'മോൻസന്റെ ചെമ്പോല തിട്ടൂരം ശബരിമലയുടെ പ്രാചീന ചരിത്രമെന്ന പേരിൽ ദേശാഭിമാന വാർത്ത നൽകി; ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ഭാര്യയെ അധിക്ഷേപിച്ചു; നിങ്ങൾ വിശുദ്ധരും പുണ്യവാളന്മാരും ആകരുത്'; മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നു; ഏഷ്യാനെറ്റിനെതിരെ സംഘടിത ആക്രമണം; റെയ്ഡ് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ നിന്നും വാക്കൗട്ട് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് സതീശൻ വിഷയത്തിൽ നടന്ന ഗൂഢാലോചനകൾ എണ്ണിപ്പറഞ്ഞത്. തില്ലങ്കേരി വാർത്തകൾ മുഴുവൻ കൊടുത്തത് കണ്ണൂരിലെ നൗഫൽ എന്ന ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറാണ്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വാർത്തയും ഗുണ്ടകളുടെ സ്വർണക്കടത്ത് വാർത്തകളും സ്വർണം പൊട്ടിക്കൽ സംഘങ്ങൾക്ക് പാർട്ടിയുമായുള്ള ബന്ധം സംബന്ധിച്ച വാർത്തകൾ നൽകിയതും ഏഷ്യാനെറ്റാണ്.
ഡിവൈഎഫ്ഐ നേതാവ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയത് റിപ്പോർട്ട് ചെയ്തതും നൗഫലാണ്. നൗഫൽ ബിൻ യൂസഫിനെ നൗഫൽ ബിൻലാദൻ എന്നാണ് കണ്ണൂരിലെ സിപിഎം സെക്രട്ടറി വിശേഷിപ്പിച്ചത്. സെക്യുലറായ മാധ്യമ പ്രവർത്തകനെ ജില്ലാ സെക്രട്ടറി പരസ്യമായി അധിക്ഷേപിച്ച് അയാളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്.
മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ലഹരിക്ക് എതിരായ ക്യാംപയിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയത് .കേസുണ്ട് ,ചാർജ് ഷീറ്റുണ്ട്, പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസ് എടുത്തതാണ്. ആരുടേയും ചിത്രം വാർത്തയിൽ വ്യക്തമല്ല. ആർക്കും മനസിലാക്കാൻ പാടില്ലാത്ത ചിത്രം വച്ചാണ് വാർത്ത ചിത്രീകരിച്ചത്. ഈ വീഡിയോ യഥാർത്ഥമല്ല എന്ന് വേണമെങ്കിൽ കൊടുക്കാമായിരുന്നു എന്ന് മാത്രമാണ് ഇതിൽ പറയാവുന്ന തെറ്റെന്നും സതീശൻ പറഞ്ഞു.
സർക്കാരിന് എല്ലാവരെയും പേടിയാണ്. പ്രതിപക്ഷത്തെയും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെയും വിമർശനങ്ങളെയും നിങ്ങൾക്ക് എതിരെ വിരൽ ചൂണ്ടുന്നവരെയും ഭയമാണ്. എല്ലാ ഏകാധിപതികളും അരക്ഷിതത്വത്തിലാണ്. സമരമോ വിമർശനമോ ഉണ്ടായാലും പേടിയാണ്. അതുകൊണ്ടാണ് കരിങ്കൊടി കാണുമ്പോൾ ആയിരം പൊലീസുകാർക്ക് പിന്നിൽ ഒളിക്കുന്നത്. ഭയമാണ് നിങ്ങളെ ഭരിക്കുന്നത്. മാധ്യമ പ്രവർത്തനത്തിന് കൂച്ച് വിലങ്ങിടാനും അവരെ അധിക്ഷേപിക്കാനും വേട്ടയാടാനും നടത്തുന്ന ശ്രമത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ് ഐ നടപടിയിലും കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയിലും പ്രതിഷേധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു.
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം പൂർണരൂപം
മാധ്യമങ്ങൾ തെറ്റ് ചെയ്താൽ അതിനെ വിമർശിക്കാനും അതിനെതിരെ പ്രതിഷേധിക്കാനും ക്രിമിനൽ കുറ്റം ചെയ്താൽ കേസെടുക്കാനും അവകാശമുണ്ട്. പക്ഷെ മാധ്യമങ്ങളെ വേട്ടയാടാനുള്ള അവസരമാക്കി ഈ അവകാശങ്ങളെ സർക്കാർ മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ സർക്കാർ ആരംഭിച്ച കാമ്പയിൻ ഏറ്റെടുത്ത മാധ്യമങ്ങൾ ലഹരി ഉപയോഗം സംബന്ധിച്ച നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വിട്ടത്. അതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ലഹരിക്കെതിരായ പരമ്പര ആരംഭിച്ചത്.
വിവാദമായ വാർത്ത, ഓഗസ്റ്റ് മാസത്തിൽ അതേ ശബ്ദത്തിൽ പുറത്ത് വന്നിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ആരംഭിച്ച ലഹരിക്കെതിരായ പരമ്പരയുടെ ഭാഗമായും ഇതേ വാർത്ത റിപ്പോർട്ട് ചെയ്തു. അതിൽ ആർക്കും മനസിലാകാൻ പാടില്ലാത്ത തരത്തിൽ മറ്റൊരു പെൺകുട്ടിയുടെ അവ്യക്തമായ ചിത്രം കാണിച്ചിരുന്നു. ഇതിനെതിരെ പരാതി നൽകിയ എംഎൽഎ 'പണി വരുന്നുണ്ട് അവറാച്ചാ' എന്നൊരു ഫേസ്ബുക്ക് പോസ്റ്റ് ഫെബ്രുവരി 25-ന് ഇട്ടു. ഫെബ്രുവരി അവസാനത്തോടെ നിയമസഭയിൽ ഇതു സംബന്ധിച്ച് മാർച്ചിലേക്ക് മൂന്നിന് വരേണ്ടിയിരുന്ന ചോദ്യങ്ങളുടെ സ്ക്രീൻ ഷോട്ടും സോഷ്യൽ മീഡിയയിൽ വന്നു. മാർച്ച് രണ്ടിന് കണ്ണൂർ സ്വദേശിയായ നിയമ വിദ്യാർത്ഥി ഇ മെയിലിൽ പരാതി നൽകി. നിയമസഭാ ചോദ്യത്തിന് മാർച്ച് മൂന്നിന് മുഖ്യമന്ത്രി മറുപടി നൽകുകയും അന്നു തന്നെ എംഎൽഎ ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തു. അന്ന് വൈകുന്നേരം എസ്.എഫ്.ഐ ഏഷ്യാനെറ്റ് ഓഫീസിൽ അക്രമം നടത്തുകയും നാലിന് ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മൊഴി എടുക്കുക പോലും ചെയ്യാതെ മാർച്ച് അഞ്ചിന് ജീവനക്കാരെ ബന്ദികളാക്കി ഏഷ്യാനെറ്റ് ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തു. ഇന്നലെ രാത്രി തന്നെ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിൽ സമൻസും നൽകി. ഇതെല്ലാം ആസൂത്രിതമായി ചെയ്തതാണ്. ഏതെങ്കിലും ഒരു പെൺകുട്ടിയുടെ ദൃശ്യം കാണിച്ചുകൊണ്ടാണ് ഈ വാർത്ത വന്നിരുന്നതെങ്കിൽ അത് വ്യാജ വാർത്ത ആയേനെ. പ്രക്ഷേപണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാമായിരുന്നു. എന്നാൽ വ്യാജ വാർത്തയെന്ന് പറഞ്ഞാണ് മാധ്യമ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നത്.
തില്ലങ്കേരി വാർത്തകൾ മുഴുവൻ കൊടുത്തത് കണ്ണൂരിലെ നൗഫൽ എന്ന ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറാണ്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വാർത്തയും ഗുണ്ടകളുടെ സ്വർണക്കടത്ത് വാർത്തകളും സ്വർണം പൊട്ടിക്കൽ സംഘങ്ങൾക്ക് പാർട്ടിയുമായുള്ള ബന്ധം സംബന്ധിച്ച വാർത്തകൾ നൽകിയതും ഏഷ്യാനെറ്റാണ്. ഡിവൈഎഫ്ഐ നേതാവ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയത് റിപ്പോർട്ട് ചെയ്തതും നൗഫലാണ്. നൗഫൽ ബിൻ യൂസഫിനെ നൗഫൽ ബിൻലാദൻ എന്നാണ് കണ്ണൂരിലെ സിപിഎം സെക്രട്ടറി വിശേഷിപ്പിച്ചത്. സെക്യുലറായ മാധ്യമ പ്രവർത്തകനെ ജില്ലാ സെക്രട്ടറി പരസ്യമായി അധിക്ഷേപിച്ച് അയാളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളാകെ മയക്കു മരുന്ന് ലോബിയുടെ പിടിയിലാണെന്നും അതിലൂടെ വിദ്യാർത്ഥികളുടെ എണ്ണം കുറച്ച് സർക്കാർ സ്കൂളുകളെ തകർക്കാൻ വേണ്ടി മനഃപൂർവം ഉണ്ടാക്കിയ വീഡിയോ ആണെന്നതാണ് പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ആയതിനാൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇട്ട് അന്വേഷണം നടത്തണമെന്നതാണ് മറ്റൊരു പരാതി. വ്യാജ വാർത്ത ആണെങ്കിൽ പോക്സോ വകുപ്പ് പ്രകാരം എങ്ങനെയാണ് അന്വേഷണം നടത്തുന്നത്? പരാതികൾ തന്നെ പരസ്പരവിരുദ്ധമാണ്. പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ പിന്നീട് അവ്യക്തമായ വീഡിയോ കൊടുത്തതിന് വ്യാജ വാർത്തയെന്ന് പറയുന്നത് ശരിയല്ല. കിട്ടുന്ന അവസരം വേട്ടയാടാൻ ഉപയോഗിക്കുകയാണ്. ബി.ബി.സി മോദിക്കെതിരെ ഡോക്യുമെന്ററി ഇറക്കിയപ്പോൾ അവരെ വേട്ടയാടാൻ റെയ്ഡ് നടത്തി. രാജ്യവ്യാപകമായി മാധ്യമങ്ങൾക്കെതിരെയുള്ള ഫാസിസ്റ്റ് നടപടികൾക്കെതിരെ ഒരുമിച്ച് ശബ്ദമുയർത്തുന്നവരല്ലേ നമ്മൾ എല്ലാവരും. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർക്കലും എഷ്യാനെറ്റ് ഓഫീസിൽ അവരെ അധിക്ഷേപിച്ച് ബാനർ സ്ഥാപിക്കലുമാണോ എസ്.എഫ്.ഐയുടെ ജോലി.
ശബരിമല മൂന്നര നൂറ്റാണ്ട് മുൻപ് ദ്രാവിഡ ആചാര കേന്ദ്രമായിരുന്നെന്നും അവിടെ വൈദിക ചടങ്ങുകൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ ഡോ മോൻസൻ മാവുങ്കലിന്റെ സ്വകാര്യ ശേഖരത്തിലൽ കണ്ടെത്തിയെന്നും ശബരിമലയുടെ പ്രചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ചെമ്പോല തിട്ടൂരമെന്നും വാർത്ത നൽകിയ പത്രമാണ് ദേശാഭിമാനി. ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യയെ അധിക്ഷേപിച്ചു കൊണ്ടും ദേശാഭിമാനി വാർത്ത നൽകി. അങ്ങനെയുള്ള നിങ്ങൾ വിശുദ്ധരും പുണ്യവാളന്മാരും ആകരുത്. മനോര ചീഫ് എഡിറ്ററായിരുന്ന കെ.എം മാത്യുവിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡ്ഡുണ്ടാക്കി വ്യാജരേഖ ചമച്ച ആളുകളാണ് ധേശാഭിമാനിയിലുള്ളത്. നല്ല പാരമ്പര്യമാണ്.
പത്രസമ്മേളനത്തിൽ നിന്ന് ദേശാഭിമാനി ലേഖകനെ ഇറക്കി വിട്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ദേശാഭിമാനി ലേഖകൻ ഒരേ ചോദ്യം മൂന്നു തവണ ചോദിച്ചു. അപ്പോഴൊക്കെ വിശദമായി മറുപടി നൽകി. എന്നാൽ നാലാമതും അഞ്ചാമതും അതേ ചോദ്യം ആവർത്തിച്ച് മറ്റ് മാധ്യമ പ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അവസരം നൽകാത്ത തരത്തിൽ പെരുമാറിയപ്പോഴാണ് ഞങ്ങൾ ക്ഷണിച്ചിട്ടാണ് താങ്കൾ ഇവിടെ വന്ന് ഇരിക്കുന്നതെന്നും ഞങ്ങൾ പുറത്ത് പോകാൻ പറഞ്ഞാൽ പോകേണ്ടി വരുമെന്നും എന്നാൽ ഞാൻ അത് ചെയ്യുന്നില്ലെന്നും പറഞ്ഞു. ഞാൻ മുഖ്യമന്ത്രി നടത്തുന്നത് പോലെയല്ല പത്രസമ്മേളനം നടത്തുന്നത്. ഒരു മണിക്കൂർ പത്രസമ്മേളനത്തിൽ 50 മിനിട്ടും മുഖ്യമന്ത്രി പറയും. അവസാനം മൂന്ന് ചോദ്യം. അതിലെ രണ്ടെണ്ണം നേരത്തെ തന്നെ തയാറാക്കിയ കമ്പനി ചോദ്യം. മൂന്നാമത്തേതിന് ഇഷ്ടമുണ്ടെങ്കിൽ മറുപടി പറയും അല്ലെങ്കിൽ എഴുന്നേറ്റ് പോകും. ഞങ്ങളാരും അങ്ങനെ പത്രസമ്മേളനം നടത്തുന്നവരല്ല. നിയമസഭയിൽ പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ കൈരളിയിൽ നിന്നും ദേശാഭിമാനിയിൽ നിന്നും 5 പേരെ എന്റെ വാർത്താസമ്മേളനത്തിലേക്ക് അയച്ചു. ഇപ്പോൾ നിയമസഭയിൽ ബഹളമുണ്ടാക്കുന്നതു പോലെയാണ് പത്രസമ്മേളനം അലങ്കോലപ്പെടുത്താൻ ഒരു സംഘത്തെ നിയോഗിച്ചത്. എന്തൊക്കെ ചെയ്താലും പറയാനുള്ളതൊക്കെ പറഞ്ഞിട്ടേ പോകൂ.
മാധ്യമങ്ങളെ വേട്ടയാടുന്നത് നല്ലതല്ല. നിയമപരമായ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാതെ റെയ്ഡും ഓഫീസിലെ അതിക്രമമവും ഭീഷണിപ്പെടുത്തലാണ്. ഇത് ഏഷ്യാനെറ്റിനോട് മാത്രമല്ല, മര്യാദയ്ക്ക് ഇരുന്നോളണമെന്ന മുന്നറിയിപ്പാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കലത്ത് മാധ്യമങ്ങളെല്ലാം ഏതെല്ലാം രീതിയിലാണ് ആക്ഷേപിച്ചത്. എത്ര കഠിനമായ വാക്ക് പറഞ്ഞിട്ടും കടക്ക് പുറത്തെന്ന് ഓരാളോടും പറഞ്ഞിട്ടില്ല.
പ്രണോയ് റോയ് പറഞ്ഞതു പോലെ നിങ്ങൾ ഇഴഞ്ഞാൽ അവർ നിങ്ങളുടെ പിന്നാലെ വരുമെന്നാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരോട് പറയാനുള്ളത്. സർക്കാരിന് എല്ലാവരെയും പേടിയാണ്. പ്രതിപക്ഷത്തെയും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെയും വിമർശനങ്ങളെയും നിങ്ങൾക്ക് എതിരെ വിരൽ ചൂണ്ടുന്നവരെയും ഭയമാണ്. എല്ലാ ഏകാധിപതികളും അരക്ഷിതത്വത്തിലാണ്. സമരമോ വിമർശനമോ ഉണ്ടായാലും പേടിയാണ്. അതുകൊണ്ടാണ് കരിങ്കൊടി കാണുമ്പോൾ ആയിരം പൊലീസുകാർക്ക് പിന്നിൽ ഒളിക്കുന്നത്. ഭയമാണ് നിങ്ങളെ ഭരിക്കുന്നത്. മാധ്യമ പ്രവർത്തനത്തിന് കൂച്ച് വിലങ്ങിടാനും അവരെ അധിക്ഷേപിക്കാനും വേട്ടയാടാനും നടത്തുന്ന ശ്രമത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നു.
*പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്*
*ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയിട്ടത് കരാറുകാർ; സിപിഎം നേതാക്കളുടെ ബന്ധുക്കൾ ഉൾപ്പെട്ട കോടികളുടെ അഴിമതി ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം*
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തെ നിസാരവത്ക്കരിക്കുന്ന മറുപടിയാണ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് നൽകിയത്. ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് കളക്ടർ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഒരു പ്രശ്നങ്ങളും അവിടെ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. എല്ലായിടത്തും വിഷപ്പുകയാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കരാരുകാരെല്ലാം സിപിഎം നേതാക്കളുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളുമാണ്. മാലിന്യം നീക്കം ചെയ്യാൻ പണം കൈപ്പറ്റിയ കരാറുകാർ അവിടെ ഒരു പണിയും ചെയ്തില്ല. മാലിന്യങ്ങൾ തരംതിരിച്ചിട്ടില്ല. ഇപ്പോൾ കരാർ കാലാവധി പുതുക്കേണ്ട സമയമാണ്. അതുകൊണ്ടാണ് മാലിന്യത്തിന് തീയിട്ടത്. എത്ര മാലിന്യം ഉണ്ടെന്നതിന് ഒരു കണക്കുമില്ല. മാലിന്യം കത്തിച്ച കരാറുകാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടും സർക്കാരും കോർപറേഷനും മിണ്ടാതിരിക്കുകയാണ്. അന്വേഷണത്തെ കുറിച്ചല്ല മന്ത്രി പറയുന്നത്. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ