- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടിങ് മെഷീനിൽ കൃത്രിമം എന്ന ആരോപണത്തിന് തടയിടാൻ കൊണ്ടുവന്ന വിവിപാറ്റ് മെഷീനുകൾക്കും 'ഗുരുതര രോഗം'; 2018 മുതൽ ഉപയോഗത്തിൽ ഉള്ള 6.5 ലക്ഷം വിവിപാറ്റുകൾക്ക് തകരാറ്; കേടായത് മൂന്നിലൊന്ന് മെഷീനുകൾ; ഇതുഗുരുതരപ്രശ്നമെന്നും സുതാര്യത പോരെന്നും രാഷ്ട്രീയ പാർട്ടികളും വിദഗ്ധരും
ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ വരുമ്പോൾ പതിവായി പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കാറുള്ള ആരോപണമാണ് വോട്ടിങ് മെഷീനിലെ കൃത്രിമം. ഈ ആരോപണത്തെ നേരിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവിപാറ്റ് സംവിധാനം കൊണ്ടുവന്നത്. 2018 ലാണ് ഈ മെഷീനുകൾ ആദ്യമായി കമ്മീഷൻ അവതരിപ്പിച്ചത്. അന്ന് മുതൽ ഇന്നുവരെ ഉപയോഗിച്ചതിൽ 6.5 ലക്ഷം വിവിപാറ്റ് മെഷീനുകൾക്ക് തകരാറുണ്ടെന്ന് കണ്ടെത്തി കമ്മീഷൻ തിരിച്ച് അയച്ചെന്നാണ് പുതിയ വാർത്ത. അതായത് ഉപയോഗത്തിൽ ഉണ്ടായിരുന്നവയിൽ മൂന്നിലൊന്നിന് തകരാറുണ്ടായെന്ന് ചുരുക്കം. ദി വയർ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
ചില വിവി പാറ്റ് മെഷീനുകൾക്ക് തകരാറുണ്ടാവുക സാധാരണമെങ്കിലും, 6.5 ലക്ഷം മെഷീനുകൾ കേടായി എന്നത് ഗുരുതര പ്രശ്‌നമാണെന്ന് മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷൻ ദി വയറിനോട് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ സുതാര്യത വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൊത്തം 17.4 ലക്ഷം വിവിപാറ്റുകൾ ഉപയോഗിച്ചിരുന്നു. ഈ കണക്ക് വച്ച് നോക്കുമ്പോൾ 37 ശതമാനം മെഷീനുകൾക്ക് തകരാറുണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
എന്താണ് വിവിപാറ്റുകൾ?
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വ്യാപകമായി കൃത്രിമം നടക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടർന്ന് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ശക്തമായപ്പോഴാണ് കമ്മീഷൻ വിവിപാറ്റ് കൊണ്ടുവന്നത്. വോട്ട് ഏതു സ്ഥാനാർത്ഥിയുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു വോട്ടർക്കു കാണാവുന്ന സംവിധാനമാണു വിവി പാറ്റ്. വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റർ, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമ നമ്പർ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ്പ് പ്രദർശിപ്പിക്കും. എന്നാൽ, തിരുത്താൻ അവസരമില്ല. ഇതു പരിശോധിക്കാൻ വോട്ടർക്ക് ഏഴു സെക്കൻഡ് സമയം ലഭിക്കും. വോട്ടിംഗിനെക്കുറിച്ചു പരാതി ഉയർന്നാൽ സ്ലിപ്പുകൾ എണ്ണി പരിഹാരം കാണാം.
കൺട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും സമീപം വിവിപാറ്റ് മെഷീനും സ്ഥാപിക്കും. കൺട്രോൾ യൂണിറ്റുമായി വിവിപാറ്റ് മെഷീനെ ബന്ധിപ്പിച്ചിരിക്കും.വോട്ടു ചെയ്ത് അടുത്ത സെക്കൻഡിൽതന്നെ വിവിപാറ്റ് മെഷീൻ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പർ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ് പുറത്തേക്കു നീക്കും. വോട്ടു ചെയ്തയാളുടെ വിശദാംശങ്ങൾ പേപ്പറിൽ ഉണ്ടാകില്ല. ഏഴു സെക്കൻഡ് നേരം സ്ലിപ് പരിശോധിക്കാൻ വോട്ടർക്കു സമയം ലഭിക്കും. എട്ടാം സെക്കൻഡിൽ മെഷീൻതന്നെ സ്ലിപ് മുറിച്ചു ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കും.
ഒരു സീരീസിലുള്ള എല്ലാ വിവിപാറ്റുകളും മാറ്റുന്നു
ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് തിരിച്ചയ്ക്കുന്ന മെഷീനുകളിൽ EVTEA 0001 തൊട്ട് EVTEA 99999 വരെയുള്ളവ തകരാറിലാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതുപോലെ തന്നെ EVTEB, EVTEC, EVTED സീരീസും. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലേക്ക് തിരിച്ചയ്ക്കുന്ന മെഷീനുകളുടെ കാര്യത്തിലും ഇതേപ്രശ്‌നമാണ്. ബെല്ലിലെ 2,53500 മെഷീനുകൾ കേടാണെന്ന് കണ്ടെത്തിയത്.
ഈ സീരീസുകളിലുള്ള മെഷീനുകൾ 2018 ലാണ് ആദ്യമായി കൊണ്ടുവന്നത്. പിന്നീടുള്ള മിക്ക തിരഞ്ഞെടുപ്പുകളിലും ഇവയാണ് ഉപയോഗിച്ചത്. രാജ്യമെമ്പാടും നിന്ന് ശേഖരിച്ച കേടായ മെഷീനുകൾ മാറ്റി പുതിയവ അതാത് ജില്ലകളിൽ എത്തിച്ചിട്ടുണ്ട്.
എന്താണ് വിവിപാറ്റുകളുടെ തകരാറ്?
ജനുവരി 27 ന് തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നിന്ന് നൽകിയ നിർദ്ദേശപ്രകാരമാണ് 6.5 ലക്ഷം വിവിപാറ്റുകൾ മാറ്റി വച്ചത്. വെയർഹൗസുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് അംഗീകൃത ദേശീയ-സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലാണ്. ഡിസംബറിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് അനുമതി തേടി അറിയിപ്പ് കിട്ടിയത്. എന്താണ് മെഷീനുകളുടെ തകരാറെന്നും, എന്തിനാണ് ഒരേ പരമ്പരയിൽ പെട്ട മുഴുവൻ മെഷീനുകളും മാറ്റുന്നതെന്നും ഉള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
തകരാർ സ്വാഭാവികം, ഇത്രയും എണ്ണം അസാധാരണം
സാധാരണ ഒരു തിരഞ്ഞെടുപ്പിൽ, 4000 വോട്ടിങ് മെഷീനുകൾക്ക് വരെ തകരാർ സംഭവിക്കാറുണ്ട്. ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനമായ വിവിപാറ്റുകൾക്ക് ഇവിഎമ്മിനെ അപേക്ഷിച്ച് ഇത് 10 ഇരട്ടിയാണ്. എന്നാൽ, 6.5 ലക്ഷം വിവിപാറ്റുകൾക്ക് ഒറ്റയടിക്ക് കേടുവരിക ഗുരുതര വിഷയമെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി അഭിപ്രായപ്പെട്ടു. കേടായ മെഷീനുകൾ ഒരുവർഷത്തിലേറെയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കസ്റ്റഡിയിലായിരുന്നു. വിവിപാറ്റുകളിൽ ഓഡിറ്റ് നടത്തിയിരുന്നോ, ഇവിഎമ്മുമായി ഒത്തുനോക്കിയിരുന്നോ, ഫലമെന്തായിരുന്നു, തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയില്ല. 37 ശതമാനം മെഷീനുകൾക്ക് തകരാറ് എന്നത് വളരെ ഉയർന്ന സംഖ്യയും, ഗുരുതര പ്രശ്‌നവുമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇക്കാര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ലഭിക്കാനിരിക്കുന്നതേയുള്ളു എന്നും ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ