ന്യൂഡൽഹി: കാര്യം ശരിയാണ്. ഗുജറാത്തിൽ ഒറ്റയക്കം, ഹിമാചലിൽ പൂജ്യം. എഎപിയുടെ സീറ്റ് കണക്ക് നോക്കിയാൽ എന്താണിത്ര കോലാഹലമെന്ന് തോന്നാമെങ്കിലും, ഗുജറാത്തിലെ കന്നിപ്രവേശം മോശമാക്കിയെന്ന് പറയാനാവില്ല. ബിജെപി 52.5 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ, കന്നിക്കാരായ ആപ്പ് 12.91 ശതമാനം നേടിയിരിക്കുന്നു. ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽ, രംഗപ്രവേശത്തിന് ജനങ്ങൾ സഹായിച്ചുവെന്നും, അടുത്ത വട്ടം തങ്ങൾക്ക് ജയിക്കാൻ കഴിയുമെന്നുമാണ് കെജ്രിവാളിന്റെ പ്രതികരണം. ഗുജറാത്തിലും, ഹിമാചലിലും മത്സരിച്ചുവെന്നതല്ല, ആപ്പിന് വിശാലമായ പദ്ധതിയിലേക്കുള്ള ഒരുചുവട് വയ്‌പ്പാണിത്. ദേശീയപാർട്ടി പദവി ലക്ഷ്യമിട്ട ആപ്പിന് ഈ വോട്ട് വിഹിതം ആഹ്ലാദം പകരുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടരുകയാണ്.

കെജ്രിവാളിന്റെ വീഡിയോ സന്ദേശം ഇങ്ങനെ: ' ഗുജറാത്തി ജനത ഞങ്ങൾക്ക് ദേശീയ പദവി നൽകിയിരിക്കുന്നു. ഒരു ചെറിയ, യുവ പാർട്ടിയെ സംബന്ധിച്ച് ഇത് അദ്ഭുതകരമായ നേട്ടം തന്നെ'. പാർട്ടി നേതാവ് സഞ്ജയ് സിങ് ഒരുപടി കൂടി മുന്നോട്ടുവച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മോദിയും കെജ്രിവാളും തമ്മിലായിരിക്കും പോരാട്ടം. 10 വർഷത്തെ ചരിത്രം മാത്രമുള്ള പാർട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എഎപിയാണ് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പാർട്ടി, അദ്ദേഹം അവകാശപ്പെട്ടു.

എഎപി ആറ് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടുന്ന നാലാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടാൻ പൂർത്തീകരിക്കേണ്ട മുഖ്യമാനദണ്ഡം. കഴിഞ്ഞ മാസമാണ് എഎപി 10 ാം വാർഷികം ആഘോഷിച്ചത്. ഡൽഹി-പഞ്ചാബ് സംസ്ഥാനങ്ങളെ ഭരിക്കുന്ന പാർട്ടിക്ക് ഇതുവരെ സംസ്ഥാന പദവിയായിരുന്നു. ഗോവയിൽ രണ്ടുസീറ്റും 6.77 ശതമാനം വോട്ടും കിട്ടി. ഗുജറാത്തിലെ ജയത്തോടെ, എഎപി ദേശീയ പാർട്ടികളുടെ പട്ടികയിൽ ചേരും. ദേശീയപദവിയുള്ള ഏഴുപാർട്ടികളിൽ ബിജെപിയും, കോൺഗ്രസുമാണ് ഏറ്റവും വലുത്.

15 വർഷം ബിജെപി അധികാരത്തിലിരുന്ന ഡൽഹി മുനിസിപ്പിൽ കോർപറേഷനിൽ അധികാരം പിടിച്ചെടുത്തതിന്റെ ആഹ്ലാദ നിറവിലാണ്, ദേശീയ പാർട്ടി പദവി കൂടി ആപ്പിനെ തേടിയെത്തുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പാർട്ടിയുടെ പുതിയ പദവിയെ സൂചിപ്പിച്ച് ട്വീറ്റിട്ടു. ' ഇതാദ്യമായി വിദ്യാഭ്യാസ-ആരോഗ്യ പ്രശ്‌നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്'.

ഗുജറാത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് എഎപി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, അവരുടെ ലക്ഷ്യങ്ങൾ കൂടുതൽ പ്രായോഗികമായിരുന്നു. തങ്ങൾക്ക് സംസ്ഥാനത്ത് 15-20 ശതമാനം വോട്ട് വിഹിതം കിട്ടിയാൽ, പാർട്ടി സന്തുഷ്ടരായിരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. ഹിമാചലിൽ, ബിജെപിയോടും, കോൺഗ്രസിനോടും മത്സരിച്ചെങ്കിലും, കഷ്ടിച്ച് ഒരുശതമാനം വോട്ടാണ് കിട്ടുക. ആദ്യത്തെ പ്രചാരണ കോലാഹലത്തിന് ശേഷം ആപ്പ് ഹിമാചലിൽ കാര്യമായ ശ്രദ്ധ കൊടുത്തതുമില്ല.