- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയാൽ മുഖ്യനും മന്ത്രിമാർക്കും പുറത്തിറങ്ങാനാകില്ല
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ശക്തമായി രംഗത്ത്. ഈ വിഷയത്തിൽ നിയമസഭയിൽ ഇന്ന് ബഹളമായമായതിന് ശേഷവും സർക്കാറിനെതിരെ നിലപാട് ആവർത്തിച്ചു പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു.
പ്രതികൾക്ക് ശിക്ഷായിളവ് നൽകിയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാനാകാത്തവിധം പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടി.പി കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.
ടി.പി. കേസിൽ ഒരു വിട്ടുവീഴ്ചയും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ വി.ഡി സതീശൻ, സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അതിനെ എതിർക്കുമെന്നും പറഞ്ഞു. സഭയിൽ മുഖ്യമന്ത്രി പറയേണ്ട മറുപടിയാണ് സ്പീക്കർ പറഞ്ഞതെന്നും ശിക്ഷായിളവ് സംബന്ധിച്ച് ഇനി ചർച്ചയില്ലെന്നും സതീശൻ വ്യക്തമാക്കി.
ടിപി കേസിലെ പ്രതികളുടെ ദേഹത്ത് ഒരു തരി മണ്ണുവീണാൽ സിപിഎം നേതാക്കൾക്ക് എങ്ങനെയാണ് നോവുന്നതെന്ന് കെ.കെ. രമ എംഎൽഎ ചോദിച്ചു. പ്രതികളെ സിപിഎം എത്രമാത്രം ഭയക്കുന്നു എന്നതിനുള്ള തെളിവാണിത്. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ഇതിനെ സർക്കാരും മുഖ്യമന്ത്രിയും ഭയക്കുന്നു. അതിനാലാണ് മുഖ്യമന്ത്രിക്ക് പകരം സ്പീക്കർ മറുപടി പറഞ്ഞത്. ഇത് ജനാധിപത്യ കേരളത്തോടുള്ള അവഹേളനമാണ്. പ്രതികളെ വിട്ടയക്കാനാണ് നീക്കമെങ്കിൽ അതിശക്തമായ പ്രതിഷേധത്തിലേക്കുപോകുമെന്നും വിഷയത്തിൽ ഗവർണറെ കാണാൻ തീരുമാനിച്ചതായും അവർ കൂട്ടിച്ചേർത്തു.
ടി പി കേസ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം സർക്കാർ തലത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് സ്പീക്കർ അറിയിച്ചു. ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കിയത്.
ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നടന്നിട്ടില്ല എന്ന് സ്പീക്കർ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് നൽകിയ കത്ത് തങ്ങളുടെ കൈയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലെ വാക് തർക്കത്തിന1ടുവിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി..ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ല, മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തുടർന്ന് പ്രതിപക്ഷ ബഹളം ആരംഭിച്ചു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടത്തുളത്തിലിറങ്ങുകയും സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന വിധത്തിൽ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.