- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻവർബാല ശിങ്കം ഇടുക്കിയിൽ മത്സരിച്ചേക്കുമെന്ന് സൂചന
ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരള വിരുദ്ധ പോരാട്ടവുമായി രംഗത്തുണ്ടായിരുന്ന കർഷക സംഘടന നേതാവ് എസ്. അൻവർ ബാലശിങ്കം ഇടുക്കിയിൽ മത്സരിക്കാനൊരുങ്ങുന്നു. കിഫ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് മത്സരത്തിന് എത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി അൻവർ ബാലശിങ്കവും കൂട്ടാളികളും വിവിധ സംഘടന നേതാക്കളെ സന്ദർശിച്ച് പിന്തുണ തേടി.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ വിവിധ സംഘടനകൾ തമിഴ്‌നാട്ടിൽ സമരങ്ങൾ സംഘടിപ്പിക്കുമ്പോഴും കഴിഞ്ഞ ഒന്നര വർഷമായി മുല്ലപ്പെരിയാറിന്റെ പേരിൽ ബാലശിങ്കത്തിന്റെ പെരിയാർ വൈഗ പാസന വ്യവസായി സംഘം സമരങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന നിലപാടായിരുന്നു അവർക്ക്. മാത്രമല്ല മുല്ലപ്പെരിയാറിലെ ജല നിരപ്പ് 146 അടിയാക്കണമന്ന നിലപാടിൽ മാറ്റം വരുത്തി 104 അടിയാക്കി കുറച്ച് കനാൽ നിർമ്മിച്ച് കൂടുതൽ ജലം തമിഴ്‌നാടിന് നല്കി കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
മുല്ലപ്പെരിയാർ വിഷയം ഇരു സംസ്ഥാനങ്ങൾക്കും തർക്കമില്ലാത്ത രീതിയിൽ പരിഹരിക്കുക, മൂന്നാറിലെ ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി, കുടിയേറ്റ കർഷകർക്ക് പട്ടയം, തമിഴ് മീഡിയം സ്‌കൂളുകളിൽ ഇംഗ്ലീഷിന് പുറമെ മലയാളവും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങൾ പ്രധാനമായും ഉന്നയിക്കുന്നതെന്ന് അൻവർ ബാലശിങ്കം പറഞ്ഞു.
ഏതാനും വർഷങ്ങളായി തമിഴ് ഭൂരിപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് കേരള വിരുദ്ധ പ്രചാരണം നടത്തി വന്നിരുന്നയാളാണ് അൻവർ ബാലശിങ്കം. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ബാലശിങ്കമായിരുന്നു. ഈ മാസം 28 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.