- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവി ഭയന്നാണ് കോൺഗ്രസ് എക്സിറ്റ് പോൾ ചർച്ച ബഹിഷ്കരിക്കുന്നതെന്ന് അമിത്ഷാ
ന്യൂഡൽഹി: എക്‌സിറ്റ് പോളുകളിൽ തങ്ങളുടെ വൻ പരാജയം ആയിരിക്കും പ്രവചിക്കുക എന്നറിയാവുന്നതുകൊണ്ടാണ് കോൺഗ്രസ് ചർച്ചകൾ ബഹിഷ്‌കരിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
'ഇത്രയും കാലം കോൺഗ്രസ് നിഷേധാത്മക മനോഭാവത്തിലായിരുന്നു. തിരഞ്ഞെടുപ്പിൽ മുഴുവൻ തങ്ങൾ ഭൂരിപക്ഷം നേടുമെന്ന് അവർ പ്രചാരണം നടത്തി. പക്ഷേ അവർക്ക് സാഹചര്യം അറിയാം, വരാനിരിക്കുന്ന എക്‌സിറ്റ് പോളുകളിൽ അത് അവരുടെ വൻ പരാജയമായിരിക്കും. അതിനാൽ അവർക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ല. അതിനാൽ അവർ മുഴുവൻ എക്‌സിറ്റ് പോൾ പ്രവചനങ്ങളും ബഹിഷ്‌കരിക്കുകയാണ്.' വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ആഭ്യന്തര മന്ത്രി പറഞ്ഞു.
'എക്സിറ്റ് പോളുകൾ വളരെക്കാലമായി നടക്കുന്നുണ്ട്. എന്നാൽ ഇത്തവണ തോൽവി കാരണം, അവർക്ക് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അതിനാലാണ് അവർ ബഹിഷ്‌കരിക്കുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ചുമതലയേറ്റതിനാൽ അവർ നിഷേധ മനോഭാവത്തിലാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ മാധ്യമങ്ങളിലെ എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌ക്കരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം ഇന്നലെ വ്യക്തമാക്കിയത്. ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്നാണ് അറിയിപ്പ്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. മാധ്യമങ്ങളിലെ എക്സിറ്റ് പോൾ ചർച്ചകളിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്‌മെന്റ് ചെയർമാൻ പവൻ ഖേര അറിയിച്ചു.
ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിങ് കൂട്ടാനുള്ള പണിക്കില്ലെന്നും പവൻ ഖേര വ്യക്തമാക്കി. വോട്ടെടുപ്പ് പൂർത്തിയായി, വിധി നിശ്ചിതമാണ്. ജൂൺ നാലിന് ഫലം വരും. അതിനുമുമ്പ് നടക്കുന്ന ടെലിവിഷൻ റേറ്റിങ്ങിനുവേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടിയുദ്ധത്തിലും പങ്കാളിയാവാൻ ഒരുകാരണവും കാണുന്നില്ല- പവൻ ഖേര എക്‌സിൽ കുറിച്ചു.
സംവാദങ്ങളുടെ ലക്ഷ്യം ജനങ്ങളെ അറിയിക്കുക എന്നതാണ്. ജൂൺ നാലുമുതൽ ചർച്ചകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെയാണ് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതുകൂടി പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പിലെ ജനവിധി സംബന്ധിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
പ്രതിപക്ഷത്തെ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോൺഗ്രസിന് അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയുണ്ട്. അതേസമയം 400 സീറ്റോടെ അധികാരം പിടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനത്തിലാണ്. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരിക. നാളെ വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനങ്ങൾ പുറത്തുവരും.
ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ എത്തുന്നത് തടയുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന് 128 സീറ്റുകൾ വരെ നേടാനാകുമെന്നാണ് വിശ്വാസം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ വോട്ടുകൾ പരസ്പരം കൈമാറുന്നതിൽ കൃത്യമായി വിജയിച്ചു. വോട്ടെണ്ണുന്നതിൽ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്നതിനായാണ് ശനിയാഴ്ച യോഗം വിളിച്ചത്. വോട്ടെണ്ണൽ യന്ത്രത്തിൽ കൃത്രിമം നടക്കുന്നത് എങ്ങിനെയാണെന്ന് നേതാക്കൾക്ക് വ്യക്തമാക്കി നൽകും.
രാഹുൽ ഗാന്ധിയെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി താൻ കാണുന്നത്. അദ്ദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നു - ഖാർഗെ കൂട്ടിച്ചേർത്തു. നേരത്തെ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് മമത ബാനർജി, അരവിന്ദ് കെജ്രിവാൾ എന്നിവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഖാർഗെ നിരസിക്കുകയായിരുന്നു.