തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ വിമർശിച്ചു വയനാട്ടിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങളെ അറിയിക്കാമായിരുന്നുവെന്ന് ആനി രാജ. അക്കാര്യം മറച്ചുവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നും ആനി രാജ പറഞ്ഞു.

രാഹുലിന്റെ നടപടി രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർത്ഥികളുടെ അവകാശമാണ്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാണത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യം പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ല. ഇതിനായുള്ള ചർച്ചകൾ പാർട്ടി ആഴ്ചകൾക്കു മുന്നേ തുടങ്ങിയിട്ടുണ്ടാകും. തീരുമാനമായിട്ടില്ലെങ്കിലും ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നത് ചർച്ചയിലുണ്ട് എന്ന് പറയാൻ രാഹുലിന് ധാർമികമായ ബാധ്യതയുണ്ടായിരുന്നുവെന്നും ആനി രാജ ഓർമിപ്പിച്ചു.

രാഹുൽ എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ് മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും പോലും വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വയനാട്ടിൽ രണ്ടാമതും മത്സരിച്ചത്. സന്ദർഭത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു. വയനാട്ടിൽ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്നു ആനി രാജ.

അതേസമയം പ്രിയങ്ക ഗാന്ധി ഇക്കുറിയും തെരഞ്ഞെടുപ്പ് പോരാട്ടാത്തിന് ഉണ്ടാവില്ല. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയായിരിക്കും അമേഠിയിൽ മത്സരിക്കുക. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മെയ് മൂന്നാണ്. രണ്ട് സീറ്റുകളും ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. ഇവിടെ മെയ് 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. സോണിയ ഗാന്ധി രാജ്യസഭ അംഗമായതിനെ തുടർന്ന് റായ്ബറേലിയിലെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു.

ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിങ്ങായിരിക്കും റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ എതിരാളി. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ദിനേശ് പ്രതാപ് സിങ്ങിനെ സോണിയ ഗാന്ധി പരാജയപ്പെടുത്തിയിരുന്നു. കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. ഏപ്രിൽ 26ന് കേരളത്തിലെ മുഴുവൻ ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായിരുന്നു.

അമേഠിയിൽ മത്സരിക്കുന കിഷോരി ലാൽ ശർമ്മ രാഹുലിന്റെ അടുത്ത അനുയായിയാണ്. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ അമേഠിയിൽ നിന്നും രാഹുൽ ഗാന്ധി എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് രാഹുൽ തോറ്റു.

റായ്ബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുമ്പോൾ സോണിയ ഗാന്ധിയും ഒപ്പമുണ്ടാവുമെന്നാണ് സൂചന. അമേഠിയിൽ മത്സരിക്കുന്ന കിഷോരി ലാൽ ശർമ്മക്കൊപ്പം പ്രിയങ്ക ഗാന്ധിയായിരിക്കും ഉണ്ടാവുക. നേരത്തെ പ്രിയങ്ക ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.