കോടികളുടെ കുടിശികയാണ് സർക്കാർ വരുത്തിവച്ചിരിക്കുന്നത്; പാവങ്ങളെ ചേർത്ത് നിർത്താൻ കാലാകാലങ്ങളായി ഭരിച്ച സർക്കാരുകൾ നടപ്പാക്കിയ സാമൂഹിക സുരക്ഷാ പദ്ധതികളാണ് മുടങ്ങിയിരിക്കുന്നത്; ധനസ്ഥിതി പോകുന്നത് അപകടകരമായ നിലയിലേക്കെന്ന് വി ഡി സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കോടികളുടെ കുടിശികയാണ് സർക്കാർ വരുത്തിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. സപ്ലൈകോ- 3000 കോടി, സാമൂഹ്യ സുരക്ഷാ പെൻഷൻ- 5400 കോടി, കാരുണ്യ ഇൻഷുറൻസ് പദ്ധതി- 1128 കോടി, കാരുണ്യ ബെനെവെലന്റ് ഫണ്ട്-198 കോടി, ഡി.എ, ഡി.ആർ, പേ റിവിഷൻ അരിയർ, പെൻഷൻ റിവിഷൻ അരിയർ, ലീവ് സറണ്ടർ- 40,000 കോടി, കരാറുകാർക്ക് 16,000 കോടി എന്നിങ്ങനെയാണ്.
എസ്.ടി വിദ്യാർത്ഥികൾക്കുള്ള വിദ്യാവാഹിനി പദ്ധതി- ആറ് കോടി, കെട്ടിട തൊഴിലാളി ക്ഷേമനിധി പെൻഷൻ: ഒരു വർഷം കുടിശിക, ഉച്ചഭക്ഷണം- 91.51 കോടി. ഇത്തരത്തിൽ എല്ലാ സമൂഹിക സുരക്ഷാപദ്ധതികളും ഇല്ലാതായി. സൺറൈസ് സമ്പദ് വ്യവസ്ഥയിൽ സാമൂഹിക സുരക്ഷാ പദ്ധതികളൊക്കെ എവിടെപ്പോയി? പാവങ്ങളെ ചേർത്ത് നിർത്താൻ കാലാകാലങ്ങളായി ഭരിച്ച സർക്കാരുകൾ നടപ്പാക്കിയ സാമൂഹിക സുരക്ഷാ പദ്ധതികളാണ് ഇപ്പോൾ മുടങ്ങിയത്. എന്നിട്ടാണോ കേരളത്തിന് ഒരു കുഴപ്പവുമില്ലെന്ന് ധനകാര്യമന്ത്രി പറയുന്നത്. അപകടകരമായ നിലയിലേക്കാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പോകുന്നത്.
സംസ്ഥാന സർക്കാർ പ്ലാൻ ഉപേക്ഷിച്ച് മോദി സർക്കാരിനെ പോലെ തീവ്രവലതുപക്ഷ രീതിയായ പ്രൊജക്ടുകൾക്കു പിന്നാലെ പോകുകയാണ്. പ്ലാനിൽ പിന്നാക്ക അവസ്ഥയും ഭൂമി ശാസ്ത്രപരുമായ മുൻഗണനയുമൊക്കെയുണ്ട്. നെഹ്രുവിന്റെ ആശയങ്ങളെ ഇല്ലാതാക്കാൻ നരേന്ദ്ര മോദി പ്ലാനിങ് കമ്മീഷനെ നിർജീവമാക്കി. ഇതേ മാതൃകയിൽ സ്റ്റേറ്റ് പ്ലാനിങ് ബോർഡിനെ നിർജീവമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രധാന പദ്ധതികളെല്ലാം കിഫ്ബിയിലാണ് ചെയ്യുന്നത്. കിഫ്ബിയിൽ എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് എന്തെങ്കിലും മുൻഗണനയുണ്ടോ?
ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് ജനസംഖ്യ അനുപാതത്തിൽ പദ്ധതിയുടെ ശതമാനം നീക്കിവെക്കുന്ന മികച്ച മാതൃകയാണ് കേരളത്തിനുള്ളത്. ഇത് പ്രകാരം സംസ്ഥാന പദ്ധതി അടങ്കലിന്റെ 10 ശതമാനം എസ്.സി.പി., രണ്ട് ശതമാനം ടി.എസ്പി. ആയി വകയിരുത്തണം. കിഫ്ബിയിലൂടെ പദ്ധതികൾ നടപ്പാക്കുമ്പോൾ ഈ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്.
പ്ലാനിന്റെ ഭാഗമായി 2022-23 ൽ 32,749 കോടി രൂപ ചിലവഴിച്ചപ്പോൾ 2023-24 ലെ പ്ലാനിന്റെ ബജറ്റ് എസ്റ്റിമേറ്റ് 29,329 കോടിയായി കുറഞ്ഞു. 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റ് 29,312 രൂപയായി വീണ്ടും കുറഞ്ഞു. യു.ഡി.എഫ്. സർക്കാർ പദ്ധതി അടങ്കൽ മുൻ വർഷത്തേക്കാൾ പ്രതിവർഷം 10 ശതമാനം വർധന വരുത്തിയപ്പോൾ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ പദ്ധതി അടങ്കൽ തുകയിൽ കാര്യമായ വർധനവ് വരുത്താൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചില്ല.
മറുനാടന് ഡെസ്ക്