- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ ജോർജിനും സിപിഎമ്മിനും മറുപടി കൊടുത്ത് ആന്റോ ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
പത്തനംതിട്ട: പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ എസ്എഫ്ഐക്കാർ കാമ്പസുകളെ ചോരക്കളമാക്കുന്നുവെന്ന പറഞ്ഞതിന്റെ പേരിൽ തന്നെ ട്രോളിയ സിപിഎമ്മിനും മന്ത്രി വീണാ ജോർജിനും തക്ക മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ജനകോടികളുടെ ജീവിതപ്രശ്നങ്ങൾ കോൺഗ്രസ് ചർച്ചയാക്കുമ്പോൾ കലാലയങ്ങളിൽ വീണ ചോരയെപ്പറ്റി ചർച്ച ചെയ്യാമെന്ന സിപിഎം പറയുന്നതെന്ന് ആന്റോ ഫേസ്‌ബുക്കിൽ കുറിച്ചു.
ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്ക് കൂടി പങ്കെടുത്ത സംവാദത്തിനിടെ എസ്എഫ്‌ഐയുടെ കാമ്പസുകളിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ആന്റോ ആന്റണി ആഞ്ഞടിച്ചിരുന്നു. കേരളത്തിലെ കാമ്പസുകളിൽ എസ്എഫ്‌ഐ നടത്തുന്ന ക്രൂരതകൾ തള്ളിപ്പറയാൻ എൽഡിഎഫും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി തോമസ് ഐസക്കും തയാറുണ്ടോയെന്ന് ആന്റോ ചോദിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെ രക്തസാക്ഷിയാക്കി. കേരള സർവകലാശാലയിൽ കലോത്സവം കലാപോത്സവമാക്കി. വിധികർത്താവായ അദ്ധ്യാപകന്റെ ജീവനെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും എസ്എഫ്‌ഐയുടെ ഈ നയങ്ങളെ തള്ളിപ്പറയാൻ സിപിഎം നേതാക്കൾ തയാറുണ്ടോ? എന്നും ചോദ്യം ഉന്നയിച്ചു.
ഇതിന് മറുപടി പറഞ്ഞ തോമസ് ഐസക്ക് കാമ്പസിൽ കൊല്ലപ്പെട്ട എസ്എഫ്ഐക്കാരുടെ കണക്ക് നിരത്തുകയാണ് ചെയ്തത്.
കേരളത്തിലെ കാമ്പസുകളിൽ ഇന്നേ വരെ മൂന്ന് ഡസനോളം എസ്എഫ്‌ഐ പ്രവർത്തകരായ കുട്ടികൾ കൊലക്കത്തിക്ക് ഇരയായിട്ടുണ്ടെന്ന് തോമസ് ഐസക് മറുപടി നൽകി. ഒരു സംഭവത്തിന്റെ പേരിൽ എസ്എഫ്‌ഐയെ കുറ്റപ്പെടുത്താൻ ഇവർക്ക് അർഹതയില്ല. കെഎസ്‌യുക്കാരായ ആരെയെങ്കിലും കോളജ് കാമ്പസുകളിൽ എസ്എഫ്‌ഐക്കാർ കൊന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ഉള്ള ഒരാളുടെ എങ്കിലും പേര് പറയാൻ ഐസക്ക് ആന്റോയെ വെല്ലുവിളിച്ചു. കൊല്ലപ്പെട്ട എസ്എഫ്‌ക്കൊരുടെ പേര് താനിപ്പോൾ പറയാമെന്നും തോമസ് ഐസക്ക് പറഞ്ഞു. എസ്എഫ്‌ഐക്കാർ മാലാഖമാരല്ലേ എന്ന് ആന്റോ തിരിച്ചടിച്ചു. കൊല്ലപ്പെട്ട കെഎസ് യുക്കാരുടെ പേര് നാളെ പത്രസമ്മേളനം വിളിച്ച് പറയാമെന്നും അദ്ദേഹം അറിയിച്ചു.
അന്ന് ആന്റോ ആന്റണി വിളിക്കുമെന്ന് പറഞ്ഞ പത്രസമ്മേളനം എന്തു കൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ചാണ് സിപിഎമ്മും മന്ത്രി വീണാജോർജും വരെ ആന്റോയെ ട്രോളിയത്. ഇതിന് മറുപടിയാണ് ആന്റോ ഫേസ്‌ബുക്കിൽ കുറിച്ചത്. അതിങ്ങനെ:
രാജ്യം സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. രാജ്യവും ഭരണഘടനയും സ്വാതന്ത്ര്യവും ഒക്കെ നിലനിൽക്കാൻ വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വോട്ട് ചോദിക്കുകയാണ്. ഈ രാജ്യത്തെ ജനകോടികളുടെ ജീവിതപ്രശ്നങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചർച്ചയാക്കുമ്പോൾ കേരളത്തിലെ കലാലയങ്ങളിൽ വീണ ചോരയെപ്പറ്റി ചർച്ച ചെയ്യാം എന്നാണ് സിപിഎം പറയുന്നത്.
ഇന്നിന്റെ സാഹചര്യത്തിൽ പാർലമെന്റ് ഇലക്ഷൻ മുൻനിർത്തി നടത്തേണ്ട ചർച്ച അല്ലെങ്കിൽ പോലും സിദ്ധാർത്ഥനെ പോലെയൊരു കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ എസ്എഫ്ഐയെയും അവരെ സംരക്ഷിക്കുന്ന സിപിഎമ്മിനെയും പറ്റി പരാമർശിക്കാതെ പോകാൻ വയ്യ. ആദ്യമേ തന്നെ പറയട്ടെ കെഎസ് യുവിന് വേണ്ടി സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ തെരുവുകളിൽ കൊല്ലപ്പെട്ട ഞങ്ങളുടെ പ്രവർത്തകരുടെ ഓർമ്മകൾ ഞങ്ങൾക്ക് അഭിമാനമല്ല, ഞങ്ങളുടെ വേദനയാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ നിങ്ങൾ തയ്യാറായിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരാളെയും നഷ്ടപ്പെടില്ലായിരുന്നു എസ്എഫ്ഐക്കാർ ആരെയും കൊന്നിട്ടില്ല എന്നാണ് ആ പ്രസ്ഥാനത്തെ വെളുപ്പിക്കാൻ നടക്കുന്നവർ പറഞ്ഞുവെക്കുന്നത്. ആലപ്പുഴ നഗരത്തിലെ ഒരു സ്‌കൂളിൽ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പോലും സ്‌കൂളിലിട്ട് കൊന്ന ചരിത്രമുണ്ട്, എഴുപതുകളുടെ മധ്യത്തിലെ എസ്എഫ്ഐക്ക്.
80കളിൽ തൃശ്ശൂരിലെ ഫ്രാൻസിസ് കരിപ്പയെ എസ്എഫ്‌ഐ -സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകൾ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ഉടനീളം സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തിയതിന്റെ ഭാഗമായാണ് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ ഇറങ്ങിയ സജിത്ത് ലാലിനെ അങ്ങാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരസ്യമായി കൊലപ്പെടുത്തിയത്
കണ്ണൂരിലെ ഗോവിന്ദനും ആലപ്പുഴയിലെ പത്മരാജനും തുടങ്ങി മട്ടന്നൂരിൽ ഷുഹൈബും പെരിയയിലെ കൃപേഷും ശരത്ത് ലാലും വരെ കെഎസ്‌യു സംഘടന പ്രവർത്തനത്തിന്റെ പേരിൽ എസ് എഫ്ഐക്ക് വേണ്ടി ക്വട്ടേഷൻ സംഘത്തിനാൽ കൊല്ലപ്പെട്ടവരാണ്.
കെഎസ് യു വിന്റെ പ്രവർത്തകരെ കൊല്ലാനായും ആക്രമിക്കാനുമായി എസ്എഫ്ഐ പലപ്പോഴും ഇറക്കുന്നത് ഡിവൈഎഫ്ഐ സിപിഎം ഗുണ്ടകൾക്കൊപ്പം ക്വട്ടേഷൻ സംഘത്തെയും കൂടിയാണെന്നത് കാണാതെ പോകരുത് .
കോളേജിൽ സംഘർഷം ഉണ്ടായപ്പോൾ ആറ്റിൽ ചാടി രക്ഷപ്പെടാൻ നോക്കിയ എതിർ വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകരെ ഇഷ്ടികക്ക് എറിഞ്ഞു കൊന്ന അതിക്രൂരമായ ചരിത്രവും എസ് എഫ്ഐക്ക് ഉണ്ടെന്നത് മറന്നുപോകരുത്. എസ്എഫ്ഐ പ്രസിദ്ധീകരിക്കുന്നത് പോലെ ഒരു നീളൻ 'വ്യാജ രക്തസാക്ഷി പട്ടിക ' ഒന്നും കെഎസ്‌യുവിനില്ല എന്നത് സത്യമാണ്. അപ്പൻഡിക്സ് പൊട്ടി മരിച്ചവരെയും ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ടവരെയും ഒക്കെ കൂട്ടിച്ചേർത്തുകൊണ്ട് രക്തസാക്ഷി പട്ടിക പുറത്തിറക്കി അതിൽ അഭിരമിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ അതിന്റെ പോഷക സംഘടനകൾക്കോ കഴിയില്ല.
ആവർത്തിക്കുന്നു, സംഘടനാ പ്രവർത്തനത്തിന്റെ ഇടയിൽ ഞങ്ങളുടെ പ്രവർത്തകരിൽ നിന്ന് വീണ ചോര ഞങ്ങളുടെ അഭിമാനമല്ല,വേദനയാണ്
എന്റെ ജില്ലയിൽ നിന്നുള്ള ആരോഗ്യമന്ത്രിക്ക് സ്വന്തം വകുപ്പ് ഭരിക്കാൻ അറിയില്ലെങ്കിലും എസ്എഫ്ഐയെ പോലെയുള്ള ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നൂറ് നാവാണ്. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി, സിദ്ധാർത്ഥനെ പോലെ ഒരു കുട്ടി കൊല്ലപ്പെട്ടപ്പോൾ പോലും മൗനം പാലിച്ച താങ്കളോടൊക്കെ ഞാൻ എന്തു മറുപടിയാണ് പറയേണ്ടത്? എന്റെ പാർട്ടിയുടെ പ്രവർത്തകർ അല്ലെങ്കിൽ പോലും പരുമല കോളേജിൽ എസ്എഫ്ഐക്കാർ എറിഞ്ഞു കൊന്ന വിദ്യാർത്ഥികളെ നിങ്ങൾ മറന്നിട്ടില്ലെന്ന് കരുതുന്നു.
കൊല്ലപ്പെട്ടവരുടെ കണക്ക് മാത്രമല്ല സുഹൃത്തുക്കളേ ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് കൊല്ലപ്പെടാതെ പോയ ആയിരക്കണക്കിന് കെ എസ് യു പ്രവർത്തകർ കേരളത്തിലുണ്ട്. അതിക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയവർ, കോളേജിലെ പ്രശ്നങ്ങൾക്ക് പുറത്തുനിന്നും എസ്എഫ്ഐക്ക് വേണ്ടി ഇറങ്ങിയ ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകർക്ക് കയ്യും കണക്കുമില്ല. ഇപ്പോഴും കേരളത്തിൽ ഒരുപാട് ക്യാമ്പസുകളിൽ ഇടിമുറികളിൽ സിദ്ധാർത്ഥന്മാർ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവർ കൊല്ലപ്പെടാത്തതുകൊണ്ട് നമ്മൾ അറിയുന്നില്ല
ഈ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയും അവരെ സംരക്ഷിക്കുന്ന പ്രസ്ഥാനവും ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല.
രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് .രാജ്യ താല്പര്യം മുൻനിർത്തി വോട്ട് ചെയ്യണമെന്നും ചിഹ്നം സംരക്ഷിക്കാൻ മാത്രം ഇറങ്ങിയവർക്കും കൊലയാളികളെയും ക്രിമിനലുകളെയും ചേർത്തുപിടിക്കുന്നവർക്കും ഉചിതമായ മറുപടി കൊടുക്കണമെന്നും ജനാധിപത്യ വിശ്വാസികളോട് സവിനയം അഭ്യർത്ഥിക്കുന്നു.