- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ മുസ്ലീ സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിച്ചില്ല; പല മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും ജയിച്ചുകയറിയതും ബിജെപി; ജയം കോൺഗ്രസിന്റെ ചെലവിലും; വോട്ട് കൊണ്ട് പോയത് കെജ്രിവാളിന്റെ എഎപിയോ, ഉവൈസിയുടെ എഐഎംഐഎമ്മോ? തോറ്റ പടയാളിയുടെ ശരീരഭാഷ കാഴ്ച വച്ച കോൺഗ്രസിനെ ഗുജറാത്തി വോട്ടർമാർ കൈവെടിഞ്ഞപ്പോൾ
അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപിയുടെ റെക്കോഡ് വിജയത്തിൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളും സാരമായ പങ്കുവച്ചു. ബിജെപി ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും നിർത്തിയില്ല എന്നതും ഓർക്കണം. കോൺഗ്രസിന്റെ ചെലവിലാണ് പല മുസ്ലിം ഭൂരിപക്ഷ സീറ്റുകളിലും ബിജെപി ജയിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഉയർന്ന മുസ്ലിം ജനസംഖ്യയുള്ള ഇടങ്ങളിലെ 17 സീറ്റിൽ 12 ഇടത്താണ് ബിജെപി മുന്നിട്ടു നിന്നത്. ആറ് സീറ്റാണ് ബിജെപിക്ക് കൂടിയത്. കോൺഗ്രസ് അഞ്ച് സീറ്റിലാണ് മുന്നിട്ടുനിന്നത്. പരമ്പരാഗതമായി ഈ സീറ്റുകളെല്ലാം കോൺഗ്രസിന് പോയിരുന്നവയാണ്.
ഉദാഹരണത്തിന് മുസ്ലിം ഭൂരിപക്ഷ സീറ്റായ ദരിയാപൂർ 10 വർഷമായി കോൺഗ്രസ് കൈയടക്കി വച്ച സീറ്റാണ്. ഇവിടെ കോൺഗ്രസ് എം എൽ എ ഗ്യാസുദ്ദീൻ ഷെയ്ഖ്, ബിജെപിയുടെ കൗശിക് ജയിനോട് തോറ്റു.
16 മുസ്ലിം ഭൂരിപക്ഷ സീറ്റുകളിൽ മത്സരിച്ചെങ്കിലും, ആം ആദ്മിക്ക് ഒരുചലനവും ഉണ്ടാക്കാനായില്ല. എന്നിരുന്നാലും, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം നൊപ്പം കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ ആപ്പും വലിയ പങ്കുവഹിച്ചു.
എഐഎംഐഎം ന് 13 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. ഇതിൽ രണ്ട് മുസ്ലിം ഇതര സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. ജമാൽപൂർ-ഖാദിയ, വഡ്ഗം എന്നീ മുസ്ലിം ഭൂരിപക്ഷ സീറ്റുകളിലെ കോൺഗ്രസ് വോട്ടുകൾ എഐഎംഐഎം സ്ഥാനാർത്ഥികൾ കൊണ്ടുപോയി. ബിൽക്കിസ് ബാനോ കേസിൽ 11 പ്രതികളെ വിട്ടയച്ചതിന് എതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഇതൊന്നും മുസ്ലിം വോട്ടുകൾ പെട്ടിയിൽ വീഴാൻ സഹായകമായില്ല എന്നുവേണം കരുതാൻ.
പതിറ്റാണ്ടുകളായി ബിജെപിയും കോൺഗ്രസും തമ്മിൽ മത്സരം നടക്കുന്ന ഗുജറാത്തിൽ ആപ്പിന്റെ വരവ് ദോഷം ചെയ്തത് കോൺഗ്രസിനാണ്, ബിജെപിക്കല്ല. മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ വരെ പ്രഖ്യാപിച്ചായിരുന്നു ആപ്പിന്റെയും കെജ്രിവാളിന്റെയും രംഗപ്രവേശം. എന്നാൽ, ബിജെപിക്കോ, കോൺഗ്രസിനോ ബദലായി ആപ്പിനെ വോട്ടർമാർ കണ്ടില്ല. ആം ആദ്മി പാർട്ടി ഡൽഹി മോഡലിൽ പ്രഖ്യാപിച്ച സൗജന്യങ്ങളും ഗുജറാത്തി ജനതയുടെ മേൽ ഏശിയില്ല. വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ആപ്പിന് ഇത് ഗുജറാത്തിൽ നല്ല തുടക്കമാണ്. സൂറത്ത് പോലുള്ള ചില സ്ഥലങ്ങളിൽ ബിജെപിക്ക് ഭീഷണി ഉയർത്തുകയും ചെയ്തു. ഇതിനെ ശക്തമായ എതിർ പ്രചാരണത്തിലൂടെയാണ് ബിജെപി മറികടന്നത്. ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽ, രംഗപ്രവേശത്തിന് ജനങ്ങൾ സഹായിച്ചുവെന്നും, അടുത്ത വട്ടം തങ്ങൾക്ക് ജയിക്കാൻ കഴിയുമെന്നുമാണ് കെജ്രിവാളിന്റെ പ്രതികരണം.
2017 ൽ രാഹുൽ ഗാന്ധി ഒരു മാസത്തിലേറെയാണ് ഗുജറാത്തിൽ പ്രചാരണത്തിനായി ചെലവഴിച്ചത്. സംസ്ഥാനത്തെ അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനങ്ങളും വലിയ വാർത്തയായി. എന്നാൽ, ഇത്തവണയോ, പരമദയനീയം. ഒരു തരം നിശ്ശബ്ദ പ്രചാരണമായിരുന്നു കോൺഗ്രസിന്റേത്. ഏതാണ്ട് തോറ്റ പടയാളിയുടെ ശരീര ഭാഷ പോലെ. അതുകൊണ്ട് തന്നെ എഎപിക്ക് വോട്ടുചെയ്താൽ പോരേ, കോൺഗ്രസിന് എന്തിന് വോട്ടുചെയ്യണം എന്നുപോലും പല പരമ്പരാഗത കോൺഗ്രസ് വോട്ടർമാരും ചിന്തിച്ചുപോയി.
മറുനാടന് മലയാളി ബ്യൂറോ