തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്റണി. പുതുപ്പള്ളിയിലെ ജനങ്ങളുടെ വികാരമെന്നത് അവരുടെ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കെതിരെയുള്ള ശിക്ഷാവിധിയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ എത്ര പൈശാചികമായാണ് അവർ വേട്ടയാടിയതെന്ന് പുതുപ്പള്ളി കണ്ടു. ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചവർ മാപ്പു പറയണമെന്നും ആന്റണ ആവശ്യപ്പെട്ടു.

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേൾക്കുമ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഞെട്ടി വിറയ്ക്കും, അവർക്ക് ബോധക്കേട് ഉണ്ടാകും എന്നു ഞാൻ പറഞ്ഞത് അവിടുത്തെ ജനങ്ങളെ നേരിൽകണ്ട് ബോധ്യപ്പെട്ടതുകൊണ്ടാണ്. പുതുപ്പള്ളി മണ്ഡലവുമായി എനിക്ക് അത്രയേറെ ദീർഘകാല ബന്ധമുണ്ടായിരുന്നു. 1962 മുതൽ ഉമ്മൻ ചാണ്ടിയോടൊപ്പം ഞാൻ പുതുപ്പള്ളിയിൽ പോയിത്തുടങ്ങിയതാണ്. ദീർഘകാലത്തെ ബന്ധമുള്ള എനിക്കറിയാം പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ എത്ര പൈശാചികമായിട്ട് അവർ ആക്രമിച്ചുവെന്ന് ആ പുതുപ്പള്ളിക്കാർ കണ്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും കുടുംബവും ഉറക്കമില്ലാത്ത എത്ര രാത്രികൾ കടന്നുപോയിക്കാണും. അതിനെല്ലാമൊരു മറുപടി കൊടുക്കാൻ പുതുപ്പള്ളിക്കാർ തയ്യാറെടുത്തിരിക്കുന്നതാണ് പ്രചാരണത്തിനുപോയപ്പോൾ കണ്ടത്.

ഉമ്മൻ ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ അതിശയകരമായ ഭൂരിപക്ഷവും ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പരമദയനീയമായ പരാജയവും കാണിക്കുന്നത്. ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ, വേദനിപ്പിച്ചവർ തെറ്റുതിരുത്താൻ തയാറാകണം. ഉമ്മൻ ചാണ്ടിയോടു ചെയ്ത എല്ലാ തെറ്റുകൾക്കും ഫലം പുറത്തുവന്നശേഷം മാപ്പ് എന്നൊരു വാക്ക് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കന്മാരുടെ പ്രതികരണത്തിൽ ഉണ്ടാകുമെന്നു ഞാൻ കരുതുന്നു. ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഉണ്ടാവുമോയെന്ന് എനിക്ക് അറിയില്ല. അതാണ് കേരള ജനതയും പുതുപ്പള്ളിക്കാരും ആഗ്രഹിക്കുന്നത്.

അതോടൊപ്പം ഞാൻ മറ്റൊരു കാര്യവും കണ്ടു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരെ ശിക്ഷിക്കണം, കടുത്ത ശിക്ഷ നൽകണം, അവർക്കു വേദനയുണ്ടാകണം എന്നിങ്ങനെ ജനങ്ങൾ ആഗ്രഹിക്കുന്നു. ഈ ഭരണത്തോടുള്ള എന്തുമാത്രം എതിർപ്പും ഞാൻ കണ്ടു'' എ.കെ.ആന്റണി വ്യക്തമാക്കി.