തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ വിമർശിച്ചും കിഫ്ബിയെ പൂർണ്ണമായും കൈവിടാതെയും ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കിഫ്ബി വഴി വൻകിട പദ്ധതി പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തൽ. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കിഫ്ബിയെ പൂർണ്ണമായും ധനമന്ത്രി ബാലാഗോപാൽ തന്റെ മൂന്നാം ബജറ്റിലും മറന്നില്ല. ഇതിനൊപ്പം കേന്ദ്ര സർക്കാരിനേയും വിമർശിച്ചാണ് ബജറ്റ് പ്രസംഗം കെ എൻ ബാലഗോപാൽ തുടങ്ങിയത്.

കേരളം കടക്കെണിയിൽ അല്ലെന്ന് ധനമന്ത്രി ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വായ്പയോടുള്ള സംസ്ഥാന സമീപനത്തിൽ മാറ്റമില്ല. വായ്പ എടുത്ത് വികസന പ്രവർത്തനം നടത്തണം. ബദൽ വികസന നയങ്ങൾക്ക് കേന്ദ്ര നയം തിരിച്ചടിയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ഫെഡറൽ മൂല്യം സംരക്ഷിക്കാൻ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബി ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി. ജിഎസ്ടി വിഹിതം കുറച്ചു. കേന്ദ്ര അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്താണെന്നും ധനമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനക്കിടയിലും ശമ്പളവും പെൻഷനും കൃത്യമായി കൊടുക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

നഗരവത്കരണ തോത് ഉയർന്ന സംസ്ഥാനമാണ് കേരളം. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാൻ കമ്മീഷൻ രൂപീകരിക്കും. നഗരവത്കരണത്തിന് 300 കോടി അനുവദിച്ചെന്നും ധനമന്ത്രി അറിയിച്ചു. ഈ വർഷം കിഫ്ബി വഴി 100 കോടി മാറ്റി വെക്കും. വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണം നടത്തുന്നത് അദാനിയാണ്. അദാനികളുടെ കമ്പനികൾക്കുണ്ടാകുന്ന ഓഹരി വിപണിയിലെ തിരിച്ചടിയിൽ ധനമന്ത്രി ഒന്നും ബജറ്റിൽ പറഞ്ഞില്ല. പകരം വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാധ്യതമാത്രമാണ് ഉയർത്തിയത്.

വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയ്യാറെടുപ്പുകൾക്കായി 10 കോടി വകയിരുത്തി. ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്ററുകൾ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപയും ബജറ്റിൽ മാറ്റി വച്ചു. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്‌തെന്നും വ്യവസായം മുതൽ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയിൽ ഉണർവ്വ് ഉണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം അടയാളപ്പെടുത്തിയിരുന്നുവെന്ന് ധനമന്ത്രി. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു സംസ്ഥാനം പ്രതിസന്ധികളിൽ നിന്നും കര കയറിയ വർഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരിച്ചു. അതിജീവനത്തിന്റെ വർഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായെന്നും മന്ത്രി പറഞ്ഞു.