- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ ഭരണമാറ്റം സുനിശ്ചിതം; കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തുമെന്ന് സർവേ; മുഖ്യമന്ത്രിയായി ഡി കെയേക്കാൾ പിന്തുണ സിദ്ധരാമയ്യക്ക്; ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖകളിൽ കോൺഗ്രസ് മുന്നേറ്റം പ്രകടം; ബിജെപി പ്രതീക്ഷ തീരമേഖലയിൽ; പോരാട്ടം മുറുകവേ കോൺഗ്രസിന് ഊർജ്ജമായി സർവേ ഫലങ്ങൾ
ബംഗളുരു: കർണാടകയിൽ ഭരണം തിരികെ പിടിക്കുക എന്നത് കോൺഗ്രസിനെ സമ്മതിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് കരുത്തു കാട്ടുമെന്ന പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് ബിജെയെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചാൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറും. ഇങ്ങനെ സംഭവിച്ചാൽ അത് ബിജെപിക്ക് ദക്ഷിണേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ അധികാര പങ്കാളിത്തം ഇല്ലാതെയാകും. പോണ്ടിച്ചേരിയാകും അവശേഷിക്കുന്ന തുരുത്ത്.
തെരഞ്ഞെടുപ്പിൽ പ്രചരണം മുറുകവേ കോൺഗ്രസ് ആശ്വാസാകുന്നതാണ് പുറത്തുവരുന്ന അഭിപ്രായ സർവേ ഫലങ്ങൾ. മിക്ക സർവേകളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രവചിച്ച് എ.ബി.പിസി വോട്ടർ അഭിപ്രായ സർവേയും പുറത്തുവന്നു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേ പറയുന്നു. കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് തന്നെയാണ് സർവേ പറയുന്നത്.
224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസ് 107 മുതൽ 119 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപി 74 മുതൽ 86 വരെ സീറ്റുകളിൽ ഒതുങ്ങും. ജെ.ഡി.എസ് 23 മുതൽ 35 വരെ മണ്ഡലങ്ങളിൽ ജയിക്കും. മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും. ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പഴയ മൈസൂരുവിൽ ജെ.ഡി.എസ് ഒപ്പത്തിനൊപ്പമുണ്ട്. തീരദേശ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനാവുകയെന്നും സർവേ പറയുന്നു.
കോൺഗ്രസ് 40 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ ബിജെപിക്ക് 35 ശതമാനവും ജെ.ഡി.എസിന് 17 ശതമാനവും മറ്റുള്ളവർക്ക് എട്ട് ശതമാനം വരെയുമാണ് ലഭിക്കുകയെന്നും സർവേ പറയുന്നു. 17,772 പേരാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ പങ്കെടുത്ത 52 ശതമാനം പേരും നിലവിലെ ഭരണം മോശമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ മികച്ചതാണെന്ന് പറഞ്ഞത് 29 ശതമാനം പേരായിരുന്നു. 19 ശതമാനം പേർ ശരാശരിയെന്നും വിലയിരുത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രകടനം മോശമാണെന്ന് 51 ശതമാനം പേരും മികച്ചതാണെന്ന് 24 പേരും ശരാശരിയാണെന്ന് 25 ശതമാനം പേരും വിലയിരുത്തി.
അതേസമയം കർണാടകത്തിൽ കോൺഗ്രസിന്റെ തലവരമാറ്റുന്ന വിധത്തിൽ പ്രവർത്തിച്ചത് ഡികെ ശിവകുമാറാണ്. അദ്ദേഹത്തേക്കാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെയാണ്. 41 ശതമാനം പേർ അദ്ദേഹത്തെ അനുകൂലിച്ചപ്പോൾ ബസവരാജ് ബൊമ്മെയെ 31 ശതമാനം പേരും എച്ച്.ഡി. കുമാരസ്വാമിയെ 22 ശതമാനം പേരും പിന്തുണച്ചു. ഡി.കെ ശിവകുമാറിന് മൂന്ന് ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് സർവേ പറയുന്നത്. ഇത് കോൺസ് വിജയിച്ചാൽ തന്നെ പാർട്ടിക്കുള്ളിൽ പ്രശ്‌നമായി മാറിയേക്കാം.
അതേസമയം പധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം മികച്ചതാണെന്ന് 49 ശതമാനം പേരും വിലയിരുത്തിയപ്പോൾ 33 ശതമാനം മോശമാണെന്നും 18 ശതമാനം ശരാശരിയാണെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രാദേശിക അഭിപ്രായ സർവേയിലും കോൺഗ്രസ് വലിയ വിജയം നേടുമെന്നാണ് പുറത്തുവന്ന വാർത്ത.
ഈദിന എന്ന കന്നഡ മാധ്യമ സ്ഥാപനം നടത്തിയ സർവേയിൽ കോൺഗ്രസ് 134 മുതൽ 140 വരെ സീറ്റുകൾ നേടുമെന്നും ബിജെപി 57-65 സീറ്റുകളിൽ ഒതുങ്ങുമെന്നും പറയുന്നു. കോൺഗ്രസ് 43 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ ബിജെപിക്ക് 33 ശതമാനമേ ലഭിക്കൂവെന്നും പറയുന്നു. മെയ് 10ന് ഒറ്റഘട്ടമായാണ് കർണാടകയിലെ തെരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയുമെല്ലാം പ്രചാരണത്തിൽ സജീവമായിട്ടും ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം നഷ്ടമാകമോയെന്ന ആശങ്കയിലാണ് ബിജെപി.
അതേസമയം അവസാന ഘട്ടത്തിൽ മോദിയെയും അമിത്ഷായെയും കളത്തിലിറക്കി മത്സരം മുറുക്കുകയാണ് ബിജെപിയും കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർണാടകയിൽ കലാപമുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞതും ഏറെ വിവാദമായിരുന്നു. കോൺഗ്രസ് ഭരണത്തിലേറിയാൽ കുടുംബ രാഷ്ട്രീയം ഉത്തുംഗതയിലാവും. ഇത് കർണാടകയിൽ കലാപങ്ങൾക്കാണ് വഴിവെക്കുക. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ വികസനം റിവേഴ്‌സ് ഗിയറിലാവും. അഴിമതി വർധിക്കും. ബിജെപിക്ക് മാത്രമാണ് പുതിയ കർണാടകയിലേക്ക് നയിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. മതാടിസ്ഥാനത്തിൽ മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ബിജെപി സർക്കാർ മുസ്‌ലിം സംവരണം എടുത്തുകളഞ്ഞു. അധികാരത്തിൽ വന്നാൽ ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ പ്രധാന നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി എന്നിവരെക്കൊണ്ട് കോൺഗ്രസിന് ഗുണമുണ്ടാവില്ല. കോൺഗ്രസ് എല്ലാ കാലത്തും ലിംഗായത്ത് സമുദായത്തെ അവഗണിച്ചവരാണ്. ദീർഘകാലം കർണാടകയിൽ കോൺഗ്രസ് ഭരിച്ചിട്ടും രണ്ട് ലിംഗായത്ത് നേതാക്കളാണ് മുഖ്യമന്ത്രിമാരായത്. എസ്. നിജലിംഗപ്പയും വീരേന്ദ്ര പാട്ടീലും. ഇരുവരെയും കോൺഗ്രസ അപമാനിച്ച് പുറത്താക്കിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജെ.ഡി-എസിന് വോട്ടു നൽകരുതെന്നും അവർക്കു നൽകുന്ന ഓരോ വോട്ടും കോൺഗ്രസിനാണ് ഫലം ചെയ്യുകയെന്നും അമിത് ഷാ പറഞ്ഞു.
അതിനിടെ കർണാടകയിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ജെഡിഎസ് നേതാവ് മല്ലികാർജുന സ്വാമിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത ബിജെപി നേതാവും മന്ത്രിയുമായി വി സോമനയ്‌ക്കെതിരെ കേസ്. സോമനയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ചാമരാജനഗർ മണ്ഡലത്തിൽ തനിക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറാൻ സോമന മല്ലികാർജുന സ്വാമിയോട് ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സർക്കാർ വാഹനവും പണവുമായിരുന്നു സോമന വാഗ്ദാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഐപിസി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരം ചാമരാജനഗറിലെ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
പോർവിളികളുമായി പോരു മുറുകുന്നു.
കർണാടകയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ മുതിർന്ന നേതാക്കളുടെ പോർവിളി തുടങ്ങി. ബിജെപി നേതാവ് നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത് വിവാദമായപ്പോൾത്തന്നെ കോൺഗ്രസ് നേതാവ് സോണിയക്ക് നേരെ വിഷകന്യക പ്രയോഗവുമായി ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. 'ബിജെപിയുടെ ആശയത്തെ കുറിച്ചായിരുന്നു താൻ പറഞ്ഞത്' എന്ന് ഖാർഗെ വിശദീകരിച്ചപ്പോൾ രാജ്യം ഒന്നാമത് എന്നാണ് ബിജെപിയുടെ ആശയം. അപ്പോൾ ഖാർഗെ കടന്നാക്രമിച്ചത് ഇന്ത്യയെ ആണോ' എന്നാണ് സ്മൃതി ഇറാനി ചോദിച്ചത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മല്ലികാർജുൻ ഖാർഗെയുടെ 'വിഷപ്പാമ്പ്' പരാമർശത്തിന് മറുപടിയുമായെത്തി. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അവർ വിളിച്ച പേരുകളുടെ ലിസ്റ്റ് ആരോ ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും തകരുന്നത് അവർ തന്നെയാണെന്നും മോദി പറഞ്ഞു. കർണാടകയിലെ കർഷകർക്കും ജനങ്ങൾക്കും കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നല്കിയത്. പ്രീണന രാഷ്ട്രീയം മാത്രമാണ് കോൺഗ്രസിനുള്ളതെന്നും മോദി പറഞ്ഞു.
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. സൗജന്യ വാഗ്ദാനങ്ങൾ നല്കി തെരഞ്ഞെടുപ്പ് ജയിക്കുന്ന രീതിയെ നേരത്തെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ജനങ്ങളിൽ നിന്ന് 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരിന് എങ്ങനെയാണ് സൗജന്യം വാഗ്ദാനം ചെയ്യാനാവുകയെന്ന് രാഹുൽ ചോദിച്ചു. ആരുടെ സർക്കാരാണ് രൂപീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബിജെപി എംഎൽഎമാരെ തട്ടിയെടുക്കും. 40 ശതമാനം കമ്മിഷൻ നിങ്ങളിൽ നിന്ന് തട്ടിയെടുക്കും. അതുകൊണ്ട് സൂക്ഷിച്ച് വോട്ട് ചെയ്യണം- രാഹുൽ പറഞ്ഞു.
അതിനിടെ സൂപ്പർ താരം കമൽഹാസനെ കോൺഗ്രസ് പ്രചാരണത്തിനായി ഇറക്കുമെന്ന് റിപ്പോർട്ടുണ്ട്. രാഹുൽ ഗാന്ധിയുമായി നല്ല ബന്ധമാണ് കമലിനുള്ളത്. കോൺഗ്രസിന്റെ ക്ഷണം കമൽഹാസൻ പരിഗണിക്കുമെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. നേതാവ് പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തി.
മറുനാടന്‍ ഡെസ്‌ക്