ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ, അഭിപ്രായ സർവേകളും വരവായി. ഏറ്റവുമൊടുവിൽ വന്നത് ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റൽ ഓൺലൈനായി നടത്തിയ 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെയും കൂടി വിലയിരുത്തലാകുമെന്ന് നേരത്തെ രാഷ്ട്രീയ കക്ഷികൾ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

പിണറായി സർക്കാറിന്റെ വീഴ്ചകൾ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം. സംസ്ഥാനത്ത് ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം തെറ്റാണെന്നും അഭിപ്രായ സർവേ പറയുന്നു.

മാർച്ച് 13 നും 27 നു ഇടയിലുള്ള കാലയളവിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗ്ലാ, മറാത്തി ഭാഷകളിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലാണ് സർവേ നടത്തിയത്. സർവേയിൽ 7,59,340 പേർ പങ്കെടുത്തു.

പിണറായി സർക്കാറിന്റെ വീഴ്ചകൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മറുപടി നൽകിയത് 83.22 ശതമാനം ആളുകളാണ്. 12.43 ശതമാനം മാത്രമാണ് ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് മറുപടി നൽകിയത്. അതേസമയം, 4.35 ശതമാനം ആളുകൾ അഭിപ്രായമില്ല എന്ന് മറുപടി നൽകി.

കോൺഗ്രസ് പാർട്ടിയിൽനിന്നും മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക് പോവുന്ന പ്രവണത കോൺഗ്രസിന്റെ സാധ്യതകൾക്ക് തിരിച്ചടിയാവുമെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 60.26 ശതമാനം പേരും ഉത്തരം നൽകി. എന്നാൽ തിരിച്ചടിയാവില്ലെന്ന് 31.56 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. അതേസമയം, 8.18 ശതമാനം പേർ അഭിപ്രായമില്ല എന്ന് മറുപടി നൽകി.

രാഹുൽ ഗാന്ധി പ്രഭാവം ഇത്തവണയും കേരളത്തിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വിധി കോൺഗ്രസിന് അനുകൂലമാവില്ല എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. 47.97 ശതമാനം ആളുകളാണ് കോൺഗ്രസിന് ഇത്തവണ രാഹുൽ ഇഫക്ട് ഗുണകരമാവില്ല എന്ന് മറുപടി നൽകിയത്. 43.97 ശതമാനം ഇത്തവണയും രാഹുലിന്റെ സാന്നിധ്യം അനുകൂലമാകും എന്ന് മറുപടി നൽകി.

കേരളത്തിൽ ബിജെപി ഇത്തവണ രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. 71.30 ശതമാനം പേരും ഇത് തെറ്റായ അവകാശവാദമാണെന്നാണ് മറുപടി നൽകിയത്. പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയാണെന്ന് പറഞ്ഞത് 20.14 ശതമാനം ആളുകൾ മാത്രമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് സർവേയിൽ പറയുന്നു.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്