- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരം പിടിക്കാൻ സാധിച്ചില്ലെങ്കിലും ഗുജറാത്തിലും കരുത്തു തെളിയിച്ച് ആം ആദ്മി പാർട്ടി; 13 ശതമാനം വോട്ടുകൾ നേടിയത് വലിയ നേട്ടം; ആറ് സീറ്റുകളിൽ വിജയം നേടിയത് മുന്നോട്ടുള്ള കുതിപ്പിന്റെ തുടക്കം മാത്രം; ദേശീയ പാർട്ടിയായി മാറിയെന്ന് അവകാശപ്പെട്ട് മനീഷ് സിസോദിയ; കെജ്രിവാൾ മാജിക്ക് ഡൽഹിക്ക് അപ്പുറത്തേക്കും ആവർത്തിക്കുമ്പോൾ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയപ്പോൾ അതിൽ ഒരു പങ്ക് ആം ആദ്മി പാർട്ടിക്കുമുണ്ട്. കാരണം കോൺഗ്രസിന്റെ പെട്ടിയിൽ വീഴേണ്ട വോട്ടുകൾ സ്വന്തമാക്കിയ ആം ആദ്മി പ്രതിപക്ഷത്തെ വോട്ടുകൾ ഭിന്നിപ്പിക്കാനും ഇടയാക്കി. ഇതാണ് വൻ ലീഡിലേക്ക് ബിജെപിയെ എത്തിച്ചത്. അതേസമയം ഗുജറാത്തിൽ ഭാവിയിൽ വലിയ റോൾ വഹിക്കാൻ ശേഷിയുള്ള പാർട്ടിയായി ആപ്പ് വളർന്നു കഴിഞ്ഞു. 13 ശതമാനം വോട്ടുകൾ നേടാൻ ആം ആദ്മിക്ക് സാധിച്ചു. ആറ് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചതെങ്കിലും ഈ വോട്ടു ശതമാനം കൊണ്ട് ഭാവിയിൽ കൂടുതൽ മുന്നേറാനുള്ള അടിത്തറ പാകിയിട്ടുണ്ട് ആപ്പ്.
സംസ്ഥാനത്ത് എഎപി നടത്തിയ മികച്ച മുന്നേറ്റം പ്രതിപക്ഷ ഇടം സ്വന്തമാക്കുക എന്ന അപ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള എഎപിയുടെ മികച്ച ചുവടായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ചാണ് ആം ആദ്മി പാർട്ടി ഇത്തവണ കളത്തിലിറങ്ങിയത്. ഡൽഹി പഞ്ചാബ് സംസ്ഥാനങ്ങളിൽ നേടിയ ജയം കരുത്തേകുന്നു.
ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായപ്പോൾ എഎപി നടത്തിയത് മികച്ച മുന്നേറ്റം. താമര വിരിഞ്ഞു പരിലസിക്കുന്ന മണ്ണിൽ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ അവർക്ക് കഴിഞ്ഞു. സംസ്ഥാനത്ത് ആം ആദ്മി അക്കൗണ്ട് തുറക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പാർട്ടിയെ സംബന്ധിച്ച് ഇത് അഭിമാനാർഹം.
ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി രണ്ടാം ദിനം മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഗുജറാത്ത് ജനതയുടെ വോട്ടോടെ ദേശീയ പാർട്ടി എന്ന പദവി ആം ആദ്മി നേടും. ബിജെപിക്കും കോൺഗ്രസിനും ഏറെ പിന്നിലാണെങ്കിലും എഎപി 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ദേശീയ പാർട്ടിയാകാൻ എഎപിക്ക് രണ്ട് സീറ്റും ആറ് ശതമാനം വോട്ടും നേടേണ്ടതുണ്ട്. എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ രണ്ടക്ക സീറ്റുകൾ നേടുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് സാധ്യതകൾ കാണിക്കുന്നുണ്ടെങ്കിലും ഗുജറാത്തിലെ ബിജെപി കോട്ടയിൽ ചുവടുറപ്പിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
'ഗുജറാത്തിലെ ജനങ്ങളുടെ വോട്ട് കൊണ്ട് ആം ആദ്മി പാർട്ടി ഇന്ന് ദേശീയ പാർട്ടിയായി മാറുകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയത്തിന് ആദ്യമായി രാജ്യത്ത് അംഗീകാരം ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ'- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
ഡൽഹിയിൽ അധികാരത്തിലിരിക്കെ പഞ്ചാബിൽ വിജയം രേഖപ്പെടുത്തിയ ആം ആദ്മി പാർട്ടി എംസിഡിയിലും വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഇത് പാർട്ടിയുടെയും, പാർട്ടിയുമായി ബന്ധപ്പെട്ടവരുടെയും ആത്മവീര്യം ഏറെ ഉയർത്തിയിട്ടുണ്ട്. നിർണായക തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ എഎപിയുടെ ഓഫീസിൽ പ്രത്യേക പോസ്റ്റർ പതിച്ചതിൽ നിന്ന് തന്നെ അവരുടെ ആത്മവിശ്വാസം മനസ്സിലാക്കാം. 'ആം ആദ്മി പാർട്ടിയുടെ ദേശീയ പാർട്ടിയായതിന് എല്ലാവർക്കും അഭിനന്ദനങ്ങൾ' എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയത്.
ദേശീയപാർട്ടി പദവി ലഭിക്കാനായി ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലാണ് സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റും ആറ് ശതമാനം വോട്ടും ലഭിച്ചാൽ സംസ്ഥാന പാർട്ടി പദവി ലഭിക്കും. നിലവിൽ ഡൽഹി, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിൽ ആംആദ്മി പാർട്ടിക്ക് സംസ്ഥാന പാർട്ടി പദവിയുണ്ട്. ഗുജറാത്തിൽ കൂടി സംസ്ഥാനപദവി ലഭിക്കുന്നതോടെ ആംആദ്മി പാർട്ടി ദേശീയപാർട്ടിയായി മാറും. എക്സിറ്റ് പോളുകളിൽ പ്രവചിച്ചത് പോലെയുള്ള മുന്നേറ്റം കൈവരിക്കാനായില്ലെങ്കിലും ദേശീയ പദവി ലഭിക്കുന്നത് ദേശീയരാഷ്ട്രീയത്തിൽ ആംആദ്മിക്ക് കരുത്താകും.
മറുനാടന് മലയാളി ബ്യൂറോ