ന്യൂഡൽഹി: തെരഞ്ഞെടുപ്പു കളത്തിൽ സകല അടവും പുറത്തെടുത്തു ബിജെപി. അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ രാമക്ഷേത്രം വോട്ടാക്കാനുള്ള എല്ലാ തന്ത്രങ്ങളും ബിജെപി തയ്യാറാക്കിയെന്ന വ്യക്തമാകും. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടത്തി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കത്തിന് പിന്നാലെ 'രാമായൺ' ടെലിവിഷൻ സീരിയലിൽ ശ്രീരാമന്റെ വേഷമിട്ട അരുൺ ഗോവിലിനെ മത്സരത്തിനിറക്കിയിരിക്കയാണ് ബിജെപി.

ഉത്തർ പ്രദേശിലെ സ്വന്തം നാട് ഉൾപ്പെടുന്ന മീററ്റ് മണ്ഡലത്തിലാണ് 66കാരൻ ജനവിധി തേടുക. മൂന്നു തവണ മണ്ഡലത്തിൽ എംപിയായിരുന്ന രാജേന്ദ്ര അഗർവാളിനെ മാറ്റിയാണ് ഗോവിലിന് അവസരം നൽകിയത്. ഇതിൽ നിന്നും തന്നെ രാമക്ഷേത്ര വിഷയം സജീവ ചർച്ചയാക്കുമെന്ന് ഉറപ്പാകും.

2021ൽ ബിജെപി അംഗത്വമെടുത്ത ഗോവിൽ ജനുവരിയിൽ അയോധ്യയിൽ നടന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായിരുന്നു. ബിജെപി അനുകൂല പ്രസ്താവനകളിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് നടി കങ്കണ റണാവത്തും 111 അംഗ പട്ടികയിലുണ്ട്.

'മീററ്റിലെ എംപി സ്ഥാനാർത്ഥിയാക്കി വലിയ ഉത്തരവാദിത്തം എന്നെ ഏൽപിച്ച നരേന്ദ്ര മോദിജിക്കും സെലക്ഷൻ കമ്മിറ്റിക്കും ഹൃദയം നിറഞ്ഞ നന്ദി. ബിജെപിയുടെ വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയും പൂർണമായി നിലനിർത്താൻ ഞാൻ എല്ലാ ശ്രമങ്ങളും നടത്തും. ജയ് ശ്രീറാം' -എന്നിങ്ങനെയായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം എക്‌സിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

1977ൽ പുറത്തിറങ്ങിയ 'പഹേലി' എന്ന സിനിമയിലൂടെയായിരുന്നു ഗോവിലിന്റെ അഭിനയ രംഗത്തെ അരങ്ങേറ്റം. എന്നാൽ, 1980കളിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ 'രാമായൺ' എന്ന പരമ്പരയിലെ ശ്രീരാമന്റെ വേഷം ഗോവിലിനെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി. ശേഷം നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.