- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും;
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിക്ക് അനുകൂല സാഹചര്യങ്ങൾ ഏറെയുണ്ടെങ്കിലും മത്സരം കടുപ്പിക്കാൻ ഒരുങ്ങുകയാണ ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കനൗജിൽ മത്സരിക്കാൻ തീരുമാനിച്ചത്. ഇത് പാർട്ടിക്ക് ആവേശം പകരുന്ന തീരുമാനമായി മാറി. ഇത് കൂടാതെ ഇപ്പോൽ അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിക്കാൻ ഒരുങ്ങുകയാണ്.
ഇരുവരുടെയും മത്സരത്തിന് തയ്യാറെടുക്കാന് മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇരുവരും പത്രിക നൽകിയേക്കും. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എന്നാൽ പ്രിയങ്ക ഇവിടെ മത്സരിക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി. വയനാട്ടിലെ ജനങ്ങൾ ആവശ്യപ്പെട്ടു രാഹുൽഗാന്ധി മത്സരിച്ചു. ജനങ്ങൾ ആവശ്യപ്പെടുന്നിടത്ത് നേതാവ് പോകുമെന്നും ഖർഗെ പറഞ്ഞു. അദ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ എത്രയോ തവണ മണ്ഡലം മാറിയിട്ടുണ്ടെന്നും ഖർഗെ ചൂണ്ടിക്കാട്ടി.
അതേസമയം ദേശീയ നേതൃത്വവും മുതിർന്ന നേതാക്കളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ബറേലിയിൽ മത്സരിക്കാനില്ലെന്നാണ് വരുൺ ഗാന്ധി ബിജെപി നേതൃത്വത്തിന് നൽകിയ മറുപടി. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട ചർച്ചകളിലാണ്. പിലിഭിത്തിൽ സീറ്റ് നിഷേധിച്ചതിൽ വരുൺ ഗാന്ധി കടുത്ത അതൃപ്തിയിലാണെങ്കിലും പാർട്ടി വിടില്ലെന്നാണ് നിലവിൽ സൂചന നൽകുന്നത്.
വയനാട്ടിൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തിൽ രാഹുലിന്റെ തീരുമാനം ഇനി വൈകില്ല. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ തന്നെ മത്സരിക്കണമെന്ന് യുപി പിസിസി മുൻപ് ആവശ്യപ്പെട്ടിരുന്നു.
2004 മുതൽ അമേഠിയിൽ ജയിച്ചുവന്ന രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം എന്നെന്നേക്കുമായി കോൺഗ്രസിനു നഷ്ടമാകുമെന്നാണു കോൺഗ്രസുകാരുടെ വിലയിരുത്തൽ. സോണിയാ ഗാന്ധി രാജ്യസഭയിലേക്കു മാറിയതോടെയാണ് റായ്ബറേലിയിൽ പ്രിയങ്ക മൽസരിക്കണമെന്ന ചർച്ച. സീറ്റുകൾ വച്ചുമാറുന്നതടക്കം പരിഗണിക്കുന്നതിനാൽ കോൺഗ്രസിന്റെ യോഗം നിർണ്ണായകമാണ്. യുപിയിൽ മത്സരിച്ച് ജയിച്ചാൽ വയനാട്ടിൽ എംപിയായാലും രാഹുൽ അത് രാജിവയ്ക്കും.
നേരത്തെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യു.പിയിലെ കനൗജ് ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. തേജ്പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് അപ്രതീക്ഷ മാറ്റം. മുലായം സിങ് യാദവിന്റെ സഹോദരൻ രത്തൻ സിങ്ങിന്റെ ചെറുമകനാണ് തേജ്പ്രതാപ്.
അഖിലേഷ് യാദവ് കനൗജിൽ മത്സരിച്ചേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹങ്ങൾ. എന്നാൽ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് മിനിഞ്ഞാന്ന് സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ, ഒരു ദിവസത്തിന് ശേഷം അപ്രതീക്ഷിത നീക്കത്തിലൂടെ അഖിലേഷ് യാദവ് തന്നെ സ്ഥാനാർത്ഥിയായിരിക്കുകയാണ്.
2000, 2004, 2009 വർഷങ്ങളിൽ അഖിലേഷ് യാദവ് കനൗജിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ഇവിടെനിന്ന് വിജയിച്ചിരുന്നു. 2019ൽ അസംഗഢിൽ നിന്ന് അഖിലേഷ് വിജയിച്ചെങ്കിലും 2022ൽ യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം എംപി സ്ഥാനം രാജിവെക്കുകയായിരുന്നു.
പാർട്ടി പ്രവർത്തകരുടെ സമ്മർദത്തെ തുടർന്നാണ് അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് അഖിലേഷ് ആദ്യം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. എസ്പിയുടെ ശക്തികേന്ദ്രമായ കനൗജിൽ 2019ൽ ബിജെപി സ്ഥാനാർത്ഥി സുബ്രത് പഥക് ആണ് വിജയിച്ചത്.