താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെ കൊലപാതകം; താമിർ ജിഫ്രി നേരിട്ടത് ക്രൂര മർദനമെന്നും എൻ. ഷംസുദ്ദീൻ; ഒറ്റപ്പെട്ടത് എണ്ണാൻ മെഷീൻ വേണ്ട അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ്; ഭാര്യയെ മർദിച്ച് ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പറയിപ്പിച്ച് നാട് മുഴുവൻ ജെസിബിയുമായി നടന്ന പൊലീസല്ലേയെന്നും സതീശന്റെ പരിഹാസം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. താനൂർ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കും. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ല പൊലീസ് മേധാവിക്കെതിരായ പരാതി പരിശോധിക്കും. ലോക്കപ്പ് ആളുകളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും അതിന് പൊലീസിന് അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണാൻ കൗണ്ടിങ് മെഷീൻ വാങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് എൻ.ഷംസുദ്ദീൻ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. താനൂർ കസ്റ്റഡി മരണം സിബിഐ അന്വേഷണത്തിനായി കൈമാറിയിട്ടുണ്ടെന്നും കൂടാതെ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾ ആരായാലും ശിക്ഷ ഉറപ്പാക്കും.
കസ്റ്റഡി കൊലപാതകമാണ് നടന്നതെന്ന് എൻ.ഷംസുദ്ദീൻ ആരോപിച്ചു. മലപ്പുറം എസ്പിയുടെ പ്രത്യേക സംഘം ചേളാരിയിലെ താമസസ്ഥലത്ത് നിന്നാണ് താമിറിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പൊലീസ് പറയുന്നത് താനൂർ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് വാഹനത്തിലിരിക്കെയാണ് കസ്റ്റഡിയിലെടുത്തെന്നാണ്. ചേളാരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത താമിറിനെ താനൂർ ശോഭ പറമ്പിലുള്ള പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ച് മണിക്കൂറുകളോളം ക്രൂരമായി മർദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷംസുദ്ദീൻ പറഞ്ഞു. താമിറിന്റെ മലദ്വലാരത്തിലൂടെ ലാത്തി കയറ്റിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അത് മറയ്ക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും ഷംസുദ്ദീൻ ആരോപിച്ചു. മലപ്പുറം എസ്പിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ഷംസുദ്ദീൻ ആവശ്യപ്പെട്ടു.
കുറ്റം ചെയ്തവർ ആരാണെങ്കിലും രക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകാം. അതിലെല്ലാം കർക്കശമായ നടപടികളാണ് ഉണ്ടാകുന്നത്. വിവിധ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിന് 27 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ചരിത്രത്തിലില്ലാത്ത നടപടിയാണിതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
'രാജ്യത്ത് പലയിടത്ത് ഉള്ളതിൽ നിന്ന് വ്യത്യസ്തമായ പൊലീസ് സേനയാണ് കേരളത്തലേതെന്നതുകൊണ്ട് നമുക്ക് എല്ലാവർക്കും അഭിമാനിക്കാം. ഒറ്റപ്പെട്ട സംഭവങ്ങൾ നേരത്തെ കുറച്ച് കൂടുതലായിരുന്നു. 2016ന് ശേഷം വലിയ തോതിൽ അത്തരം സംഭവങ്ങളുണ്ടാകുന്നില്ല. മുമ്പ് ഇത്തരത്തിൽ കസ്റ്റഡി മരണം ഉണ്ടായപ്പോൾ കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. ശാസനയിലും അച്ചടക്ക നടപടി പരിഗണനയിലുമാണ് എന്നൊക്കെയുള്ള മറുപടിയാണ് മുൻപത്തെ ആഭ്യന്തര മന്ത്രി സഭയെ അറിയിച്ചിട്ടുള്ളത്' മുഖ്യമന്ത്രി പറഞ്ഞു.
ഷംസുദ്ദീൻ പറഞ്ഞ കാര്യങ്ങളെല്ലാം സിബിഐ അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും എസ്പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'സിബിഐക്ക് എല്ലാ സഹകരണവും പിന്തുണയും സംസ്ഥാന സർക്കാർ നൽകും. കേരളത്തിലെ പൊലീസ് ആളുകളെ കൊല്ലുന്ന ഒരു സംഘമായി മാറിയിട്ടില്ല. എന്നാൽ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും കേൾക്കുന്ന വാർത്തകൾ സ്വസ്ഥത തരുന്ന ഒന്നല്ല. ഏറ്റമുട്ടൽ കൊലപാതകങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ പേരുകൾ ഞാൻ പറയുന്നില്ല. കേരളം ഒഴികെയുള്ള വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അതിന്റെ ഭാഗമായി വരും. സ്വാഭാവികമായി പ്രതിപക്ഷത്തിന് അത് പ്രയാസമുണ്ടാക്കും. വളരെ വലുതല്ലാത്ത ഒരു സംസ്ഥാത്ത് 54 പേരെ ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
നമ്മുടെ സംസ്ഥാനത്ത് എങ്ങനെയെങ്കിലും ഒന്ന് വെടിവെക്കെന്ന് പറഞ്ഞ് പൊലീസിനെ അക്രമിക്കാൻ പോയിട്ട് പോലും ആക്രമണം ഏറ്റുവാങ്ങി പൊലീസ് സേന സംയമനത്തോടെ നേരിട്ടത് നാം കണ്ടതാണ്. മനുഷ്യ ജീവന് എത്രമാത്രമാണ് കേരളത്തിലെ പൊലീസ് വില കൽപ്പിക്കുന്നത് എന്നതിന് നിരവധി ഉദാഹരങ്ങളുണ്ട്. അതേ സമയം ചില ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്' മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ലോക്കപ്പ് ആളുകളെ തല്ലാനോ തല്ലി കൊല്ലാനോ ഉള്ള ഇടമില്ല. പൊലീസുകാർക്ക് അതിനുള്ള അധികാരവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാൽ ഇതുപോലെ സദ്ഭരണം നടക്കുന്ന ഒരു സംസ്ഥാനം മറ്റെവിടെയുമില്ലെന്ന് തോന്നുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. എന്നും ഒറ്റപ്പെട്ട സംഭവങ്ങൾ നടത്തി നടത്തി കേരളത്തിൽ ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണാൻ മെഷീൻ വാങ്ങേണ്ട അവസ്ഥയിലാണെന്നും സതീശൻ വ്യക്തമാക്കി.
പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംസ്ഥാനങ്ങളിൽ നിങ്ങൾ മുഖ്യമന്ത്രിയായിരിക്കുന്ന ഈ സംസ്ഥാനവും ഉണ്ടെന്നും സതീശൻ പറഞ്ഞു. മാവോയിസ്റ്റുകളെന്ന് പറഞ്ഞ് വയനാട്ടിലും മറ്റിടങ്ങളിലും വെടിവെച്ച് കൊന്നു. അത് തന്നെയാണ് മറ്റിടങ്ങളിലും നടന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഭാര്യയെ മർദിച്ച് ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പറയിപ്പിച്ച് നാട് മുഴുവൻ ജെസിബിയുമായി നടന്ന നാണംകെട്ട പൊലീസല്ലേ താങ്കളുടേതെന്നും സതീശൻ പരിഹസിച്ചു. 84 വയസ്സുള്ള സ്ത്രീക്കെതിരെ ആളുമാറി കേസെടുത്തിട്ട് നാല് വർഷം നടത്തിച്ചില്ലെ ഈ പൊലീസെന്നും സതീശൻ ചോദിച്ചു.
പാർട്ടി കമ്മിറ്റികൾ പറയുന്നതനുസരിച്ചാണ് പൊലീസ് നടപടിയെടുക്കുന്നത്. സ്ത്രീകളെ അമാനിച്ച കേസൊക്കെ ഗോവിന്ദൻ മാഷ് ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്താണ് പരിഹരിക്കുന്നത്. ഗോവിന്ദൻ മാഷിനെ ഡിജിപിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയെ എസ്പിയായും പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ പൊലീസിനെ രാഷ്ട്രീയ വത്കരിച്ച് ആകെ വഷളാക്കി. മുഖ്യമന്ത്രിയല്ല പൊലീസിനെ ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ