പത്തനംതിട്ട: കഴിഞ്ഞ 15 വർഷവും ജനങ്ങൾക്കൊപ്പം നിന്നതിനു ലഭിച്ച അംഗീകാരമായിട്ടാണ് നാലാമത്തെ തെരഞ്ഞെടുപ്പു വിജയം കാണുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. എൽ.ഡി.എഫിനുണ്ടായ തിരിച്ചടിയുടെ കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം. തോമസ് ഐസക്. ഒന്നും പറയാതെ നേരെ ഡൽഹിയിലേക്ക് തിരിച്ചു പറന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആന്റണി. ഇന്നലെ വോട്ടെണ്ണലിന് ശേഷമാണ് ആന്റോയും തോമസ് ഐസക്കും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.

മണ്ഡലത്തിലെ വിവിധ വികസനപ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ നടത്തിയെന്ന് ആന്റോ ആന്റണി അവകാശപ്പെട്ടു. എംപി ഒന്നും ചെയ്തില്ലെന്ന എൽ.ഡി.എഫിന്റെയും ബിജെപിയുടെയും ആരോപണങ്ങൾ വോട്ടർമാർ മുഖവിലയ്ക്കെടുത്തില്ല. നാട്ടിലെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ഒരാളെന്ന നിലയിലും അവരിലൊരാളായി വോട്ടർമാർ തന്നെ കണ്ടുവെന്നും ആന്റോ പറഞ്ഞു. തുടർന്നും ജനങ്ങളോടൊപ്പം നിൽക്കാനാണ് ആഗ്രഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ചിരുന്നു. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളോടു പുറംതിരിഞ്ഞു നിൽക്കുന്ന ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പായി തെരഞ്ഞെടുപ്പു ഫലം കാണാനാകുമെന്നും ആന്റോ പറഞ്ഞു.

2019 ലും ഒരു സീറ്റ് മാത്രം ലഭിച്ച മുന്നണിയാണ് എൽ.ഡി.എഫ്. എന്നാൽ തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയെന്ന് തോമസ് ഐസക്ക് ഓർമിപ്പിച്ചു. പത്തനംതിട്ടയിൽ പോൾ ചെയ്ത വോട്ടും വോട്ടിങ് ശതമാനവും കുറഞ്ഞിട്ടും യു.ഡി.എഫ് കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിങ് ശതമാനം കുറവായിരുന്നു.

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്ര അജണ്ടക്ക് ഏറ്റ നിർണായകമായ തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. ഏറ്റവും വിഷലിപ്തമായ വർഗീയ ദുഷ്പ്രചാരണത്തെയും തെരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ള ഔദ്യോഗിക ഏജൻസികളുടെ ദുരുപയോഗത്തെയും നഗ്നമായ ഭീഷണികളെയും അതിജീവിച്ചു ഇന്ത്യയിലെ ജനങ്ങൾ വിധി എഴുതിയിരിക്കുകയാണ്. ബിജെപിയുടെ 400 സീറ്റ് ഒരു ദിവാസ്വപ്നമായി മാറി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല. എൻഡിഎക്ക് ഭൂരിപക്ഷമുണ്ടാക്കാനാകുമോയെന്ന് കാത്തിരുന്നു കാണണം. സംഘപരിവാർ അജയ്യമാണെന്ന ധാരണ പൊളിഞ്ഞു. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുന്ന ശക്തികളാണ്.

യു.ഡി.എഫിനെ കേരളത്തിൽ നിന്നും ജനങ്ങൾ മുഖ്യമായി തെരഞ്ഞെടുത്തു. ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു സീറ്റ് ജയിക്കാനായതും അവരുടെ വോട്ടിങ് ശതമാനം ഉയർന്നതും എല്ലാ ജനാധിപത്യ വിശ്വാസികളും ആശങ്കപ്പെടേണ്ട കാര്യമാണ്. എംപി ആയില്ലെങ്കിലും മൈഗ്രേഷൻ കോൺക്ലേവിലൂടെ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഇവിടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി തുടരും. തെരഞ്ഞെടുപ്പിൽ ജയിച്ച ആന്റോ ആന്റണിക്ക് അഭിനന്ദനങ്ങൾ നേരുന്നതായും തനിക്കു വേണ്ടി പ്രവർത്തിച്ചവർക്കും വോട്ടു ചെയ്തവർക്കും നന്ദി രേഖപ്പെടുത്തുന്നതായും ഐസക് പറഞ്ഞു.

അതേ സമയം, ഏറെ വിജയ പ്രതീക്ഷ വച്ചു പുലർത്തിയിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണി മാധ്യമങ്ങളോട് പ്രതികരിക്കാതെ ഡൽഹിക്ക് പറഞ്ഞു. 3.40 ലക്ഷം വോട്ട് താൻ നേടുമെന്നായിരുന്നു അനിലിന്റെ പ്രതീക്ഷ. അതിന് കാരണമായി പറഞ്ഞത് മോദിയുടെ സന്ദർശനവും താൻ മുന്നോട്ടു വച്ച വികസന സങ്കൽപ്പവുമാണ്. എന്നാൽ, കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ ഉണ്ടാക്കിയ ഒരു ചലനം ആവർത്തിക്കാൻ അനിലിന് കഴിഞ്ഞില്ല. വോട്ടിങ് നില അറിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെ അദ്ദേഹം ഡൽഹിക്ക് മടങ്ങി. സ്ഥാനാർത്ഥി നിർണയം മുതൽ വിവാദത്തിൽ കുടുങ്ങിയ ആളാണ് അനിൽ കെ. ആന്റണി. പി.സി. ജോർജിനെയോ മകൻ ഷോണിനെയോ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി അനിലിന്റെ വരവ്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ മകൻ എന്ന നിലയിലാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പത്തനംതിട്ടയിലേക്ക് അയച്ചത്. കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ ഇട്ട അടിത്തറ 2,97,396 വോട്ടായിരുന്നു. ഇതിനൊപ്പം ഒരു 30,000 വോട്ടു കൂടി നേടിയാൽ വിജയിക്കാമെന്നായിരുന്നു കണക്കു കൂട്ടൽ. പക്ഷേ, 2,34,406 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. മറ്റ് രണ്ടു സ്ഥാനാർത്ഥികളോടും വോട്ടർമാർക്ക് വിമുഖതയുള്ളതിനാൽ അനിൽ കെ. ആന്റണി വിജയിക്കുമെന്നും വോട്ട് വിഹിതം 32 ശതമാനമാകുമെന്നും പ്രീ പോൾ സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽപ്പോലും എൻ.ഡി.എ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോവുകയായിരുന്നു.