- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി പ്രതീക്ഷിക്കുന്നത് 50-60 സീറ്റുകൾ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റെന്ന ലക്ഷ്യമാണ് ബിജെപി കുറിച്ചിരിക്കുന്നത്. 2019 ലേക്കാൾ 67 അധികം. എൻഡിഎക്ക് 400 ൽ അധികം സീറ്റും ഇത്തവണ പ്രതീക്ഷിക്കുന്നു. ലോക്‌സഭയിലെ 543 സീറ്റിൽ 2014 ൽ ബിജെപി 282 ഉം, 2019 ൽ 303 സീറ്റും നേടി.
കണക്കിലെ കളികൾ
370 സീറ്റെന്ന ബിജെപി ലക്ഷ്യം കടുപ്പമേറിയതാണ്. 2019 ൽ തങ്ങൾ തൂത്തുവാരിയ സംസ്ഥാനങ്ങളിൽ ഇത്തവണയും അത് ആവർത്തിക്കുന്നു എന്നുറപ്പാക്കണം. പകുതിയിലേറെ സീറ്റുകൾ കഴിഞ്ഞ വട്ടം നേടിയ സംസ്ഥാനങ്ങളിൽ മേൽക്കൈ നിലനിർത്തണം. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്ത സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും സീറ്റൊന്നും കിട്ടാത്തിടത്ത് അക്കൗണ്ട് തുറക്കുകയും വേണം.
ഗുജറാത്ത്, ഉത്തരാഖണ്ഡ്, ബിഹാർ, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയത്. ഇത്തവണ രാജസ്ഥാനിലും, ഹരിയാനയിലും വെല്ലുവിളികൾ ഉണ്ട്. രാജസ്ഥാനിൽ 25 സീറ്റിലും ജയിച്ചിരുന്നു. നിയമസഭയിലേക്കും, ലോക്‌സഭയിലേക്കും വോട്ടർമാർ വ്യത്യസ്തമായ രീതിയിലാണ് വോട്ടുചെയ്യുന്നതെങ്കിലും, ഈ സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേർ എതിരാളിയായ കോൺഗ്രസിന് കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10 ലോക്‌സഭാ മണ്ഡലങ്ങളിൽ കൂടുതൽ വോട്ടുവിഹിതം ഉണ്ട്. ഇത് ബിജെപിയെ അലട്ടുന്ന വിഷയമാണ്.
ഹരിയാനയിൽ കഴിഞ്ഞ വട്ടം 10 സീറ്റിലും ജയിച്ചിരുന്നു. കർഷക പ്രതിഷേധവും മറ്റും ഇത്തവണ ബാധിച്ചേക്കാം. മനോഹർലാൽ ഖട്ടറിനെ മാറ്റി നയാബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയത് തന്നെ പൊതുജനവികാരം തിരിച്ചറിഞ്ഞിട്ടാണ്.
മഹാരാഷ്ട്രയിൽ ബിജെപി 48 ൽ 41 സീറ്റും നേടിയിരുന്നു. ശിവസേനയെയും എൻസിപിയെയും പിളർത്തിയെങ്കിലും, പ്രതിപക്ഷ സഖ്യത്തിന്റെ കരുത്തിനെ കുറച്ചുകാണാനാവില്ല.
അതേസമയം, 80 ൽ 62 സീറ്റും നേടിയ യുപിയിൽ അയോധ്യ രാമക്ഷേത്ര നിർമ്മാണ വാഗ്ദാനം പാലിച്ചത് ബിജെപിക്ക് നേട്ടമാകും. ബംഗാളിലെ 42 സീറ്റിൽ കഴിഞ്ഞ തവണത്തെ 18 ൽ നിന്ന് നില മെച്ചപ്പെടുത്താനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇനി ദക്ഷിണേന്ത്യയിലേക്ക് വന്നാൽ, ആന്ധ്രയിൽ 2019 ൽ ബിജെപി 25 ൽ ഒരു സീറ്റും നേടിയില്ല. ഇത്തവണ ടിഡിപിയുമായും, പവൻ കല്യാണിന്റെ ജനസേനയുമായും കൂടുകൂട്ടിയതും, ബി ആർ എസ് നേതാവ് കെ കവിതയുടെ അറസ്റ്റും ഒക്കെ ബിജെപിക്ക് അനുകൂലമായേക്കും. 17 ൽ 5 സീറ്റ് നേടിയെ തെലങ്കാനയിൽ സീറ്റ് കൂട്ടാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലും ബിജെപി പ്രതീക്ഷ വച്ചുപുലർത്തുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 67 സീറ്റ് കൂടി ഇത്തവണ വേണം. അതിനായുള്ള കഠിനാദ്ധ്വാനത്തിലാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
തെക്കിനെ പാട്ടിലാക്കാൻ മോദിയുടെ വരവ്
അഞ്ചുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മോദി ചൊവ്വാഴ്ച ഡൽഹിയിൽ മടങ്ങി എത്തുമ്പോൾ, ഈ വർഷം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 20 സന്ദർശനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ മാർച്ച് 15 ന് തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് പ്രചാരണത്തിനായി മോദി തിരഞ്ഞെടുത്തത്. ഈ വർഷം തമിഴ്‌നാട്ടിൽ ഏഴുപ്രാവശ്യവും, കേരളത്തിലും, തെലങ്കാനയിലും നാലുതവണയും എത്തി. കർണാടകയിൽ മൂന്നുതവണയും, ആന്ധ്രയിൽ രണ്ടുവട്ടവും.
അഞ്ചുദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 50 മുതൽ 60 സീറ്റ് വരെ സ്വന്തമാക്കി, എൻഡിഎയുടെ റ്റാലി 400 കടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അധികാരത്തിലേക്കുള്ള വഴി 80 സീറ്റുള്ള യുപിയിലെ വമ്പൻ വിജയം ആണെങ്കിലും, ആധികാരിക ജയത്തിന് ദക്ഷിണേന്ത്യയിലെ 50 മുതൽ 60 സീറ്റ് വരെ അത്യാവശ്യമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
ന്യൂസ് 18 മെഗാ അഭിപ്രായ സർവേയിൽ അഞ്ചുദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി എൻഡിഎ 58 സീറ്റ് നേടിയേക്കുമെന്ന് പ്രവചിച്ചിരുന്നു. ആന്ധ്രയിൽ 18, തെലങ്കാനയിൽ 8, കർണാടകയിൽ 25, തമിഴ്‌നാട്ടിൽ 5, കേരളത്തിൽ രണ്ട് എന്നിങ്ങനെ ആയിരുന്നു ന്യൂസ് 18 പ്രവചനം. പ്രവചനം എന്തായാലും, ബിജെപിയുടെ ലക്ഷ്യം വ്യക്തമാണ്. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിൽ റോഡ് ഷോ. ചൊവ്വാഴ്ച സേലത്തും, കേരളത്തിൽ പാലക്കാട്ടും. മാർച്ച് 15 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം. ഫെബ്രുവരി 28 ന് പ്രധാനമന്ത്രി തൂത്തുക്കുടിയിൽ. മാർച്ച് 15ന് ബിജെപി പത്തനംതിട്ടയിൽ എത്തിയിരുന്നു.
മാർച്ച് 16 ന് തെലങ്കാനയിലെ നാഗുർകുർനൂലിൽ, മാർച്ച് 15 ന് ഹൈദരാബാദിൽ റോഡ് ഷോ, മാർച്ച് 18ന് നിസാമബാദിലെ ജഗ്ത്യാലിൽ. കർണാടകയിൽ മാർച്ച് 15 ന് കലബുൽഗിയിലും, ഷിമോഗയിലും പ്രചാരണം തുടങ്ങി വച്ചു. കലബുർഗി മല്ലികാർജ്ജുൻ ഖാർഗെയുടെ മണ്ഡലമായതുകൊണ്ട് തന്നെ ഇന്ത്യ സഖ്യത്തിന് നൽകിയ വ്യക്തമായ സന്ദേശം കൂടിയായിരുന്നു. തിങ്കളാഴ്ച ലിംഗായത്തുകളുടെ നേതാവായ യെദ്യൂരപ്പയുടെ ഷിമോഗയിൽ. ആന്ധ്രയിൽ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിനും, ജനസേനയുടെ പവൻ കല്യാണിനും ഒപ്പം സംയുക്ത റാലി. ബിജെപിയും, മോദിയും എതിരാളികൾക്ക് നൽകുന്ന സന്ദേശം എൻഡിഎയുടെ ഐക്യത്തിന്റേത് തന്നെ. കാരണം ലക്ഷ്യം 400 ന് മുകളിൽ സീറ്റ്.