പത്തനംതിട്ട: തുടർച്ചയായി നാലാം തവണയും താൻ വിജയിക്കുമെന്നും അത് കൃത്യമായ ഭൂരിപക്ഷത്തിലായിരിക്കുമെന്നുമാണ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പറയുന്നത്. പോളിങ് ശതമാനം കുറഞ്ഞതിൽ ഒരു ആശങ്കയുമില്ല. എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. യു.ഡി.എഫിൽ എല്ലാ ബൂത്തുകളിലും കൃത്യമായി വോട്ടുകൾ വീണിട്ടുണ്ട്. എത്ര വോട്ടുകൾക്ക് ജയിക്കുമെന്ന് ഇപ്പോൾ പറയുന്നില്ല. വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്ന് മാത്രം പറയുന്നു. യാതൊരു ആശങ്കയുമില്ല. എൽ.ഡി.എഫിന്റെ കള്ളവോട്ട് ശ്രമം പരാജയപ്പെടുത്തി. കള്ളവോട്ട് ചെയ്ത് സിപിഎം-ബിജെപി ഡീൽ നടന്നിട്ടുണ്ടെന്നും ആന്റോ പറയുന്നു.

ആന്റോ ആന്റണിയുടെ ബഹുഭൂരിപക്ഷത്തോടെയുള്ള വിജയം ഉറപ്പാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് കൂടിയായിരുന്ന ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മണ്ഡലത്തിൽ വോട്ടിങ് ശതമാനത്തിലുണ്ടായിട്ടുള്ള കുറവ് പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷത്തിൽ നേരിയ ഇടിവിന് സാദ്ധ്യതയുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഏകോപനത്തോടെയുള്ള ചിട്ടയായ പ്രവർത്തങ്ങൾ മൂലം പരമാവധി യുഡിഎഫ് വോട്ടുകൾ പോൾ ചെയ്യിക്കാൻ കഴിഞ്ഞതായും ഇത് നല്ല ഭൂരിപക്ഷത്തോടെയുള്ള വിജയം സുനിശ്ചിതമാക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

അഭ്യസ്ത വിദ്യരുടെ തൊഴിൽ ഇല്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരാജയം മൂലമുള്ള അവരുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വോട്ടർ പട്ടിക ശുദ്ധീകരണത്തിലെ കാര്യക്ഷമതയില്ലായ്മയും കഠിനമായ വേനൽ ചൂടും പത്തനംതിട്ടയിലെ പോളിങ് ശതമാനത്തിലെ കുറവിന് കാരണങ്ങളായിട്ടുണ്ട്. സഹകരണ സംഘങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് മോഡൽ കള്ള വോട്ടിന് ഇടതുപക്ഷം കോപ്പുകുട്ടിയിരുന്നെങ്കിലും വോട്ടർ പട്ടികയിൽ പേരുള്ള മരിച്ചവർ, ബൂത്തുകളിൽ എത്തി വോട്ടുചെയ്യുവാൻ സാദ്ധ്യത ഇല്ലാത്ത കിടപ്പു രോഗികൾ, പ്രവാസി വോട്ടർമാർ എന്നിവരുടെ പേര് വിവരങ്ങൾ പ്രത്യേകം തയ്യാറാക്കി വോട്ടെടുപ്പിന് മുമ്പു തന്നെ യു.ഡി.എഫ് ബൂത്ത് ഏജന്റുമാർ പ്രിസൈഡിങ് ഓഫീസർമാർക്ക് കൈമാറിയിരുന്നതായും ഇത് മുൻകൂട്ടി പ്രഖ്യാപിച്ചതും ബൂത്തുകളിലും വെളിയിലുമുള്ള യുഡിഎഫ് പ്രവർത്തകരുടെ സമർത്ഥമായ ജാഗ്രതയും മൂലം ചില സ്ഥലങ്ങളിൽ ഒഴിച്ച് വ്യാപകമായി കള്ള വോട്ടിനുള്ള സിപിഎം ശ്രമം പാളിയതായി സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.

സിപിഎം പക്ഷപാതികളും ഇടതുപക്ഷ സർവീസ് സംഘനാ പ്രവർത്തകരുമായ ബി.എൽ.ഓമാർ യുഡിഎഫ് അനുഭാവികളുടെ വീടുകൾ ഒഴിവാക്കി വോട്ടർ സ്ളിപ്പ് വിതരണം നടത്തിയതായും തെരഞ്ഞടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായും ഡിസിസി പ്രസിസന്റ് കുറ്റപ്പെടുത്തി. നിഷ്പക്ഷവും നീതിപൂർവം സ്വതന്ത്രവും കാര്യക്ഷമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിൽ മറ്റ് മണ്ഡലങ്ങളിൽ എന്ന പോലെ പത്തനംതിട്ട ലോക്സഭാ വരണാധികാരിക്കും മറ്റ് ഉദ്യോഗസ്ഥർക്കും വീഴ്‌ച്ച പറ്റിയതായി അദ്ദേഹം പറഞ്ഞു.

എതിർ സ്ഥാനാർത്ഥികൾ നടത്തിയ നിരവധി ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പോളിങ് ഉദ്യോഗസ്ഥരുടെ പേര് അടങ്ങുന്ന ലിസ്റ്റ് ചോർന്ന സംഭവം ഉൾപ്പെയുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണവും കർശന നടപടികളും ഉണ്ടാകണമെന്നും സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.

എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളുടെ പണാധിപത്യത്തേയും അധികാരത്തിന്റെ അഹന്തയേയും മറ്റ് എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് വിശ്രമരഹിതമായി രാപ്പകൽ ഭേദമെന്യേ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും ഡിസിസി പ്രസിഡന്റ് നന്ദി അറിയിച്ചു.