- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെക്കോർഡ് ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കും; അപ്പയ്ക്ക് കിട്ടിയ ഭൂരിപക്ഷത്തെ മറികടക്കും; സജീവ രാഷ്ട്രീയത്തിലേക്കില്ല, ചാണ്ടി ജയിക്കുന്നത് കാണണം, അതുകഴിഞ്ഞ് മടക്കം; കലാശക്കൊട്ടിൽ പങ്കാളികളായപ്പോൾ പ്രവർത്തകർ കാട്ടിയ ആവേശം അച്ചു ഉമ്മന് കിട്ടിയതില്ല, ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ലഭിച്ചതാണ്; അണുവിട തെറ്റാത്ത വാക്കുകളുമായി നിലപാട് അറിയിച്ചു അച്ചു ഉമ്മൻ
കോട്ടയം: പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് തന്നെയാണ് യുഡിഎഫ് നേതാക്കൾ അടിയറച്ചു വിശ്വസിക്കുന്നത്. ഉമ്മൻ ചാണ്ടി വികാരം അതിന് തൂണയാകുമെന്നും ആളുകൾ കരുതുന്നു. നാളെ പോളിങ് ബൂത്തിലേക്ക് വോട്ടർമാർ നീങ്ങുന്നതിന് മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മൻ രംഗത്തുവന്നു. മാധ്യമപ്രവർത്തകരുടെ കുരുക്കുന്ന ചോദ്യങ്ങൾക്ക് മുന്നിലും അണുവിട തെറ്റാത്ത വാക്കുകളുമായാണ് അച്ചു തന്റെ നിലപാട് അറിയിച്ചത്. കഴിഞ്ഞ ദിവസം കലാശക്കൊട്ടിൽ അച്ചുവും പങ്കെടുത്തിരുന്നു. പ്രവർത്തകർ അച്ചുവിന്റെ സാന്നിധ്യത്തെ ആവേശത്തോടെയാണ് സ്വീകരിച്ചതും.
തന്റെ സഹോദരനായ ചാണ്ടി റെക്കോർഡ് ഭൂരിപക്ഷത്തിൽ ചാണ്ടി വിജയിക്കുമെന്നും അത് അപ്പയ്ക്ക് കിട്ടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതാകുമെന്നുമാണ് അച്ചു മാധ്യമങ്ങളോട് പറഞ്ഞത്. പുതുപ്പള്ളിയെ സ്‌നേഹിച്ച ഉമ്മൻ ചാണ്ടിക്ക് നൽകുന്ന ഏറ്റവും വലിയ യാത്രയപ്പ് നാളെയാണ്. അത് ഉമ്മൻ ചാണ്ടി മരിച്ചുവെന്ന സിംപതിയല്ല, ഈ 53 കൊല്ലം അദ്ദേഹം എന്തുചെയ്തുവെന്ന് പുതുപ്പള്ളിക്കാർക്ക് അറിയാം. എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണ്. അതുകൊണ്ടാണ് വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് സിപിഎം കടന്നത്. അതുകൊണ്ടൊന്നും സിപിഎമ്മിന് മേൽക്കൈ ഉണ്ടായിട്ടില്ലെന്നും അച്ചു വ്യക്തമാക്കി.
വീട്ടിലിരിക്കുന്ന സ്ത്രീകളെ അപവാദം പറയുന്നത് സമൂഹം സഹിക്കില്ല. വീടുകൾ കയറി ഇറങ്ങുമ്പോൾ ആളുകളുടെ വികാരം അറിയാം. ഉമ്മൻ ചാണ്ടിയുടെ കരസ്പർശം ഏൽക്കാത്ത ഒരു വീടും പുതുപ്പള്ളിയിലില്ല. അവര് ഇനിയും ഉമ്മൻ ചാണ്ടിക്ക് വിട നൽകിയിട്ടില്ല. അതുകൊണ്ട് അവരുടെ ഉമ്മൻ ചാണ്ടിക്ക് നൽകുന്ന അവസാന യാത്രയയപ്പ് ദിനം നാളെയാകും. ആ യാത്രയയപ്പിന്റെ ഇടിമുഴക്കം സെപ്റ്റംബർ 9ന കേൾക്കാൻ സാധിക്കുമെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ കേരളത്തിൽ സജീവമായി ഉണ്ടാകുമോ എന്ന ചോദ്യത്തിനും അച്ചു മറുപടി നൽകി. നേരത്തെ ഇക്കാര്യം വ്യക്തമാക്കിയാണ്. വോട്ടു ചെയ്യണം, അതിന്റെ റിസൽട്ട് അറിയണം, അതുകഴിഞ്ഞാൽ താൻ മടങ്ങുമെന്നും അവർ വ്യക്തമാക്കി. കലാശക്കൊട്ടിന്റെ പ്രചരണ പരിപാടിക്ക് എത്തിയപ്പോൾ ലഭിച്ച ആവേശം അച്ചു ഉമ്മന് കിട്ടിയതല്ല, അത് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ലഭിച്ചതാണെന്നും അച്ചു വ്യക്താക്കി.
വലിയ ആവേശം കണ്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്നലെ വൈകീട്ട് പാമ്പാടിയിൽ വെടിക്കെട്ടോടുകൂടിയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പദയാത്ര നടത്തി കൊട്ടിക്കലാശത്തിൽ പങ്കുചേർന്നപ്പോൾ ഇടത് മുന്നണി സ്ഥാനാർത്ഥി ജെയ്ക് റോഡ് ഷോയും പ്രസംഗവും നടത്തിയാണ് പ്രവർത്തകർക്ക് ആവേശം പകർന്നത്. കലാശക്കൊട്ടിന് പദയാത്ര തെരഞ്ഞെടുത്തതിന്റെ കാരണവും ചാണ്ടി ഉമ്മൻ പിന്നീട് വ്യക്തമാക്കി.
കലാശക്കൊട്ട് എന്ന ആഘോഷത്തിന്റെ ഭാഗമാകാനുള്ള മാനസികാവസ്ഥയിൽ അല്ല താനെന്നാണ് ചാണ്ടി പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ മരണം ഉണ്ടാക്കിയ തിരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ടുതന്നെ ആഘോഷത്തിന്റെ മാനസികാവസ്ഥ തനിക്കില്ലെന്നും ചാണ്ടി വിവരിച്ചു. അവസാന മണിക്കൂറിൽ പദയാത്ര തെരഞ്ഞെടുത്തത് അതുകൊണ്ടാണെന്നും യു ഡി എഫ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.
എന്നാൽ ചാണ്ടി ഉമ്മന് വേണ്ടി വോട്ട് തേടി കലാശക്കൊട്ടിനിടെ അച്ചു ഉമ്മൻ റോഡ് ഷോ നടത്തുകയായിരുന്നു. തൃക്കാക്കര എം എൽ എ ഉമാ തോമസും അച്ചു ഉമ്മനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. നേരത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ശശി തരൂർ എം പിയുമടക്കമുള്ളവരും പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം ആവേശമാക്കാൻ പുതുപ്പള്ളിയിലെത്തിയിരുന്നു.
അതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പാമ്പാടിയിൽ റോഡ് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നത്. റോഡ് ഷോയ്ക്കിടെ പ്രസംഗത്തിലൂടെ പ്രവർത്തകർക്ക് ആവേശം പകരാനും ജെയ്ക്കിന് സാധിച്ചു. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലാകട്ടെ ക്രയിനിൽ കയറി കൈവിശിക്കാണിച്ചായിരുന്നു കലാശക്കൊട്ട് ആവേശമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ലിജിനൊപ്പം ക്രെയിനിൽ കയറി പ്രവർത്തകർക്ക് ആവേശം പകർന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ പുതുപ്പള്ളിയിൽ നിശ്ശബ്ധ പ്രചാരണത്തിനുള്ള സമയമാണ്. അത് കഴിഞ്ഞ് സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി ജനത ഉമ്മൻ ചാണ്ടിയുടെ പകരക്കാരനാരെന്ന് വിധി എഴുതുക.