- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ആം ആദ്മി; 15 വർഷത്തെ ഭരണത്തുടർച്ചക്ക് ശേഷം അടിതെറ്റി വീണ് ബിജെപി; 250 വാർഡുകളിൽ 134 ഇടത്ത് ആപ്പിന് വിജയം; ബിജെപിക്ക് 103ൽ ഒതുങ്ങിയപ്പോൾ തകർന്നടിഞ്ഞ കോൺഗ്രസിന് 10 വാർഡുകൾ മാത്രം
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പു ഫലം നാളെ പുറത്തുവരാനിരിക്കവേ ബിജെപിയുടെ നെഞ്ചിടിപ്പു കൂട്ടി ഡൽഹിയിലെ ആം ആദ്മിയുടെ വിപ്ലവം. ചരിത്രത്തിൽ ആദ്യമായി ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഭരണം പിടിച്ച് ആം ആദ്മി പാർട്ടി കരുത്തുകാട്ടി. ഇതോടെ നാളെ നരേന്ദ്ര മോദിയുടെ ഗുജറാത്തിൽ എന്താകും ഫലമെന്ന ആകാംക്ഷയാണ് ഉണ്ടായിരിക്കുന്നത്. ആപ്പിന്റെ മുന്നേറ്റത്തിൽ പതിനഞ്ചു വർഷമായി മുൻസിപ്പൽ കോർപറേഷൻ ഭരിച്ച ബിജെപിക്ക് അടിതെറ്റി.
250 വാർഡുകളിൽ 134 ഇടത്ത് ആം ആദ്മി പാർട്ടി വിജയിച്ചപ്പോൾ ബിജെപിക്ക് നേടാനായത് 103 വാർഡുകളാണ്. അമ്പേ തകർന്നടിഞ്ഞ കോൺഗ്രസിന് 10 വാർഡുകൾ മാത്രമാണ് സ്വന്തമാക്കാനായത്. ഡൽഹിക്കൊപ്പം ഇനി ഡൽഹി മുൻസിപ്പൽ കോർപറേഷനും ആം ആദ്മി പാർട്ടി ഭരിക്കും. കെജ്രിവാളിന്റെയും സംഘത്തിന്റെയും മുന്നേറ്റത്തിൽ ബിജെപിക്കും കോൺഗ്രസിനും ഉണ്ടായത് കനത്ത തിരിച്ചടി.
2007 മുതൽ കൈവശമുള്ള മുൻസിപ്പൽ കോർപറേഷൻ ബിജെപിക്ക് നഷ്ട്ടപെട്ടു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആംആദ്മിയും ബിജെപിയും ഒപ്പത്തിന് ഒപ്പമായിരുന്നുവെങ്കിൽ വോട്ടെണ്ണൽ പുരോഗമിക്കും തോറും കെജ്രിവാളും കൂട്ടരും ലീഡ് ഉയർത്തി. ബിജെപി കോട്ട പോലെ കാത്ത പല വാർഡുകളും ആം ആദ്മിയുടെ ജൈത്രയാത്രയിൽ വീണു. കൗൺസിലർമാരുടെ എണ്ണം രണ്ടക്കം തികയ്ക്കാൻ ആകാതെ കോൺഗ്രസ് നിലംപരിശായി. ഡൽഹിയിലെ വോട്ടർമാർ വെറുപ്പിന്റെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ലെന്നും അടിസ്ഥാന സൗകര്യം ഒരുക്കിയവർക്കാണ് അവർ വോട്ട് ചെയ്തതെന്നും ആം ആദ്മി നേതൃത്വം പ്രതികരിച്ചു.
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷൻ ആക്കിയ ശേഷം നടന്ന ആദ്യ തെരെഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ തവണ ബിജെപി 181 വാർഡുകളിലും ആം ആദ്മി പാർട്ടി 48വാർഡുകളും കോൺഗ്രസ് 27 വാർഡുകളുമായിരുന്നു വിജയിച്ചിരുന്നത്. മദ്യ നയത്തിലെ അഴിമതി അടക്കം കെജ്രിവാൾ മന്ത്രിസഭാ അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണം ബിജെപി പ്രചാരണ ആയുധമാക്കിയ തെരെഞ്ഞെടുപ്പിൽ ജയം നേടാനായത് ആം ആദ്മിക്ക് കരുത്തു പകരുന്നതാണ്.
126 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ജമാ മസ്ജിദ് വാർഡിൽ എഎപിയുടെ സുൽത്താന അബാദ് വിജയിച്ചു. എ.എ.പി സ്ഥാനാർത്ഥിയായ സരിക ചൗധരി ദര്യഗഞ്ച് സീറ്റിൽ കോൺഗ്രസിന്റെ ഫർഹാദ് സൂരിയെ 244 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ലക്ഷ്മി നഗറിൽ ബിജെപിയുടെ അൽക്ക രാഘവ് 3,819 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ രോഹിണി ഡി വാർഡിൽ പാർട്ടിയുടെ സ്മിതയും വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ അങ്കുഷ് നാരംഗ് രഞ്ജീത് നഗർ മണ്ഡലത്തിൽ വിജയിച്ചു.
നിലവിലെ ഭരണകക്ഷിയായ ബിജെപിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർത്ഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർത്ഥികളുമാണുള്ളത്. ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്ന് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നു. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നായിരുന്നു പ്രവചനം.
മറുനാടന്‍ മലയാളി ബ്യൂറോ