ന്യൂഡൽഹി: ഡൽഹിയെ ഇളക്കി മറിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കെജ്രിവാൾ, തെരഞ്ഞെടുപ്പ് പ്രചരണം ഇന്നുമുതൽ ആരംഭിക്കും.രാവിലെ 11 മണിക്ക് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന കെജ്രിവാൾ, ഉച്ചയ്ക്ക് ഒരു മണിയോടെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകിട്ട് സൗത്ത് ഡൽഹി മണ്ഡലത്തിലാണ് അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോ. റോഡ് ഷോ വിജയമാക്കാൻ ആണ് ആം ആദ്മി പാർട്ടി യുടെ തീരുമാനം. ഇന്ത്യാ മുന്നണിയും ഇതിൽ ആവേശത്തിലാണ്. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ ഇന്നലെ പുറത്തിറങ്ങിയത്. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കയറണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ വാദങ്ങളെല്ലാം തള്ളിയാണ് ജസ്റ്റിസ് സഢ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതിയുടെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം. ജൂൺ ഒന്ന് വരെ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം നിഷേധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അതിശക്തമായ വാദങ്ങളാണ് മുന്നോട്ടുവച്ചത്. ജാമ്യത്തെ എതിർത്ത് ഇ.ഡി പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യുകയും ചെയ്തിരുന്നു. പ്രചാരണം നടത്തുകയെന്നതു മൗലികാവകാശമോ ഭരണഘടനാവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന് വ്യക്തമാക്കിയുള്ളതായിരുന്നു സത്യവാങ്മൂലം. തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും ഇതിന് മുമ്പ് പ്രചാരണത്തിന് മാത്രമായി ഒരു രാഷ്ട്രീയ നേതാവിനും ജാമ്യം നൽകിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചു.

സ്വന്തം പ്രചാരണത്തിനായി തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാർത്ഥിക്ക് പോലും കസ്റ്റഡിയിലാണെങ്കിൽ ഇടക്കാല ജാമ്യം ലഭിക്കില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം തള്ളിയാണ് ഡൽഹി മുഖ്യമന്ത്രിക്ക് കോടതി ജാമ്യം നൽകിയത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയമെന്ന് ആംആദ്മി പാർട്ടിയും ജാമ്യം ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുമെന്ന് ഗോപാൽ റായും വിശദീകരിച്ചു.

ജൂൺ ഒന്ന് വരെയാണ് ജാമ്യം. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്. എന്നാൽ കോടതി അത് അംഗീകരിച്ചില്ല. ജാമ്യം അനുവദിച്ച കോടതി കർശന ഉപാധികൾ മുന്നോട്ട് വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ ഡൽഹി സെക്രട്ടേറിയറ്റിലേക്കോ പോകരുത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പിടരുത്. ഒരു സാക്ഷിയെയും ബന്ധപ്പെടരുതെന്നുമുള്ള ഉപാധികളാണ് നൽകിയത്. ഇഡിക്കെതിരെയും കോടതിയുടെ പരാമർശം ഉണ്ടായി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിൽ ഇഡിയുടെ കാലതാമസം ചൂണ്ടിക്കാട്ടിയ കോടതി 1.5 വർഷം അന്വേഷണം നടത്തിയതിനാൽ നേരത്തെ അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നെന്ന് നിരീക്ഷിച്ചു.

ജയിലിലേക്ക് പോകുന്നതിനു മുമ്പത്തെ കെജ്രിവാളിനേക്കാൾ കരുത്ത് ജയിലിൽ നിന്ന് ഇറങ്ങുന്ന കെജ്രിവാളിനാണെന്ന യാഥാർഥ്യത്തിനു മുന്നിലാണ് ബിജെപി. അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതോടെ ആം ആദ്മി പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിനും ഇനി ഇരട്ടനാവാണ്. ബിജെപി പ്രധാന ഗുണഭോക്താവായ ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയ ശേഷം തെരഞ്ഞെടുപ്പിന്റെ ഒത്ത നടുക്ക് ബിജെപിയും മോദിസർക്കാറും ഏറ്റുവാങ്ങുന്ന മറ്റൊരു ശക്തമായ ആഘാതമാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം.