പത്തനംതിട്ട: എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ഭാഗ്യം തേടിപ്പോയി പത്തനംതിട്ടയിൽ മത്സരിക്കുമ്പോൾ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കൾ തെരഞ്ഞെടുപ്പു പ്രചരണങ്ങളിൽ സജീവമാകുകയാണ്. ചാണ്ടി ഉമ്മനും മറിയം ഉമ്മനും വിവിധ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണങ്ങളിൽ സജീവമാണ്. ഇപ്പോൾ തെരഞ്ഞടുപ്പു കാലത്ത് ദുബായിൽ നിന്നും നാട്ടിലെത്തി സജീവം പ്രചരണത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായിരുന്നവരുടെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളിലാണ് അവർ സജീവമായിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ ഷാഫി പറമ്പിൽ പ്രകടന പത്രിക സമർപ്പിക്കാൻ പോയപ്പോൾ ഒപ്പം എത്തിയത് അച്ചുവായിരുന്നു. ഇപ്പോൾ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിലും അച്ചു പ്രചരണത്തിലെത്തി.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടന്ന തെരഞ്ഞെടുപ്പു പരിപാടിയിൽ സിപിഎമ്മിനെ രാഷ്ട്രീയമായി കടന്നാക്രമിച്ചു കൊണ്ടാണ് അച്ചു രംഗത്തുവന്നത്. പാനൂരിലെ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് അച്ചു മല്ലപ്പള്ളിയിൽ നടത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കും എന്ന ഭയം കൊണ്ടാണ് സിപിഐഎം ഇപ്പോൾ ബോംബുണ്ടാക്കുന്നതെന്ന് അച്ചു ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പു കാലത്ത് എന്തിനാണ നിങ്ങൾ ബോംബ് ഉണ്ടാക്കുന്നതെന്നും അവർ ചോദിച്ചു. നിങ്ങൾക്ക് അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാൻ സാധിക്കുകയില്ല. 51 വെട്ട് കിട്ടിയ ടി പി ചന്ദ്രശേഖരന്റെ മുഖം ഓർമ്മ വരുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞു. നിങ്ങൾ ആൾക്കൂട്ട വിചാരണ ചെയ്ത അരിയിൽ ഷുക്കൂറിന്റെ കാര്യം ഓർമ്മ വരുന്നുണ്ട്. കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത് ഓർമ്മ വരുന്നു. നിങ്ങൾക്ക് അക്രമ രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും ഉപേക്ഷിക്കാൻ സാധിക്കുന്നില്ല, അത് തോൽവി ഭയത്തിൽ നിന്നാണെന്നും അച്ചു പറഞ്ഞു.

കുട്ടി സഖാക്കന്മാരെ അഴിച്ച് വിട്ടാൽ നാടിന്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാൻ ഇവർക്ക് ആരാണ് ലൈസൻസ് കൊടുത്തതെന്നും അച്ചു ഉമ്മൻ ചോദിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചു. നിങ്ങൾ എന്ത് അക്രമം വേണമെങ്കിലും കാണിച്ചോളൂ, ഞങ്ങൾ വക്കീലിനെ ഏർപ്പാട് ചെയ്യാം എന്നതാണ് സിപിഎമ്മിന്റെ നയമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. മൂന്ന് ദിവസം അതിക്രൂരമായി പീഡിപ്പിച്ചാണ് സിദ്ധാർഥിനെ കൊലപ്പെടുത്തിയത്. ഇത്രയും ക്രൂരമായി പീഡിപ്പിച്ചു കൊല്ലാൻ ആരാണ് ലൈസൻസ് കൊടുത്തത്. ഇതെല്ലാം മറച്ചുവെക്കാനാണ് സർക്കാർ ശ്രമിച്ചത്. സിബിഐയെ കൊണ്ട് അന്വേഷണം വേണമെന്ന കോൺഗ്രസ് ആവശ്യവും അട്ടിമറിച്ചില്ലേ. നിങ്ങൾ അക്രമികൾക്ക് ധൈര്യം കൊടുക്കുകയല്ലേ ചെയ്തത്. - അച്ചു പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാർ അതിജീവിതയ്ക്ക് ഒപ്പമല്ല ക്രിമിനലുകൾക്ക് ഒപ്പമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. കോഴിക്കോട് ഞാൻ പോയിരുന്നു. അവിടെ പോയപ്പോൾ മെഡിക്കൽ കോളേജിന് മുന്നിൽ ഒരു നഴ്‌സ് സമരം നടത്തുകയാണ്. പീഡനത്തിലെ ഇരയെ സംരക്ഷിച്ചതാണ് അവർ ചെയ്ത കുറ്റം. പി ബി അനിതയ്ക്ക് സർക്കാർ പണിഷ്‌മെന്റ് ട്രാൻസ്ഫർ നൽകി. സർക്കാർ ഇരയ്‌ക്കൊപ്പമല്ല ക്രിമിനലുകളുടെ ഒപ്പമാണ്. പി ബി അനിത സത്യസന്ധമായി മൊഴി നൽകി. മറ്റ് ഏത് സർക്കാരാണെങ്കിലും അനിതയെ അഭിനന്ദിക്കും. ഇടത് സർക്കാരിന്റെ അഴിമതി പറഞ്ഞാൽ ഇന്ന് മുഴുവൻ പറയേണ്ടി വരുമെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു. കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സർക്കാരാണ്. ഇടത് സർക്കാരിന്റേത് വലിയ ധൂർത്താണ്. സർക്കാർ സുപ്രീം കോടതിയിൽ പോയി നാണം കെട്ടുവെന്നും അച്ചു ഉമ്മൻ വിമർശിച്ചു.

സംസ്ഥാന സർക്കാർ കേരളത്തെ കടത്തിൽ മുക്കിയിരിക്കയാണ്. കിഫ്ബിയെ അടക്കം കോൺഗ്രസ് നേരത്തെ എതിർത്തിരുന്നു. എന്തിനാണ് 9 ശതമാനത്തിലേറെ പലിശ കൊടുത്തു വിദേശത്തു പോയി മസാല ബോണ്ട് വഴി കടമെടുത്തതെന്നും അവർചോദിച്ചു. സിഎഎ വിഷയത്തിൽ ബിജെപിയുടേത് ബ്രെയിൻ വാഷിങ്ങ് ടെക്‌നികാണ്. ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും സിപിഐഎമ്മിനും ഷോക്ക് ട്രീറ്റ്‌മെന്റ് ആകണം. കഴിഞ്ഞ തവണ 19 സീറ്റ് കിട്ടി. ഇത്തവണ ഇരുപത് ആക്കണം. തോൽവിയിലൂടെ ഇരുകൂട്ടരും ആത്മപരിശോധന നടത്തണം. തോറ്റാലും ബിജെപിക്കാരും സിപിഐഎമ്മും രാജ്യത്ത് തന്നെ ഉണ്ടാകണം. ഇന്ത്യയിൽ എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

ഇലക്ടറൽ ബോണ്ടിൽ അടക്കം എല്ലവരെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്. കേന്ദ്രത്തിന് കൈക്കൂലി കൊടുക്കുകയാണ് കേന്ദ്രസർക്കർ ചെയ്യുന്നത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുന്നു. രാജ്യത്തെ വിറ്റു തുലയ്ക്കുയാണ് ചെയ്യുന്നത്. ഈ പണം കൊണ്ടാണ് ഇന്ത്യൻ ജനാധിപത്യത്തെ തച്ചുടക്കുന്നതെന്നും അച്ചു പറഞഞു. ഒരു ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഇന്ത്യ മുന്നണി വിജയിക്കും. എന്തുവിധേനയും അത് നിർത്തുകയാണ് ബിജെപി ലക്ഷ്യം. കെജ്രിവാളിനെ അറസ്റ്റു ചെയ്തില്ലേ. ഇന്ത്യനാഷണൽ കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചില്ലേ. നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിച്ച കൊണ്ടിരിക്കാണ്. എന്തു കഴിക്കണമെന്ന് പോലും അവർ തീരുമാനിക്കുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു വേളയിലും സജീവമായിരുന്നു അച്ചു ഉമ്മൻ. കോട്ടയത്ത് അച്ചു സ്ഥാനാർത്ഥിയാകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, അതെല്ലാം തള്ളുകയാണ് അവർചെയ്യുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് അച്ചു വീണ്ടും പറയുന്നത്. അപ്പയ്ക്ക് ഒരു നിയമം ഉണ്ട്. ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം മതിയെന്നായിരുന്നു. പലർക്കും വന്ന് കേറാനുള്ളതല്ല കെപിസിസി. തങ്ങളുടെ കുടുംബത്തിൽ നിന്ന് ചാണ്ടി ഉമ്മൻ ഉണ്ട്. തങ്ങളുടെ കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. മറ്റാർക്കും ഈ പറഞ്ഞ തനിക്കും പ്രസക്തിയില്ലെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കി.