പത്തനംതിട്ട: കുറഞ്ഞ പോളിങ് ശതമാനം എൻഡിഎയ്ക്ക് ഗുണകരമാകുമെന്ന് സ്ഥാനാർത്ഥി അനിൽ കെ. ആന്റണി പറയുന്നു. ആകെ പോൾ ചെയ്ത വോട്ടിൽ മൂന്നര ലക്ഷം തനിക്ക് കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വോട്ട് ചെയ്യാതിരുന്നവരിൽ കൂടുതലും എൽഡിഎഫിന്റെയും കോൺഗ്രസിന്റെയുമാണ്. എൻഡിഎയുടെയും വിട്ടു നിന്നിട്ടുണ്ട്. 3.40-350 ലക്ഷം വരെ വോട്ട് എൻ.ഡി.എ പ്രതീക്ഷിക്കുന്നു. ആന്റോ ആന്റണി 3.10 ലക്ഷം വോട്ട് നേടും. ഐസക്ക് 2.60 ലക്ഷത്തിൽ കൂടുതൽ വോട്ട് നേടാനുള്ള ഒരു സാഹചര്യവുമില്ല.

മൂന്നാം വട്ടവും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് എല്ലാവർക്കും അറിയാം. അതു കൊണ്ട് തന്നെ ജനം അദ്ദേഹത്തിന് വേണ്ടി വോട്ടു ചെയ്യും. എൽഡിഎഫിനെതിരേ കേരളം മുഴുവൻ ജനവികാരമുണ്ട്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ജനങ്ങൾ അസംതൃപ്തരാണ്. പത്തനംതിട്ടയിൽ മാത്രമല്ല, എല്ലായിടത്തും എൽഡിഎഫിന്റെ സ്ഥിതി ദയനീയമായിരിക്കും. ആന്റോ ആന്റണിക്കെതിരേ ഒരു ജനവികാരമുണ്ട്. പിന്നെ ഇവിടെയുള്ള സ്ഥാനാർത്ഥികളിൽ താൻ മാത്രമാണ് വരുന്ന അഞ്ചുവർഷത്തേക്കുള്ള വിഷൻ ഡോക്യുമെന്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇതൊക്കെ കാരണം വിജയം ഉറപ്പിക്കാമെന്നാണ് പ്രതീക്ഷയെന്നും അനിൽ പറയുന്നു.

വോട്ടിങ് ശതമാനം കുറഞ്ഞിട്ടൂണ്ടെങ്കിലും വോട്ട് വിഹിതം കൂടുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. ആന്റോ ആന്റണി രണ്ടാമതും ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് എൻഡിഎയുടെ വിലയിരുത്തൽ. സിപിഎമ്മിന്റെ വോട്ടുകൾ കുറേ എൻഡിഎയിലേക്ക് ചോർന്ന് എത്തിയിട്ടുണ്ട്. സമാന സാഹചര്യം യുഡിഎഫിൽ നിന്നുമുണ്ടായിട്ടുണ്ട്. എൻഡിഎ, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പേരിലെ സാമ്യവും അനിലിന് തുണയാകും. ആന്റോ ആന്റണിയെന്ന് കരുതി പലരും ഒന്നാം പേരുകാരനായ അനിലിന് വോട്ട് ചെയ്തിട്ടുണ്ട്. ഇത്തരമൊരു വോട്ടിങ്ങാണ് കുമ്പഴ വടക്ക് ഒന്നാം ബൂത്തിൽ വോട്ടർ ആക്ഷേപം ഉയർത്താൻ കാരണമായത്. താൻ ആന്റോ ആന്റണിക്കാണ് വോട്ട് ചെയ്തതെന്നും പക്ഷേ, വിവിപാറ്റ് വന്നത് അനിൽ കെ. ആന്റണിയക്കാണെന്നുമാണ് വോട്ടർ ആക്ഷേപം ഉന്നയിച്ചത്. ഇതു പോലെ നിരവധി വോട്ടർമാർക്ക് അബദ്ധം പിണഞ്ഞിട്ടുണ്ട്.

എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം മുകൾത്തട്ടിൽ മാത്രമാണുണ്ടായിരുന്നത് എന്നതാണ് ഏക പോരായ്മ. ബൂത്തു തലത്തിലേക്ക് പ്രവർത്തനം തീരെ കുറവായിരുന്നു. ശക്തികേന്ദ്രങ്ങളിൽപ്പോലും എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ എൻഡിഎ രണ്ടാം സ്ഥാനത്ത് വന്നിരുന്നു. എൽഡിഎഫായിരുന്നു അവിടെ മുന്നിൽ. ഇക്കുറിയും സമാന അവസ്ഥയുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിലയിരുത്തൽ.