽ നടക്കുന്നത്. ഈ മേഖലയിൽ നിന്നുള്ള നികുതി കുറയുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കും. ഇന്ധന സെസ് കൂട്ടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ രണ്ട് രൂപ വർധന പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഇന്ധന വില കൂടിയതോടെ ഡീസലിന്റെ ഉപഭോഗം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു.
രണ്ട് രൂപയുടെ സെസ് വർധിപ്പിച്ചതിന്റെ ഗുണം സംസ്ഥാന ഖജനാവിന് കിട്ടിയില്ലെന്നു മാത്രമല്ല വരുമാനത്തിലും കുറവുണ്ടാക്കി. രണ്ടു രൂപയുടെ വരുമാനക്കുറവ് മാത്രമല്ല, കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട നികുതി വിഹിതവും കുറഞ്ഞു. പ്രതിപക്ഷം സമരം ചെയ്തിട്ടും വാശിയോടെ നടപ്പാക്കിയ സെസ് വർധനവിലൂടെ കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. നികുതി പരിക്കുന്നതിലുള്ള സർക്കാരിന്റെ പരാജയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കടക്കെണിയിൽ കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളുടെ അവസ്ഥയിലേക്കാണ് ഈ സർക്കാർ കേരളത്തെ എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നികുതി പിരിവ് സംബന്ധിച്ച ഗൗരവതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ചർച്ചയിൽ ഉന്നയിച്ചത്. 44 മിനിട്ട് സംസാരിച്ച ധനകാര്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് ഒരു മറുപടിയും നൽകിയില്ല. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 18 എംപിമാരുടെ തലയിൽ ഇതെല്ലാം കെട്ടിവയ്ക്കാനാണ് ധനകാര്യമന്ത്രി ശ്രമിച്ചത്. നികുതി വകുപ്പ് തികഞ്ഞ പരാജയമാണ്. കേരളത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ നികുതി വകുപ്പിനെ കുറിച്ച് മന്ത്രി അഭിമാനം കൊള്ളുകയാണ്. അഞ്ച് നയാപൈസ കയ്യിലില്ലാത്തപ്പോൾ കേരളം നല്ലരീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നാണ് മന്ത്രി പറയുന്നതെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ