വിഴിഞ്ഞം പുനരധിവാസത്തിന് സർക്കാർ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി; മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാൻ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറും; വിഴിഞ്ഞം വിഷയത്തിൽ സഭയിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രസ്താവന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ പ്രസ്താവന നടത്തി. സമരം മൂലം വിഴിഞ്ഞം തുറമുഖ നിർമ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. സമരത്തെത്തുടർന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമായത്. കൗണ്ട് ഡൗൺ രീതിയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം പുനരധിവാസത്തിന് സർക്കാർ 100 കോടി ചെലവിട്ടു. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജില്ലാ കലക്ടറാണ്. വിഴിഞ്ഞം മേഖലയിലെ ബോട്ടുകൾ എല്ലാം ഇൻഷുർ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാൻ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമിയാണ് കൈമാറുക.
ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. മത്സ്യത്തൊഴിലാളികൾക്ക് അധിക മണ്ണെണ്ണ നൽകാനുള്ള ചെലവ് 46 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വിദഗ്ധ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാവും വിദഗ്ധസമിതി രുപീകരിക്കുക.
വീട്ടുവാടകയിനത്തിൽ 5500 രൂപ പൂർണമായും സർക്കാർ നൽകും. 2500 രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും നൽകാമെന്ന അദാനിയുടെ വാഗ്ദാനം നിരസിച്ചുവെന്ന് സമരസമിതി അറിയിച്ചു.തീരശോഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന സംഘവുമായി സമിതി ചർച്ച നടത്തും. പൂർണ്ണമായ തൃപ്തിയില്ലാതെയാണ് സമരം നിർത്തുന്നതെന്ന് ലത്തീൻ സഭയും അറിയിച്ചു.
കഴിഞ്ഞ ദിവസം അനുരഞ്ജനങ്ങൾക്കും മധ്യസ്ഥ ശ്രമത്തിനുമൊടുവിൽ നാലു കാര്യങ്ങളാണ് ഒത്തുതീർപ്പ് ധാരണയുടെ ഭാഗമായി ഉയർന്നു വന്നത്.വീട് നഷ്ടമായവർക്ക് മാസവാടക 5500 രൂപയിൽനിന്ന് 8000 രൂപയാക്കുക, തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിൽ സമരക്കാർ നിർദേശിക്കുന്ന വിദഗ്ധരെ ഉൾപ്പെടുത്തുക, സംഘർഷത്തിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കുക, സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സമരസമിതി പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുക എന്നിവയാണിവ. എന്നാൽ, ഈ നാല് കാര്യങ്ങൾ പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ