കോട്ടയം: ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മുഖത്തുള്ള പ്രഹരമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വൻ വിജയമെന്ന് അച്ചു ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ചാണ്ടി ഉമ്മൻ വൻ ലീഡ് ഉയർത്തിയതോടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മൻ.

ഉമ്മൻ ചാണ്ടി പിന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് നൽകിയ യാത്രാമൊഴിയേക്കാൾ വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻ ചാണ്ടിക്ക് നൽകിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിനുശേഷവും അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ വേട്ടയാടിയവർക്ക് മുഖത്തുള്ള പ്രഹരമാണ് ഈ വിജയം -അച്ചു ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ഇടിമുഴക്കാണ് ഈ കേട്ടുകൊണ്ടിരിക്കുന്നത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ഇവിടെ എന്തുചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി ഇന്ന് മറുപടി നൽകി, 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇനി ഇവിടെ മതി -അവർ പറഞ്ഞു. ഉമ്മൻ ചാണ്ടി ഉള്ളംകൈയിൽ വെച്ച് നോക്കിയ ഈ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമാണ്. ഈ സമാനതകളില്ലാത്ത ഈ വലിയ വിജയം സമ്മാനിച്ച ഓരോ വ്യക്തിയോടും നന്ദി പറയുകയാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.

നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മനും രംഗത്തുവന്നിരുന്നു ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കാൽലക്ഷം കടന്നതിന് പിന്നാലെയാണ് പ്രതികരണം.'വളരെ ശുഭപ്രതീക്ഷയാണ്. യാതൊരു സംശയവുമില്ല.

മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാർട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം. ഉമ്മൻ ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനെയും ജനങ്ങൾ സ്വീകരിച്ച് കഴിഞ്ഞു. ഇനി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.' - മറിയ ഉമ്മൻ പറഞ്ഞു.

വമ്പൻ കുതിപ്പിലേക്കാണ് ചാണ്ടി ഉമ്മന്റെ ലീഡ് ഉയരുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂർ പിന്നീടുമ്പോൾ കാൽ ലക്ഷം വോട്ട് കടന്നാണ് ചാണ്ടി ഉമ്മൻ കുതിക്കുന്നത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂർത്തിയായപ്പോഴാണ് ചാണ്ടി ഉമ്മൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നത്.