ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി 5 ദിവസം കൂടി മാത്രം. ഇക്കുറി, ദക്ഷിണേന്ത്യയിലെയും കിഴക്കൻ മേഖലയിലെയും മിക്ക സീറ്റുകളും ബിജെപി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഷാ ഇക്കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്ന കിഴക്കൻ മേഖലയിൽ ബിജെപി ഏറ്റവും വലിയ കക്ഷിയായി മാറും. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഗണ്യമായ നേട്ടമുണ്ടാക്കും. ഒഡിഷയിൽ 21 ലോക്‌സഭാ സീറ്റിൽ 17 ഉം, 147 നിയമസഭാ സീറ്റിൽ 75 മാണ് ബിജെപിയുടെ ലക്ഷ്യം. ബംഗാളിലെ 42 സീറ്റിൽ 24 നും 30 നും ഇടയിൽ സീറ്റുകളിൽ ജയിക്കും. തെലങ്കാനയിൽ 17 ൽ 10 സീറ്റിലെങ്കിലും ജയിക്കും. ആന്ധ്രയിൽ തങ്ങളുടെ മുന്നണി സർക്കാർ രൂപീകരിക്കുകയും, ഗണ്യമായ ലോക്‌സഭാ സീറ്റുകൾ നേടുകയും ചെയ്യും.

വടക്ക-പടിഞ്ഞാറൻ മേഖലയിൽ സ്വാധീനം ഉറപ്പിച്ച ബിജെപി ഇത്തവണ കിഴക്കൻ-ദക്ഷിണ മേഖലകളിൽ കാലുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒഡിഷയിലും, ആന്ധ്രയിലും നിയമസഭാ തിരഞ്ഞെടുപ്പും നടക്കുകയാണ്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയുമായി ചേർന്ന് മത്സരിക്കുന്ന ബിജെപി, ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ബംഗാൾ അടക്കമുള്ള കിഴക്കൻ മേഖലയിൽ ബിജെപി ഏറ്റവും വലിയ പാർട്ടിയാകുമെന്ന കാര്യം ഉറപ്പാണെന്നാണ് അമിത് ഷാ പറഞ്ഞത്.

ശനിയാഴ്ച ഏഴാമത്തെയും, അവസാനത്തെയും ഘട്ടത്തിൽ 57 ലോക്‌സഭാ സീറ്റിലേക്കാണ് വോട്ടെടുപ്പ്. അതിൽ 26 സീറ്റുകൾ കിഴക്കൻ സംസ്ഥാനങ്ങളായ ഒഡിഷ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ്.