- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന്( മാർച്ച് 28) സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം:
തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല.
കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർത്ഥികൾ രണ്ട് പത്രികകൾ വീതവും കാസർകോട് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു. ആകെ 18 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.
ആദ്യ ദിവസം തന്നെ പത്രിക സമർപ്പിച്ച് എം മുകേഷ്
ആദ്യ ദിവസംതന്നെ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷ് എംഎൽഎ. പത്രിക സമർപ്പിച്ചു. മുകേഷിന് 14.98 കോടിയുടെ സ്വത്താണുള്ളതെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. സ്ഥാവര ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കവേ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10.22 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
നിലവിൽ മുകേഷിന്റെ കൈവശം 50,000 രൂപയും വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്‌ളാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്. ചെന്നൈ ടിനഗറിലെ ഫ്‌ളാറ്റ് മുകേഷിന്റെയും ആദ്യ ഭാര്യ സരിതയുടെയും പേരിലാണ്. മുകേഷിന്റെയും ഭാര്യ മേതിൽ ദേവികയുടെയും പേരിൽ 13 സെന്റ് വസ്തു തിരുവനന്തപുരം കടകംപള്ളി വില്ലേജിലുണ്ട്.
എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേർന്നാണു വാങ്ങിയത്. തമിഴ്‌നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കൽ, ശക്തികുളങ്ങര, പോത്തൻകോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണ്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്‌സ്യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്. പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കേസുണ്ടെന്നും പറയുന്നു. പുനലൂർ പൊലീസ് സ്റ്റേഷനിൽ 2014ൽ രജിസ്റ്റർ ചെയ്ത കേസ് പുനലൂർ മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്. പൊതുവഴി തടസ്സപ്പെടുത്തിയെന്നാണ് കേസ്.
ആദ്യദിനം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നാല് പത്രികകൾ
2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം തുടങ്ങി. ആദ്യദിവസം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മൂന്ന് സ്വതന്ത്രർ ഉൾപ്പെടെ നാല് സ്ഥാനാർത്ഥികളുടെ പത്രികകളാണ് ലഭിച്ചത്. ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), മിനി.എസ് (എസ്.യു.സിഐ), സുശീലൻ.എം (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ) എന്നിവർ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പത്രിക നൽകി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ആദ്യദിനം സ്ഥാനാർത്ഥികളാരും പത്രിക നൽകിയിട്ടില്ല.