- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി അയോഗ്യത കൽപ്പിച്ചെങ്കിലും എ രാജയ്ക്ക് പിടിവള്ളിയാകുക അപ്പീൽ; മാതൃകയാകുക മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് നിയമ പോരാട്ടം; ജാതി സംവരണ കേസിൽ കൊടിക്കുന്നിലിന് തുണയായത് നാലുവട്ടം തിരഞ്ഞെടുപ്പിൽ മത്സരിച്ചതും മതംമാറ്റത്തിന്റെ തെളിവുകളും; ദേവികുളത്ത് രാജ അപ്പീലിന് പോയാൽ
മൂന്നാർ: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതോടെ, എ രാജയ്ക്കും സിപിഎമ്മിനും തിരിച്ചടി ആയെങ്കിലും, അപ്പീൽ കൊടുക്കാം എന്നുള്ളതാണ് പിടിവള്ളി. എ രാജക്ക് ഡിവിഷൻ ബെഞ്ചിനെയും ആവശ്യമെങ്കിൽ, സുപ്രീം കോടതിയെയും സമീപിക്കാം.
പട്ടിക ജാതി, വർഗ സംവരണ സീറ്റ് ആണ് ദേവികുളം. എ രാജ പരിവർത്തിത ക്രിസ്ത്യൻ വിഭാഗമാണെന്നും പട്ടിക ജാതി സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർത്ഥി കോൺഗ്രസിന്റെ ഡി കുമാർ ആണ് ഹർജി സമർപ്പിച്ചത്. സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജ യോഗ്യനല്ലായെന്ന് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയിൽ പറഞ്ഞത്. എന്നാൽ, അപ്പീൽ പോകുമ്പോൾ, എ.രാജയ്ക്ക് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് കേസും അനുകൂല വിധിയും പരമാർശിക്കാം.
പട്ടിക ജാതി പട്ടിക വർഗ സംവരണ മണ്ഡലമായ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച കൊടിക്കുന്നിൽ സുരേഷിനെ കോടതി അയോഗ്യനാക്കിയിരുന്നു. 2009ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതിയുടെ അയോഗ്യത. എന്നാൽ, കൊടിക്കുന്നിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി കേസ് ജയിക്കുകയായിരുന്നു.
കൊടിക്കുന്നിലിന്റെ പോരാട്ടം രാജയ്ക്ക് മാതൃക
കൊടിക്കുന്നിൽ സുരേഷിനെ ചേരമർ/ പുലയ അംഗമായി കാണാനാവില്ലെന്നും, ക്രിസ്ത്യാനിയായി മാത്രമേ കാണാനാകൂ എന്നും വിലയിരുത്തിയാണ് ഹൈക്കോടതി കേസ് അസാധുവാക്കിയത്. കൊടിക്കുന്നിലിന്റെ മാതാപിതാക്കൾ ക്രിസ്ത്യാനിയായതോടെ അവരുടെ ആദ്യ ജാതി അംഗത്വം നഷ്ടമായെന്നാണ് കോടതി പറഞ്ഞത്. അവർക്കുണ്ടായ കുട്ടികൾ വീണ്ടും മതം മാറുന്നതുവരെ മാതാപിതാക്കളുടെ ആദ്യ ജാതിയിൽ അംഗത്വം അവകാശപ്പെടാനാവില്ല. കൊടിക്കുന്നിൽ അവകാശപ്പെടുന്ന തരത്തിൽ തിരികെ മതംമാറ്റം നടന്നാൽ പോലും ഹിന്ദു മതത്തിലേക്കുള്ള മടങ്ങി വരവേ ആകൂ, ഏതെങ്കിലും പ്രത്യേക ജാതിയിലേക്കല്ല. ക്രിസ്ത്യാനിയായിരിക്കെ സ്‌കൂൾ രജിസ്റ്ററിൽ ചേരമർ എന്നു രേഖപ്പെടുത്തിയതു സ്വീകാര്യമില്ലെന്നും കോടതി പറഞ്ഞിരുന്നു.
ലോക്സഭയിലേക്ക് ഏഴു തവണ മൽസരിച്ച സുരേഷ് നാലുവട്ടം അടൂരിൽ നിന്നും ഒരു തവണ മാവേലിക്കരയിൽ നിന്നുമാണ് ലോക്സഭയിലെത്തിയത്. ആദ്യ വട്ടം (1989) പരാതിയുണ്ടായെങ്കിലും അന്നു വരണാധികാരി അതു തള്ളി. 91ൽ മുതിർന്ന നേതാവ് ഭാർഗവി തങ്കപ്പനെതിരെ മത്സരിച്ചു ജയിച്ചപ്പോഴും 96ൽ പി.കെ. രാഘവനെതിരെ ജയിച്ചപ്പോഴും തിരഞ്ഞെടുപ്പു കേസുണ്ടായില്ല. 2009 ൽ മാവേലിക്കരയിൽ സിപിഐയിലെ ആർ.എസ്. അനിലിനെ 48048 വോട്ടിന്റെ ഭൂരിപക്ഷത്തിനു സുരേഷ് തോൽപിച്ചതിനെ തുടർന്നുണ്ടായ കേസിലാണ് കൊടിക്കുന്നിലിനെ അയോഗ്യനാക്കിയത്.
സുപ്രീം കോടതിയിൽ അപ്പീൽ പോയപ്പോൾ
കൊടിക്കുന്നിൽ സുരേഷിനെ ചേരമർ/ പുലയ അംഗമായി കാണാനാവില്ലെന്നും, ക്രിസ്ത്യാനിയായി മാത്രമേ കാണാനാകൂ എന്നും വിലയിരുത്തിയാണ് ഹൈക്കോടതി കേസ് അസാധുവാക്കിയത്. കൊടിക്കുന്നിൽ ജനിച്ചതും വളർന്നതും ക്രിസ്ത്യാനിയായിട്ടാണ് എന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ സുപ്രീം കോടതി അംഗീകരിച്ചു. എന്നാൽ, കൊടിക്കുന്നിൽ നാല് വട്ടം തിരഞ്ഞെടുപ്പിൽ ജയിച്ചത് സമുദായം അദ്ദേഹത്തെ അംഗീകരിച്ചതിന്റെ തെളിവായി കോടതി നിരീക്ഷിച്ചു.താൻ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് തെളിയിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് കേരള ചേരമർ സംഘം പ്രസിഡന്റിന്റെ കത്തടക്കം ഹാജരാക്കിയിരുന്നു. 16 ാമത്തെ വയസിൽ ഹിന്ദുവായി മാറിയെന്നും, ഹിന്ദു ചേരമർ സമുദായത്തിന്റെ ആചാരങ്ങളാണ് പിന്തുടരുന്നതെന്നും മതംമാറ്റത്തിന് തെളിവുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി. തുടർന്ന് 2011 മെയ് 12-ന് സുപ്രീം കോടതി ഹൈക്കോടതി വിധി അസാധുവാക്കി.
എ രാജയ്ക്ക് സംഭവിച്ചത്
ദേവികുളം സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് കാണിച്ചാണ കോടതി എ രാജയുടെ തെരഞ്ഞെടുപ്പു റദ്ദക്കിയത്. രാജ തെരഞ്ഞെടുപ്പു വേളയിൽ ഹാജരാക്കിയത് വ്യാജ ജാതിസർട്ടിഫിക്കറ്റാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. എേം രാജ ക്രൈസ്തവ വിഭാഗക്കാരനാണെന്ന കോൺഗ്രസിലെ സ്ഥാനാർത്ഥി ഡി കുമാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നാണ് അയോഗ്യതയായി പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഡി.കുമാറിന്റെ ആവശ്യം കോടതി തള്ളി. 2021-ലെ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.രാജ വിജയിച്ചിരുന്നത്. ഈ കേസിൽ ഡി കുമാർ നടത്തിയത് നിർണായക പോരാട്ടമാണ്
എ.രാജ തമിഴ്പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ഏറെ സ്വാധീനം ഉള്ള സംവരണമണ്ഡലമായ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടി നിയമസഭയിലെത്തിയ ആളാണ്. കാലാകാലങ്ങളായി പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ദേവികുളം നിയോജകമണ്ഡലത്തിൽ മത്സരിച്ച രാജ പരിവർത്തിത ക്രിസ്ത്യൻ ആണ്. പരിവർത്തനം ചെയ്തതോടെ പട്ടികജാതിക്കാരനല്ലാതായി. ദേവികുളം സി.എസ്‌ഐ പള്ളിയിൽ നടന്ന രാജയുടെ വിവാഹച്ചടങ്ങുകളുടെ ഫോട്ടോ അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ക്രിസ്തീയ മതവിശ്വാസിയല്ലാത്ത ഒരാളുടെ വിവാഹം പള്ളിയിൽ നടക്കാൻ സാധ്യതയില്ലെന്ന വസ്തുത പകൽ പോലെ വ്യക്തമാണ്. ഒന്ന് മുതൽ 2216 വരയുള്ള ക്രമനമ്പറിൽ ഉള്ള രജിസ്റ്ററുകൾ കാണാതായി എന്നാണ് പാസ്റ്റർ കോടതിയിൽ അറിയിച്ചിട്ടുള്ളത്.
സി.എസ്‌ഐ പള്ളിയിൽ 1982 മുതലുള്ള രാജയുടെ പിതാവിന്റെയും കുടുംബാഗങ്ങളുടെയും അംഗത്വ രേഖകളുടെ പകർപ്പും നൽകി. 2016ൽ രാജയുടെ മാതാവ് മരണപ്പെട്ട സമയത്ത് സെൽവകുമാർ എന്ന പാസ്റ്ററാണ് ക്രസ്തീയ മതാചാരപ്രകാരം ചടങ്ങുകൾ ചെയ്തിട്ടുള്ളത്. ഇടുക്കിയിലെ തോട്ടംമേഖല ഉൾക്കൊള്ളുന്ന ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി/പട്ടികവർഗ്ഗത്തിനായി സംവരണം ചെയ്ത മണ്ഡലമാണ്. പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ ഇത്തരം മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരമുള്ളൂ.
എന്നാൽ, ഈ നിയമം അട്ടിമറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ദേവികുളം എം എൽ എയായ അഡ്വ. എ രാജ മത്സരിച്ചതെന്ന ഡി കുമാറിന്റെ വാദമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. മാത്രമല്ല , എംഎൽഎ എ രാജയുടെ വിവാഹം ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയിൽ വച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യൻ ആചാരപ്രകാരം നടത്തുന്ന എ രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കിയത്. ഇത്തരത്തിൽ തെരഞ്ഞടുപ്പിൽ കൃത്രിമത്വം കാണിച്ച രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡി കുമാർ ഹൈക്കോടതിയെ സമീപിച്ചത്. എന്ത്ായാലും അപ്പീൽ പോകുമ്പോൾ എ രാജയ്ക്ക് കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് കേസ് പരാമർശിക്കേണ്ടി വരും. മാത്രമല്ല, പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് തെളിയിക്കാൻ മതിയായ രേഖകളും ഹാജരാക്കേണ്ടി വരും.
ഹൈക്കോടതി അയോഗ്യത കൽപ്പിച്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടി ജനപ്രതിനിധിയായി തുടർന്നവരാണ് അധികവും. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ വിധി വന്നത് റോസമ്മ പുന്നൂസിനും പി.സി.തോമസിനുമാണ്.
മറുനാടന്‍ മലയാളി ബ്യൂറോ